ഇന്ത്യയിലെത്തുന്ന 'പറക്കുംകോട്ട'; ഇതിനകത്തെ രഹസ്യങ്ങളറിഞ്ഞാല്‍ അത്ഭുതപ്പെടും!
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് സെപ്റ്റംബര്‍ ഒമ്പതിന് (ശനി) ന്യൂഡല്‍ഹിയില്‍ തുടക്കമാകുകയാണ്. ഉച്ചകോടിയുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കം ലോകത്തെ ശക്തരായ പല നേതാക്കളും പങ്കെടുക്കുന്നതിനാല്‍ ഡല്‍ഹി കനത്ത സുരക്ഷ വലയത്തിലാണ്.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇന്ത്യയിലെത്തും. വമ്പന്‍ കസ്റ്റമൈസേഷന് വിധേയമായ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലാണ് ജോ ബൈഡന്‍ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുക. നേരത്തെ യുഎസ് പ്രസിഡന്റ് സഞ്ചരിക്കുന്ന എയര്‍ഫോഴ്‌സ് വിമാനത്തെ എയര്‍ ഫോഴ്‌സ് വണ്‍ എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 28000, 29000 എന്നീ ടെയില്‍ കോഡുകളുള്ള രണ്ട് ബോയിംഗ് 747-200B സീരീസ് വിമാനങ്ങളാണ് എയര്‍ഫോഴ്സ് വണ്ണില്‍ ഉള്‍പ്പെടുന്നത്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ വിമാനത്തെ കുറിച്ച് പറയുമ്പോള്‍ ഇതിന്റെ ഉയരം അറിയുമ്പോള്‍ തന്നെ നമ്മള്‍ മൂക്കത്ത് വിരല്‍ വെക്കും. 63 അടിയാണ് ഈ വിമാനത്തിന്റെ ഉയരം. അതായത്. ഏകദേശം ഒരു 6 നില കെട്ടിടത്തിന്റെ ഉയരത്തിന് തുല്യമാണിത്. ഇതിന് 232 അടി നീളം വരും. 195 അടിയാണ് ഈ വിമാനത്തിന്റെ ചിറകുകളുടെ നീളം.
മണിക്കൂറില്‍ 600 മൈല്‍ ആണ് എയര്‍ഫോഴ്സ് വണ്ണിന്റെ പരമാവധി വേഗത. അതായത് മണിക്കൂറില്‍ 965 കിലോമീറ്റര്‍ വേഗതയില്‍ വിമാനം പറക്കും. ഇന്ധനം തീര്‍ന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യേണ്ട ആവശ്യവും ഇതിനില്ല. എയര്‍ഫോഴ്‌സ് വണ്ണില്‍ മറ്റൊരു വിമാനത്തില്‍ നിന്ന് മിഡ് എയര്‍ റീഫ്യുവലിംഗ് സൗകര്യമുണ്ട്. അതിനാല്‍ ഈ വിമാനത്തിന് തുടര്‍ച്ചയായി എത്രദൂരം വേണമെങ്കിലും പറക്കാന്‍ കഴിയും.

വിമാനത്തിന്റെ സുരക്ഷ വശങ്ങള്‍ നോക്കിയാല്‍ ആണവാക്രമണത്തെ ചെറുക്കാനുള്ള ശേഷി എയര്‍ഫോഴ്‌സ് വണിനുണ്ട്. ശത്രുക്കളുടെ മിസൈല്‍ ആക്രമണങ്ങളെ ചെറുക്കാനുള്ള പ്രതിരോധ സംവിധാനങ്ങളും രഹസ്യമാക്കി വെച്ച ഇലക്ട്രോണിക് ജാമറുകളും ഇതിന്റെ സുരക്ഷ സവിശേഷതകളില്‍ ചിലത് മാത്രമാണ്. വിമാനയാത്ര പൊതുവേ ചെലവേറിയതാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാമല്ലോ. യുഎസ് പ്രസിഡന്റ് സഞ്ചരിക്കുന്ന എയര്‍ഫോഴ്സ് വണ്‍ ഒരു മണിക്കൂര്‍ പറക്കാന്‍ ഏകദേശം 2 ലക്ഷം ഡോളറാണ് ചെലവ്.
ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ ഏകദേശം 1.70 കോടി രൂപ വരും. അത്യാധുനിക സുരക്ഷയും ആഡംബര സൗകര്യങ്ങളുമാണ് എയര്‍ഫോഴ്‌സ് വണ്ണിന്റെ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നത്. വിശാലമായ വിമാനത്തിന്റെ അകത്ത് 70 പേര്‍ക്ക് വരെ യാത്ര ചെയ്യാം. ഈ വിമാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനായി ഒരു 'സ്യൂട്ട്' ഒരുക്കിയിട്ടുണ്ട്. ഇതില്‍ വലിയ ഓഫീസ്, കോണ്‍ഫറന്‍സ് റൂം തുടങ്ങി സൗകര്യങ്ങളുമുണ്ട്.

