ഐഫോണ്‍ 17 പ്രോമാക്‌സിന്റെ വിലയിൽ വാങ്ങാവുന്ന മികച്ച യൂസ്ഡ് കാറുകള്‍! ചിന്തിച്ച് തീരുമാനിക്കൂ
ഓരോ വര്‍ഷവും ആപ്പിള്‍ പ്രേമികള്‍ സെപ്റ്റംബര്‍ മാസമാകാന്‍ കാത്തിരിക്കാറുണ്ട്. സെപ്റ്റംബറിലാണ് ടെക് ഭീമന്‍ പുതിയ ഐഫോണ്‍ അടക്കം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറുള്ളത്. ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ ആപ്പിള്‍ പുതിയ ഐഫോണ്‍ 17 സീരീസ് ആഗോള തലത്തലല്‍ പുറത്തിറക്കി. ഇന്ത്യയില്‍ ഐഫോണ്‍ 17 പ്രോ മാക്‌സിന്റെ വില 1.5 ലക്ഷം രൂപ (256 GB)മുതല്‍ 2.3 ലക്ഷം (2TB) രൂപ വവെ പോകുന്നു. ഇക്കുറിയും വിമാനത്തില്‍ ദുബായില്‍ പോയി ഐഫോണ്‍ വാങ്ങി വന്നാലും ഇന്ത്യയിലെ അത്രയും വില വരില്ലെന്നതാണ് സത്യം.
ടെക് ലോകത്ത് നടക്കുന്ന ഈ ചര്‍ച്ച എന്തിന് ഇവിടെ പറയണം മിസ്റ്റര്‍ എന്ന് ചോദിക്കാന്‍ വരട്ടെ. ഇത്രയും വില കൂടിയ ഗാഡ്ജറ്റിനായി പൊടിക്കുന്ന പണം കൊണ്ട് നല്ല ചില യൂസ്ഡ് കാറുകള്‍ ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കുമെന്ന കാര്യം ഓര്‍മപ്പെടുത്താനാണ് ഈ ലേഖനം.

ആപ്പിള്‍ ഐ ഫോണ്‍ 17 പ്രോ മാക്‌സ് വാങ്ങാന്‍ ചെലവാകുന്ന തുകയ്ക്ക് പകരം നിങ്ങള്‍ക്ക് സ്വന്തമാക്കാനാകുന്ന 7 യൂസ്ഡ് കാറുകളുടെ പട്ടിക കാര്‍ദേഖോ പങ്കുവെച്ചിട്ടുണ്ട്. പല ബോഡിസ്‌റ്റൈലിലുള്ള മികച്ച ചില കാറുകള്‍ അതിലുണ്ട്. നിങ്ങള്‍ ഒരേ സമയം വാഹനപ്രേമിയും ഗാഡ്ജറ്റ് ലവറുമാണെങ്കില്‍ ഇതൊന്ന് വായിച്ച് നോക്കൂ.
ഹ്യുണ്ടായി ഇയോണ്‍: കുറഞ്ഞ വിലയില്‍ ഒരു എന്‍ട്രി ലെവല്‍ കാര്‍ വേണം എന്നാല്‍ മാരുതി സുസുക്കി ആള്‍ട്ടോ വേണ്ട എന്ന നിലപാടിലുള്ളവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ് ഹ്യുണ്ടായി ഇയോണ്‍. ചെറുതും ക്യൂട്ട് ഡിസൈനുമുള്ള ഇയോണിന്റെ ഏറ്റവും മികച്ച ആകര്‍ഷണങ്ങളില്‍ ഒന്ന് ഇതിന്റെ കാര്യക്ഷമവും ഇന്ധനക്ഷമതയുള്ളതുമായ എഞ്ചിനാണ്. സിറ്റി ഡ്രൈവിങ്ങിന് പറ്റിയ ചെറിയ കാറിന്റെ 2013-2015 മോഡലുകള്‍ 1.5 ലക്ഷം മുതല്‍ 2.2 ലക്ഷം രൂപ പ്രൈസ് റേഞ്ചില്‍ കിട്ടുന്നതാണ്.

ടൊയോട്ട എത്തിയോസ് ലിവ: എത്തിയോസ് സെഡാനെ അടിസ്ഥാനമാക്കിയുള്ള വിശ്വസിനീയവും പ്രായോഗികവുമായ ഹാച്ച്ബാക്കായ എത്തിയോസ് ലിവക്ക് യൂസ്ഡ് കാര്‍ വിപണിയില്‍ മുടിഞ്ഞ മാര്‍ക്കറ്റാണ്. വിശാലമായ അകത്തളവും കുറഞ്ഞ പരിപാലനച്ചെലവുമാണ് ഈ കാറിനെ ജനപ്രിയമാക്കുന്നത്. തലവേദനയില്ലാതെ കൊണ്ടുനടക്കാമെന്നതും ദൈര്‍ഘ്യമേറിയ എഞ്ചിന്‍ ലൈഫുമുള്ള എത്തിയോസ് ലിവയുടെ 2011-2013 മോഡലുകള്‍ 2 ലക്ഷം മുതല്‍ 2.4 ലക്ഷം രൂപ വരെ വിലയില്‍ വാങ്ങാനാകും.
ഹ്യുണ്ടായി i20: ഇന്ത്യയിലെ ആദ്യത്തെ ഫീച്ചര്‍ ലോഡഡ് പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് i20. ഓട്ടോ ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, സണ്‍റൂഫ് പോലുള്ള ഫീച്ചറുകള്‍ അന്നത്തെ കാലത്ത് തന്നെ നല്‍കിയിരുന്ന ഈ കാര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. പോക്കറ്റ് കീറാത്ത വിലയില്‍ മോഡേണ്‍ കാര്‍ വേണമെന്നുള്ളവര്‍ക്ക് 2012-2013 സമയത്ത് ഇറങ്ങിയ ഹ്യുണ്ടായി i20 2.1 ലക്ഷം - മുതല്‍ 2.5 ലക്ഷം രൂപ വരെ വിലയില്‍ വാങ്ങാനാകും.

