ചുവപ്പ് മാത്രമല്ല, 'വെള്ള' കണ്ടാലും കലിപ്പ്! വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും
പണ്ടൊക്കെ ഒരു വണ്ടി വാങ്ങിയാല്‍ അത് സ്‌റ്റോക്ക് കണ്ടീഷനില്‍ കൊണ്ട് നടക്കുന്നവരായിരുന്നു കൂടുതല്‍. എന്നാല്‍ ഇന്നത്തെ കാലത്ത് വാഹനങ്ങളില്‍ ചെറിയ മോഡിഫിക്കേഷന്‍ വരുത്താത്തവര്‍ വളരെ ചുരുക്കമാണ്. അതില്‍ ഒന്നാണ് കമ്പനി സ്‌റ്റോക്ക് ഹെഡ്‌ലൈറ്റുകള്‍ മാറ്റി ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ നിന്നുള്ളവ ഫിറ്റ് ചെയ്യുന്നത്.
അടുത്ത കാലത്തായി വെളുത്ത നിറത്തിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ ട്രെന്‍ഡിംഗാണ്. ഡിമാന്‍ഡ് കൂടിയതോടെ ഇത്തരത്തിലുള്ള ഹെഡ്‌ലൈറ്റുകളുടെ വില്‍പ്പന കുത്തനെ കൂടിയിരുന്നു. ചില കമ്പനികള്‍ തങ്ങളുടെ വാഹനങ്ങളില്‍ വൈറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും ചിലര്‍ ഇപ്പോഴും പരമ്പരാഗത മഞ്ഞ നിറത്തിലുളള ഹെഡ്‌ലാമ്പുകളാണ് നല്‍കി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് വൈറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ വാങ്ങി വാഹനത്തില്‍ ഘടിപ്പിക്കാറാണ് പതിവ്.

വാഹനം പുറത്തിറക്കുന്ന കണ്ടീഷനില്‍ നിന്ന് വരുത്തുന്ന രൂപമാറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയം. എന്നാല്‍ നമ്മാള്‍ ഈ പറഞ്ഞ പോലെ പരമ്പരാഗത മഞ്ഞ നിറത്തിലുള്ള മഞ്ഞ ലൈറ്റുകള്‍ മാറ്റി വെള്ള നിറത്തിലുള്ള ഹെഡ്‌ലൈറ്റുകള്‍ ഫിറ്റ് ചെയ്യുന്നതും കുറ്റകരമാണെന്ന കാര്യം പലര്‍ക്കുമറിയില്ല. വാഹനം ഏതായാലും ഇത്തരത്തില്‍ അനധികൃത വൈറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഒരു സംസ്ഥാനം.
പൊതുവേ മോഡിഫിക്കേഷനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് കേരളമാണ്. എന്നാല്‍ ഇവിടെ വൈറ്റ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ അനധികൃതമായി സ്ഥാപിക്കുന്നത് വിലക്കിയത് ഗുജറാത്തിലാണ്. ഗുജാറാത്ത് ഗതാഗത വകുപ്പ് ഇത്തരത്തില്‍ ഒരു നിര്‍ദേശം പുറപ്പെടുവിച്ചതായ പ്രാദേശിക മാധ്യമമായ ദേശ് ഗുജറാത്ത് റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് എല്‍ഇഡി ലൈറ്റ് സ്ഥാപിക്കല്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

അനധികൃത ലൈറ്റുകളുമായി നിരത്തിലറങ്ങുന്ന വാഹനങ്ങളെ പിടികൂടാന്‍ ലക്ഷ്യമിട്ട് അഹമ്മദാബാദ് ആര്‍ടിഒ പ്രത്യേക യജ്ഞം ആരംഭിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡ്രൈവുകള്‍ നടത്താനും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും സംസ്ഥാന ഗതാഗത കമ്മീഷണറേറ്റ് എല്ലാ ആര്‍ടിഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയത് വിശയത്തിന്റെ ഗൗരവ സ്വഭാവം എടുത്ത് കാണിക്കുന്നു.
വാഹനങ്ങളില്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് വൈറ്റ് എല്‍ഇഡി ലൈറ്റുകളും അധിക ലൈറ്റുകളും ഘടിപ്പിക്കുന്നത് റോഡ് സേഫ്റ്റിയെ ബാധിക്കുന്നതാണ് ഈ ഒരു നടപടിയിലേക്ക് സര്‍ക്കാറിനെ നയിച്ചത്. വൈറ്റ് എല്‍ഇഡി ലൈറ്റുകള്‍ പുറപ്പെടുവിക്കുന്ന അമിത തെളിച്ചമുള്ള വെളിച്ചം എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കാഴ്ച മറച്ചേക്കാം. ഇത് അപകട സാധ്യത സൃഷ്ടിക്കും. ആഫ്റ്റര്‍ മാര്‍ക്കറ്റ് വൈറ്റ് എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടുള്ള ശല്യം നഗരങ്ങളില്‍ മാത്രമല്ല ദേശീയ പാതകളിലുമുണ്ട്.

ദേശീയപാതകളില്‍ വൈറ്റ് എല്‍ഇഡി ഹെഡ്ലൈറ്റുകളുടെ ഉപയോഗം ഡ്രൈവര്‍മാര്‍ക്കും മറ്റ് വാഹന ഉപയോക്താക്കള്‍ക്കും വലിയ ശല്യം സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല ഇത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അനധികൃത വൈറ്റ് എല്‍ഇഡി ലൈറ്റുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതായി ഗതാഗത കമ്മീഷണര്‍ക്ക് ഒന്നിലധികം പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് ഇത്തരം അനധികൃത രൂപമാറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗുജറാത്തിലെ ഗതാഗത വകുപ്പിനെ പ്രേരിപ്പിച്ചത്.
വൈറ്റ് എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ മാത്രമല്ല ഗതാഗത വകുപ്പിന്റെ ഡ്രൈവില്‍ നടപടി സ്വീകരിക്കുന്നത്. ഭാവിയില്‍ ഇത്തരത്തില്‍ അനധികൃത എല്‍ഇഡി ലൈറ്റുകള്‍ വില്‍ക്കുകയും ഫിറ്റ് ചെയ്ത് നല്‍കുകയും ചെയ്യുന്ന ഓട്ടോ ആക്സസറി കടകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ദേശ് ഗുജറാത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നമ്മുടെ രാജ്യത്ത് വാഹന മോഡിഫിക്കേഷന്‍ നിയമവിരുദ്ധമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഹെഡ്‌ലൈറ്റുകള്‍ ഉള്‍പ്പെടടെയുള്ള ചില പാര്‍ട്‌സുകള്‍ മാറ്റിസ്ഥാപിക്കുന്നത് അത്ര വലിയ തെറ്റായല്ല പലരും കണക്കാക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് റോഡ് ഉപയോക്താക്കള്‍ക്ക് വലിയ ശല്യമാണുള്ളത്. ഗുജറാത്തില്‍ നടപ്പാക്കിയ ഈ നിര്‍ദേശം നമ്മുടെ നാട്ടിലും വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ വാഹനത്തില്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് വൈറ്റ് എല്‍ഇഡി ലൈറ്റുകള്‍ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ഊരിമാറ്റിയാല്‍ പിഴ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാം.


Click it and Unblock the Notifications








