കാലങ്ങളുടെ വിശ്വാസ്യതയ്ക്കൊപ്പം 10 ലക്ഷം ബജറ്റിൽ മുഖം മിനുക്കി എത്തുന്ന ഈ കാറുകൾ വീണ്ടും തിളങ്ങുമോ?
ഉത്സവ സീസൺ എന്നത് ഇന്ത്യൻ വിപണിയിൽ വളരെ പ്രധാനമായ ഒരു കാലയളവാണ്, ഈ സമയത്തെ ആവേശം മുതലാക്കി, പല പ്രമുഖ വാഹന നിർമ്മാതാക്കളും പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത് ഒരു പതിവ് കാഴച്ചയാണ്, 2024 -ലും അതേ പതിവ് കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ പിന്തുടരുന്നു. രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയും മഹീന്ദ്രയും ഹോണ്ടയും ഇന്ത്യൻ കാർ വിപണിയെ കൂടുതൽ ഊർജസ്വലമാക്കിക്കൊണ്ട് തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് മോഡലുകൾ പുറത്തിറക്കാനുള്ള വമ്പൻ ഒരുക്കത്തിലാണ്.
ഈ വരാനിരിക്കുന്ന മോഡലുകൾ കാര്യമായ ഉപഭോക്തൃ ശ്രദ്ധ ആകർഷിക്കും എന്ന് പ്രതീക്ഷിക്കുന്നു, മത്സരാധിഷ്ഠിതമായ വില നിർണ്ണയത്തോടെയാവും ഇവ അവതരിപ്പിക്കുക. ഇതിനോടകം വിപണി ഒട്ടനവധി ആരാധകരുള്ള രണ്ട് ജനപ്രിയ സെഡാനുകളുടെയും ഒരു പുതിയ ഇലക്ട്രിക് കോംപാക്ച് എസ്‌യുവിയുടെയും പുതിയ ആവർത്തനങ്ങളുടെ ഇതുവരെ ലഭ്യമായ വിവരങ്ങളുടെ ഒരു ലഘു രൂപമാണ് ഈ ലേഖനത്തിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്.

1. പുതിയ മാരുതി സുസുക്കി ഡിസയർ: പുതിയ തലമുറ മാരുതി സുസുക്കി ഡിസയർ നവംബർ 4 -ന് വിപണിയിൽ അവതരിപ്പിക്കാനാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. വരും ആഴ്‌ചകളിൽ തന്നെ ഇത് ഡീലർഷിപ്പുകളിൽ എത്തും എന്ന കാര്യത്തിലും സംശയമില്ല. കോംപാക്ട് സെഡാൻ പൂർണ്ണമായും നവീകരിച്ച എക്സ്റ്റീരിയർ ലുക്കുമായിട്ടാവും എത്തുന്നത്, കൂടാതെ അപ്പ്ഡേറ്റഡ് ഇൻ്റീരിയറും അവതരിപ്പിക്കും.
അകത്തും പുറത്തും പുതിയ സ്വിഫ്റ്റുമായി നിരവധി ഘടകങ്ങൾ പുതിയ ഡിസയർ പങ്കിടുന്നു. വാഹനത്തിൻ്റെ എക്യുപ്മെന്റ് & ഫീച്ചർ ലിസ്റ്റും പവർട്രെയിൻ ഓപ്ഷനുകളും ഉൾപ്പെടെ സമാനകൾ ഏറെയാണ്. മാനുവൽ, AMT ട്രാൻസ്മിഷൻ ചോയ്‌സുകളുള്ള 1.2 ലിറ്റർ Z -സീരീസ് പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. കൂടാതെ, ഉപഭോക്താക്കൾക്ക് കൂടുതൽ ഇന്ധനക്ഷമതയുള്ള ഓപ്ഷനുകൾ നൽകിക്കൊണ്ട് ഒരു CNG പതിപ്പും മാരുതി ഇതിനൊപ്പം വാഗ്ദാനം ചെയ്യും.

2. ന്യൂ ജെൻ ഹോണ്ട അമേസ്: ഈ കലണ്ടർ വർഷം അവസാനിക്കുന്നതിന് മുമ്പ്, പുതിയ തലമുറ അമേസ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട. ഇന്ത്യൻ വിപണിയിൽ പ്രധാന എതിരാളിയായ മാരുതി സുസുക്കി ഡിസയറിനു സമാനമായി, വരാനിരിക്കുന്ന അമേസിന് അതിൻ്റെ എക്സ്റ്റീരിയർ, ഇൻ്റീരിയർ ഡിസൈനുകളിൽ ഒട്ടനവധി അപ്‌ഡേറ്റുകളുമായി എത്തും.
എന്നിരുന്നാലും, നിലവിലുള്ള എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് മോഡലിൽ നിർമ്മാതാക്കൾ മാറ്റാൻ കാര്യമായ സാധ്യതയുണ്ട്. എക്യുപ്മെന്റുകളുടെയും ഫീച്ചറുകളുടേയും ലിസ്റ്റ് കൂടുതൽ വിപുലമായിരിക്കും എന്ന കാര്യത്തിലും സംശയം വേണ്ട. അതോടൊപ്പം യാത്രക്കാരുടെ മികവുറ്റ സംരക്ഷണത്തിനായി പുതിയ സുരക്ഷാ സാങ്കേതികവിദ്യകളും കമ്പനി അവതരിപ്പിക്കും.

3. മഹീന്ദ്ര XUV 3XO ഇവി: ഈ വർഷം അവസാനത്തോടെ XUV 3XO -യുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. XUV 3XO ഇവി മോഡലിൽ XUV 400-ൽ കാണപ്പെടുന്ന ചെറിയ ബാറ്ററി പായ്ക്ക് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
സിംഗിൾ ചാർജിൽ 400 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് നൽകുന്നു. ടാറ്റ പഞ്ച് ഇവി, എൻട്രി ലെവൽ നെക്‌സോൺ ഇവി വേരിയൻ്റുകളോട് ഇത് മത്സരിക്കും. ഏകദേശം 10 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലയ്ക്ക് ഈ ഇവിയെ മഹീന്ദ്ര അവതരിപ്പിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