മാരുതി സുസുക്കി സ്വിഫ്റ്റ്: സ്‌പോര്‍ട്ടി ഡിസൈന്‍, കംഫര്‍ട്ടബിള്‍ റൈഡ്, വിശ്വാസ്യത തുടങ്ങിയ ഘടകങ്ങള്‍ കാരണം സ്വിഫ്റ്റിന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലും ഡിമാന്‍ഡ് ആണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലും സ്വിഫ്റ്റ് ലഭ്യമായിരുന്നു. കുറഞ്ഞ പരിപാലനച്ചെലവ്, ഉയര്‍ന്ന മൈലേജ് എന്നിവയുള്ള ഈ കാറിന്റെ പാര്‍ട്‌സുകള്‍ സുലഭമായി ലഭിക്കും. ഏകദേശം 1.8 മുതല്‍ 2.50 ലക്ഷം രൂപ വരെ മുടക്കിയാല്‍ 2011-2012 സ്വിഫ്റ്റ് കിട്ടും.
ഹോണ്ട സിറ്റി: ഐഫോണ്‍ 17 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാന്‍ പറ്റുന്ന യൂസ്ഡ് സെഡാനും പട്ടികയിലുണ്ട്. മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റിലെ പകരക്കാരില്ലാത്ത താരമായ ഹോണ്ട സിറ്റിയാണ് അത്. 118 PS പവറുള്ള i-VTEC പെട്രോള്‍ എഞ്ചിന്‍, സ്‌പോര്‍ട്ടി ഹാന്‍ഡ്‌ലിങ്, ആകര്‍ഷകമായ ഡിസൈന്‍ എന്നിവയാണ് സിറ്റിയുടെ ഹൈലൈറ്റ്. മികച്ച റീസെയില്‍ വാല്യുവുള്ള സിറ്റിയുടെ പാര്‍ട്‌സും എളുപ്പത്തില്‍ ലഭ്യമാണ്. 2011-2012 സിറ്റി 2 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വിലയില്‍ ലഭ്യമാകും.

ഫോക്‌സ്‌വാഗണ്‍ വെന്റോ: ശക്തമായ ബില്‍ഡ് ക്വാളിറ്റി, സ്മൂത്ത് റൈഡിംഗ്, മികച്ച ഹാന്‍ഡ്‌ലിങ് തുടങ്ങിയവയാണ് ഫോക്‌സ്‌വാഗണിന്റെ കോംപാക്ട് സെഡാന്‍ ആയ വെന്റോ യെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമായിരുന്ന വെന്‍േറായുടെ 2011-2013 മോഡലുകള്‍ 2 മുതല്‍ 2.5 ലക്ഷം രൂപ വിലയില്‍ വാങ്ങാനാകും. പരിപാലനച്ചെലവ് കുറച്ച് കൂടുതലാണെങ്കിലും പ്രീമിയം ഡ്രൈവിംഗ് ഫീല്‍ ആണ് ഈ കാര്‍ സമ്മാനിക്കുക.
ഹോണ്ട ജാസ്: ഇന്ത്യയില്‍ എത്തിയ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കുകളിലൊന്നാണ് ജാസ്. സ്‌പോര്‍ട്ടി ലുക്ക്, വിശാലമായ ക്യാബിന്‍, മാജിക് സീറ്റ്, മികച്ച എഞ്ചിന്‍ പെര്‍ഫോമന്‍സ് എന്നിവയാണ് ഇതിന്റെ പ്രത്യേകത. മികച്ച വിശ്വാസ്യതയും സുഗമമായ ഗിയര്‍ബോക്‌സുമുള്ള ജാസിന്റെ പാര്‍ട്‌സുകള്‍ സുലഭമായി ലഭിക്കും. ഏകദേശം 1.5 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ പ്രൈസ് റേഞ്ചില്‍ 2010-2012 ഹോണ്ട ജാസ് ലഭ്യമാകും.
മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു ഏകദേശ വിലനിലവാരം മാത്രമാണ്. ഈ കാറുകളുടെ കണ്ടീഷനും അവയുടെ ഓട്ടവും ഓരോ സ്ഥലത്തുള്ള ഡിമാന്‍ഡും അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ കൈയ്യില്‍ 1.5 മുതല്‍ 2.5 ലക്ഷം രൂപ വരെയുണ്ടെങ്കില്‍ നിങ്ങള്‍ ലേറ്റസ്്റ്റ് ആപ്പിള്‍ ഐഫോണ്‍ വാങ്ങുമോ അതേ ഡ്രൈവിങ്ങിന്റെ ആനന്ദം നല്‍കുന്ന കാര്‍ വാങ്ങുമോ?. അഭിപ്രായം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








