ഇങ്ങനെ വേണം നിരോധിക്കാന്‍! മോഡിഫിക്കേഷന് മൂക്കുകയറിടാന്‍ ജില്ലാ ഭരണകൂടം കൊണ്ടുവന്ന നിയമം ഉഷാര്‍...
വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ അഥവാ രൂപമാറ്റം വരുത്തുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. എന്നിരുന്നാലും നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോഴും നിരവധി പേര്‍ വാഹനങ്ങള്‍ രൂപമാറ്റം നടത്തി നിരത്തില്‍ ഇറക്കുന്നു. പിടിക്കപ്പെട്ടാലും പിഴ അടച്ച് ഊരിപ്പോരാമെന്നതിനാല്‍ മോഡിഫിക്കേഷന്‍ നിര്‍ബാധം തുടരുന്നു. ഒരു കാര്യം നിരോധിക്കുമ്പോള്‍ അത് പൂര്‍ണമായി തുടച്ച് നീക്കാനായി ലഭ്യത ഇല്ലാതാക്കുക എന്നതാണ് അധികാരികള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. സമാനമായ രീതിയില്‍ വാഹന മോഡിഫിക്കേഷന് മൂക്കുകയറിടാനായി ഇതിന് ഉപയോഗിക്കുന്ന ആക്‌സസറികളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിരോധിച്ചിരിക്കുകയാണ് ഒരു പ്രാദേശിക ഭരണകൂടം. അത് എവിടെ ആണെന്നും പുതിയ നിയമത്തെ കുറിച്ച് വിശദമായും ചുവടെ വായിക്കാം.
ഇന്ത്യയുടെ തിലകക്കുറിയായി നികൊള്ളുന്ന സഞ്ചാരികളുടെ പറുദീസയാണ് ജമ്മു കശ്മീര്‍. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ ഗതാഗതത്തിന് ഓഫ്‌റോഡ് ശേഷിയുള്ള വാഹനങ്ങളും മറ്റുമാണ് ഉപയോഗിച്ച് വരാറുള്ളത്. മലയോര മേഖലകളില്‍ എസ്യുവികളില്‍ കൂടുതലും ആഫ്റ്റര്‍ മാര്‍ക്കറ്റ് ബമ്പറുകളും ഹോണുകളും കാണാറുണ്ട്. എന്നാല്‍ അടുത്തിടെ ജമ്മു ഭരണകൂടം മോഡിഫിക്കേഷന് മൂക്കുകയറിടാന്‍ ഓട്ടോമോട്ടീവ് ആക്‌സസറികള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.

വാഹനങ്ങളില്‍ അനധികൃത രൂപമാറ്റങ്ങള്‍ വരുത്താന്‍ ഉപയോഗിക്കുന്ന ആക്‌സസറികളുടെ വില്‍പ്പന, വാങ്ങല്‍, സംഭരണം, പ്രദര്‍ശനം എന്നിവ നിയമം വഴി നിരോധിച്ചിട്ടുണ്ട്. ജമ്മു ജില്ലാ മജിസ്ട്രേറ്റ് സച്ചിന്‍ കുമാര്‍ വൈശ്യ പുറപ്പെടുവിച്ച ഉത്തരവ് ജമ്മു ജില്ല പരിധിയില്‍ ഉടനടി പ്രാബല്യത്തില്‍ വന്നു. മോട്ടോര്‍ വാഹന നിയമത്തിലെ 52-ാം വകുപ്പ് പ്രകാരമാണ് ഈ നിരോധനം. നിര്‍മ്മാതാക്കള്‍ നല്‍കിയ രജിസ്‌റ്റേര്‍ഡ് സ്‌പെസിഫിക്കേഷനുകളില്‍ മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകളാണ് ഈ വകുപ്പ് പ്രകാരം വിലക്കുന്നത്.
എഞ്ചിനും ബോഡിയും അടക്കമുള്ള പ്രധാന ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് നിയമവിരുദ്ധമാണ്. 'ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023-ലെ സെക്ഷന്‍ 163 പ്രകാരം എനിക്ക് ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ച് അനധികൃത വാഹന രൂപമാറ്റങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതോ സാധ്യതയുള്ളതോ ആയ എല്ലാ ഓട്ടോമോട്ടീവ് ആക്‌സസറികളുടെയും വില്‍പ്പന, വാങ്ങല്‍, സംഭരണം, വിതരണം, പ്രദര്‍ശനം എന്നിവ ജമ്മു ജില്ല പരിധിയില്‍ ഉടനടി നിരോധിച്ചുകൊണ്ട് ഞാന്‍ ഉത്തരവിടുന്നു' ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ഇങ്ങനെ വായിക്കാം.

ഓവര്‍സൈസ് ടയറുകള്‍, പ്രഷര്‍ ഹോണുകള്‍, മ്യൂസിക്കല്‍ ഹോണുകള്‍, മെറ്റാലിക് ബമ്പറുകള്‍, ഹൈ-ഇന്റന്‍സിറ്റി ഹാലജന്‍ ലൈറ്റുകള്‍, ടിന്റഡ് വിന്‍ഡോ ഫിലിമുകള്‍, റൂഫ് റെയില്‍ സ്‌പോയിലറുകള്‍, മോഡിഫൈഡ് എക്സ്ഹോസ്റ്റുകള്‍ എന്നിവയൊന്നും ഇനി ജമ്മു ജില്ലയില്‍ വാങ്ങാന്‍ സാധിക്കില്ല. അനധികൃത രൂപമാറ്റങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഈ ആക്‌സസറികള്‍ ജമ്മുവില്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ നിയമവിരുദ്ധമാണ്.
അനധികൃത വാഹന രൂപമാറ്റങ്ങള്‍ തടഞ്ഞ് പൊതു സുരക്ഷയും സുരക്ഷിതത്വവും വര്‍ധിപ്പിക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ഉത്തരവ് ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, മോട്ടോര്‍ വാഹന നിയമം 1988 എന്നിവ പ്രകാരം പിഴ ചുമത്തും. സമീപകാലത്ത് ജമ്മു ട്രാഫിക് പൊലീസ് മോഡിഫിക്കേഷന്‍ വരുത്തിയ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഒരു ദിവസം മാത്രം നൂറിലധികം വാഹനങ്ങളാണ് കണ്ടുകെട്ടിയത്.

ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ഭരണകൂടം ശക്തമായ നീക്കം നടത്തിയതെന്നാണ് സൂചന. അധികാരികളുടെ തണുപ്പന്‍ സമീപനം കാരണം ജമ്മു കശ്മീരില്‍ അടുത്ത കാലത്തായി ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ധിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നത് വര്‍ധിച്ചതിനൊപ്പം അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന കേസുകളും കൂടി.
മോഡിഫിക്കേഷന്‍ ആക്‌സസറികള്‍ നിരോധിച്ചുവെന്ന് മാത്രമല്ല ഈ നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളും ഭരണകൂടം നല്‍കിയിട്ടുണ്ട്. ഒരു സംയുക്ത സമിതി പരിശോധനകള്‍ നടത്തി നിയമലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും രണ്ടാഴ്ചയിലൊരിക്കല്‍ ജില്ലാ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. നിയമം ഉഷാര്‍ ആണെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കാന്‍ സാധിക്കണം. ജമ്മുവില്‍ നടപ്പാക്കിയ ഈ നിയമത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








