ഇപ്പോൾ 'ഥാര്‍' എന്ന പേര് കറക്റ്റായി! റൂഫിൽ മണൽക്കൂനയിട്ട് ഓടിച്ച യുവാവിന് പൊടിഞ്ഞത് 24000 രൂപ
സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തും കാട്ടിക്കൂട്ടുന്ന ആളുകള്‍ ഇന്ന് നമുക്ക് ചുറ്റും ഉണ്ട്. ഓഫ്‌റോഡ് വാഹനങ്ങള്‍ കൈയ്യില്‍ ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് അര്‍ത്ഥശൂന്യമായ പല പ്രവര്‍ത്തികളും ചെയ്യുന്നവരെ നമുക്ക് കാണാം. ചെയ്യുന്നത് മണ്ടത്തരമാണെന്ന് അറിഞ്ഞിട്ടും ചിലര്‍ അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് 'നെഗറ്റീവ്' പബ്ലിസിറ്റി ആഗ്രഹിച്ചാണ്. അത്തരത്തില്‍ ഒരു മഹീന്ദ്ര ഥാര്‍ (Mahindra Thar) ഉടമ വാഹനത്തിന്റെ മുകളില്‍ മണല്‍ കോരിയിട്ട് പൊതുനിരത്തിലൂടെ ഓടിച്ച് പോകുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. അതിന്റെ കാരണം നമുക്ക് പരിശോധിക്കാം.
സീ ന്യൂസ് പോലെയുള്ള ദേശീയ മാധ്യമങ്ങള്‍ അടക്കം മഹീന്ദ്ര ഥാര്‍ ഉടമ പൊതുനിരത്തില്‍ കാണിക്കുന്ന 'തോന്ന്യവാസ'ത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഖ്യമുള്ള വീഡിയോയില്‍ ഒരാള്‍ കൈക്കോട്ട് ഉപയോഗിച്ച് ഥാറിന്റെ റൂഫിന് മുകളിലേക്ക് മണലിടുന്ന കാഴ്ചയാണ് ആദ്യം കാണാനാകുക. ശേഷം ഈ കറുത്ത നിറത്തിലുള്ള ഥാര്‍ എസ്‌യുവി ഗുരുമുക്തേശ്വര്‍ ഹൈവേയിലൂടെ പാടിപറത്തി ഓടിച്ച് പോകുകയാണ്.

വളരെ പരുക്കന്‍ രീതിയില്‍ അശ്രദ്ധമായിട്ടാണ് ഥാറിന്റെ ഡ്രൈവര്‍ വണ്ടിയോടിക്കുന്നത്. ഥാര്‍ മറ്റ് കാറുകളെ മറികടക്കുമ്പോള്‍ പൊടി പറക്കുന്നുണ്ടായിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് പറയപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടിയാണ് ഥാര്‍ ഡ്രൈവര്‍ ഇത്തരമൊരു സ്റ്റണ്ട് പയറ്റിയത്. ഇത് പോലുള്ള വീഡിയോകള്‍ ക്ഷണനേരം കൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലാകാറുണ്ട്.
പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിന് ഈ വാഹനയുടമയ്‌ക്കെതിരെ യുപി പൊലീസ് നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയില്‍ നമ്പര്‍പ്ലേറ്റ് വ്യക്തമായി കാണുന്നതിനാല്‍ ഥാര്‍ ഉടമയെ കണ്ടെത്തി പിഴ ചുമത്തിയിട്ടുണ്ട്. മുണ്ടാലി സ്വദേശി ഇന്‍സാര്‍ അലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഥാര്‍ എസ്‌യുവി. 24000 രൂപയാണ് അലിക്ക് പിഴ ചുമത്തിയിരിക്കുന്നത്.

സഹയാത്രികരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് കടിഞ്ഞാണിട്ടേ മതിയാകൂ. റൗഫിന്റെ കാറിന്റെ മുകളില്‍ നിന്ന് പൊടി പറന്ന് മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ കാണാം. ഥാറിന്റെ പിന്നില്‍ വന്ന ബൈക്ക് യാത്രികന്റെ കണ്ണില്‍ പൊടിയായിട്ട് ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ പെടാതെ രക്ഷപെട്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ വൈറലായ വീഡിയോയോട് അതിരൂക്ഷമായാണ് നെറ്റിസണ്‍സ് പ്രതികരിക്കുന്നത്.
ഇന്നത്തെ തലമുറയ്ക്ക് റീലിനായി ഏതറ്റം വരെയും പോകാമെന്ന് ഉപയോക്താക്കളിലൊരാള്‍ അവകാശപ്പെട്ടു. ചിലര്‍ സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെ ചോദ്യം ചെയ്യുകയും ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മഹീന്ദ്ര ഥാര്‍ കാര്‍ ഉപയോഗിച്ച് ഇന്ത്യന്‍ നിരത്തുകളില്‍ ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നത് സാധാരമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടണല്‍ പാതയില്‍ രണ്ട് ഥാര്‍ എസ്‌യുവികളുടെ റൂഫില്‍ കാലൂന്നി സിനിമാ സ്‌റ്റൈലില്‍ പോസ് ചെയ്ത യുവാവിന്റെ വീഡിയോ വൈറലായിരുന്നു.

ദേശീയപാതയില്‍ അഭ്യാസം കാണിച്ച ഇസ്മാഈല്‍ ചൗധരിയെന്ന യുവാവിന് പൊലീസ് പിഴയിട്ടിരുന്നു. പിഴയിടുകയും വണ്ടി പിടിച്ചെടുക്കുകയും ചെയ്തിട്ടും ഇത്തരം പ്രവര്‍ത്തികള്‍ക്ക് യാതൊരു പഞ്ഞവും വരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. റീല്‍സില്‍ വൈറലാകാന്‍ വേണ്ടി സഹജീവികളുടെ ജീവന്‍ കൂടി അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ മറ്റ് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടതെന്ന് അധികൃതര്‍ ആലോചിക്കേണ്ടതുണ്ട്.
ഇത്തരം അഭ്യാസങ്ങള്‍ ചെയ്യുന്നവരുടെ ഉദ്ദേശം ശ്രദ്ധിക്കപ്പെടുക എന്നതാണ്. വീഡിയോ വൈറലായിക്കഴിഞ്ഞാല്‍ അവര്‍ പിഴയടച്ച് എളുപ്പം കേസില്‍ നിന്ന് ഊരിപ്പോരും. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടില്‍ ഇത്തരം അഭ്യാസങ്ങളില്‍ ഒട്ടും കുറവ് വരാത്തതും. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ കുറയ്ക്കാന്‍ ആവശ്യമായ എന്തെങ്കിലും നിര്‍ദേശങ്ങള്‍ മാന്യ വായനക്കാര്‍ക്ക് അധികൃതരുടെ മുന്നില്‍ വെക്കാനുണ്ടെങ്കില്‍ അവ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








