ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ ഓടിക്കാം? ഇന്ത്യയിലെ നിയമപരമായ ഇരുചക്ര വാഹനങ്ങൾ
ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ കഴിയുമോ എന്ന സംശയം പലർക്കുമുണ്ട്. പ്രത്യേകിച്ച് വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും ചെറുദൂര യാത്രക്കാർക്കും ഇത് ഏറെ പ്രാധാന്യമുള്ള വിഷയമാണ്. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം, നിശ്ചിത സാങ്കേതിക പരിധിക്കുള്ളിൽ വരുന്ന ചില ഇരുചക്ര വാഹനങ്ങൾ ലൈസൻസ് ഇല്ലാതെ നിയമപരമായി ഓടിക്കാവുന്നതാണ് എന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. ഇന്ധനവില വർധനയും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും കാരണം ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡാണ്. എന്നാൽ ഇതിന് മറ്റൊരു ട്വിസ്റ്റ് എന്താണെന്ന് കൂടി അറിഞ്ഞാലോ.
കുറഞ്ഞ ചെലവും എളുപ്പമായ ഉപയോഗവും കാരണം നഗരങ്ങളിലും ഗ്രാമങ്ങളിലും ഇവ വ്യാപകമാകുന്നു. ഇതിൽ ചില മോഡലുകൾക്ക് ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ല എന്നതാണ് പ്രധാന ആകർഷണം. എന്തുകൊണ്ടായിരിക്കും ലൈസൻസ് വേണ്ടാത്തത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ലൈസൻസ് വേണ്ടാത്തതിൻ്റെ കാരണങ്ങളാണ് ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ (CMVR) പ്രകാരം, 250 വാട്ടിൽ താഴെ മോട്ടോർ പവർ ഉള്ളതും പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്റർ കൂടാത്തതുമായ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ "നോൺ-ട്രാൻസ്‌പോർട്ട്" വിഭാഗത്തിൽപ്പെടുന്നു. അത് കൊണ്ട് തന്നെ ഇവ ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് നിർബന്ധമല്ല. ഈ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ആർ.ടി.ഒ രജിസ്ട്രേഷനും നമ്പർ പ്ലേറ്റും പല സംസ്ഥാനങ്ങളിലും ആവശ്യമില്ല. ഇൻഷുറൻസ് നിർബന്ധമല്ലെങ്കിലും സുരക്ഷക്കായി എടുക്കുന്നത് നല്ലതാണ്.
Okinawa Lite, ഹീറോ Electric Flash, Hero Electric Atria LX, Lohia Oma Star തുടങ്ങിയവ ഇന്ത്യയിൽ ലൈസൻസ് ഇല്ലാതെ ഓടിക്കാവുന്ന പ്രശസ്ത ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകളാണ്. വിദ്യാർത്ഥികളും സ്ത്രീകളും മുതിർന്നവരും ഇവ വ്യാപകമായി തിരഞ്ഞെടുക്കുന്നു. പ്രവർത്തന ചെലവ് വളരെ കുറഞ്ഞതാണ് ഇവയുടെ മറ്റൊരു നേട്ടമായി പറയേണ്ടത്.

എന്നാൽ എല്ലാ ഇലക്ട്രിക് സ്കൂട്ടറുകളും ലൈസൻസ് ഇല്ലാതെ ഓടിക്കാം എന്നത് തെറ്റായ ധാരണയാണ്. 25 കിലോമീറ്റർ വേഗതയ്ക്ക് മുകളിൽ പോകുന്ന ഹൈ സ്പീഡ് ഇ-സ്കൂട്ടറുകൾക്ക് നിർബന്ധമായും ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവ ആവശ്യമാണ്. നിയമലംഘനം നടത്തിയാൽ പിഴയ്ക്കും കേസിനും കാരണമാകുമെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.
പെട്രോൾ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ ലൈസൻസ് ഒഴിവാക്കൽ നിലവിൽ ഇന്ത്യയിൽ ഇല്ല. 50cc ആയാലും 100cc ആയാലും പെട്രോൾ സ്കൂട്ടർ അല്ലെങ്കിൽ ബൈക്ക് ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്. പഴയ നിയമങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ട്. ലൈസൻസ് ആവശ്യമില്ലാത്ത വാഹനങ്ങൾ ഓടിക്കുമ്പോഴും സുരക്ഷാനിയമങ്ങൾ ബാധകമാണ്. ഹെൽമറ്റ് ധരിക്കൽ പല സംസ്ഥാനങ്ങളിലും നിർബന്ധമാണ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ പോലീസ് നടപടി ഉണ്ടാകും. അതിനാൽ ലൈസൻസ് വേണ്ടെങ്കിലും ഉത്തരവാദിത്വത്തോടെ വാഹനം ഓടിക്കണം.
സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും പ്രായമായ പൗരന്മാർക്കും ലൈസൻസ് ലഭിക്കാത്തവർക്കും ഈ വാഹനങ്ങൾ വലിയ ആശ്വാസമാണ്. കുറഞ്ഞ വേഗത കാരണം അപകടസാധ്യതയും കുറവാണ്. പരിസ്ഥിതി സൗഹൃദമായതിനാൽ ഭാവിയിൽ ഇത്തരം വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ ഓടിക്കാൻ കഴിയുന്നത് 250W-ൽ താഴെ പവർ ഉള്ള, 25km/h വേഗതയ്ക്കുള്ളിൽ വരുന്ന ലോ സ്പീഡ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കു മാത്രമാണ്. വാഹനം വാങ്ങുന്നതിന് മുമ്പ് ഈ നിയമങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നത് സുരക്ഷയ്ക്കും നിയമപരമായ സംരക്ഷണത്തിനും അനിവാര്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