സീനിയര്‍ അഡൈ്വസര്‍മാര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്‌സും അകത്തുണ്ട്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ തക്കവണ്ണം എയര്‍ഫോഴ്സ് വണ്ണില്‍ എല്ലാവിധ മെഡിക്കല്‍ സൗകര്യങ്ങളും സജ്ജമാണ്. ഒരു ഡോക്ടര്‍ ഈ വിമാനത്തില്‍ സദാസമയവും സേവനത്തിനുണ്ടാകും. ഭക്ഷണത്തിനും വിപുലമായ സൗകര്യങ്ങളാണ് ഈ എയര്‍ക്രാഫ്റ്റിനകത്തുള്ളത്. ഭക്ഷണം തയ്യാറാക്കുന്ന 2 ഹാളുകളില്‍ ഒരേസമയം 100 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനാകും.
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യത്തിന്റെ തലവനെ സംരക്ഷിക്കാന്‍ അവര്‍ ഇത്രയെങ്കിലും ഒരുക്കണ്ടേ എന്ന് തോന്നിപ്പോകും. അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റായതിനാല്‍ ശത്രുക്കളുടെ ഭീഷണി എപ്പേഴുമുണ്ടാകും. അതിനാല്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന് എയര്‍ഫോഴ്സ് വണ്‍ പോലെ വിപുലമായ സുരക്ഷാ സംവിധാനങ്ങളുള്ള വിമാനങ്ങള്‍ അത്യന്താപേക്ഷിതമാണ്.
എയര്‍ഫോഴ്‌സ് വണിനൊപ്പം ഇന്ത്യയിലെത്തുന്ന ബൈഡന് സഞ്ചരിക്കുന്നതിനായി ഔദ്യോഗിക വാഹനമായ 'ദി ബീസ്റ്റ്' കാര്‍ഗോ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും. ഓരോ തവണ വിദേശ സന്ദര്‍ശനം നടത്തുമ്പോഴും അവിടങ്ങളിലെ മറ്റ് വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം ഈ കസ്റ്റമൈസ്ഡ് കാര്‍ യുഎസില്‍ നിന്ന് കയറ്റി അയച്ച് ഉപയോഗിക്കുകയാണ് യുഎസ് പ്രസിഡന്റ് ചെയ്യാറുള്ളത്.
അസാധാരണമായ സുരക്ഷാ ഫീച്ചറുകളാണ് കാഡിലാക് വണിന്റെ ഏറ്റവും പുതിയ ആവര്‍ത്തനമായ ഈ കവചിത ലിമോസിന്‍ മോഡലിനെ മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ബോംബ് ആക്രമണങ്ങളെപ്പോലും അതിജീവിക്കുന്ന തരത്തിലാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാത്രിയിലെയും പകല്‍ സമയത്തെയും പ്രസിഡന്റിന്റെ യാത്രകള്‍ സുരക്ഷിതമാക്കാന്‍ തക്കവണ്ണം അതീവ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ കസ്റ്റമൈസ്ഡ് കാറിന്റെ നിര്‍മാണം.


Click it and Unblock the Notifications








