ലക്ഷങ്ങളുടെ വിലക്കുറവിൽ ഹൈബ്രിഡ് കാറുകൾ വാങ്ങാം! വിറ്റാരയൊക്കെ വൻ ലാഭത്തിൽ വീട്ടിലെത്തും; ബട്ട് ഒരു ട്വിസ്റ്റ്
നല്ല മൈലേജും അത്യാവശം പവറും നൽകിയിരുന്ന ഡീസൽ മോഡലുകളുടെ പിൻവാങ്ങലോടെയാണ് ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡുകൾക്ക് ഒരു രാശി തുടങ്ങിയത് എന്ന് പറയാം. മാന്യമായ പവർ വേണമെങ്കിൽ മൈലേജിന്റെ കാര്യത്തിൽ അല്പം വിട്ടുവീഴ്ച്ച ചെയ്യണം എന്ന പെട്രോൾ ഫോർമുലയ്ക്ക് വളരെ മികച്ച ഒരു ബദലായിട്ടാണ് ഇപ്പോൾ ഹൈബ്രിഡുകൾ നിലകൊള്ളുന്നത്. പവറും തരാം അതിനൊപ്പം മികച്ച മൈലേജും എന്നതാണ് ഹൈബ്രിഡ് കാറുകളെ ഇപ്പോൾ ജനപ്രിയമാക്കുന്ന പ്രധാന ഘടകം. അതിനാൽ തന്നെ രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം ഇപ്പോൾ തങ്ങളുടേതായ ഹൈബ്രിഡ് മോഡൽ നിര വികസിപ്പിക്കുന്നതിന്റെ ഒരുക്കത്തിലാണ്.
ഉപഭോക്താക്കൾക്ക് കൂടുതൽ ആക്സസ് ചെയ്യുന്നതിനായി ഹൈബ്രിഡ് കാറുകളുടെ GST കുറയ്ക്കാൻ ആഗ്രഹിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇപ്പോൾ ഇവികളുടെ വിൽപ്പന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ധനമന്ത്രാലയം ഈ നിർദ്ദേശം നിരസിക്കുകയായിരുന്നു. എന്നിരുന്നാലും, ഉത്തർപ്രദേശ് നിവാസികൾക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. സ്ട്രോംഗ് ഹൈബ്രിഡ് കാറുകളുടെ റോഡ് ടാക്സ് പൂർണമായും ഉത്തർപ്രദേശ് സർക്കാർ ഒഴിവാക്കിയിരിക്കുന്നു എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഈ റിപ്പോർട്ടിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രശസ്തമായ ടൊയോട്ട ഡീലർഷിപ്പായ എസ്പിരിറ്റ് ടൊയോട്ട തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ കിഴിവുകളെ സംബന്ധിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസ്, ടൊയോട്ട ഹൈറൈഡർ, ടൊയോട്ട കാമ്രി തുടങ്ങിയ സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾക്ക്, റോഡ് ടാക്സ് നൽകേണ്ടതില്ല എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
ടൊയോട്ട കാമ്രിക്ക്, ഉപഭോക്താക്കൾക്ക് 4.4 ലക്ഷം രൂപ വരെയും ടൊയോട്ട ഹൈറൈഡറിൽ 2.0 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ ഏറ്റവും ജനപ്രിയ ഇന്നോവ ഹൈക്രോസിൽ 3.10 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും എന്ന് പോസ്റ്റിൽ വ്യക്തമാി പരാമർശിക്കുന്നു. ടൊയോട്ടയുടെ പ്രീമിയം എംപിവിയായ വെൽഫയറിനും ഈ ഓഫറിൽ നിന്ന് പ്രയോജനം ഉണ്ടായിരിക്കും.
ഈ റോഡ് ടാക്സ് ഇളവ് ടൊയോട്ട മോഡലുകളിൽ മാത്രം ഒതുങ്ങുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉത്തർപ്രദേശ് സർക്കാർ മുമ്പ് കേന്ദ്ര ഗതാഗത മത്രി മുമ്പോട്ടും വെച്ച ആശയത്തിന് അനുസരിച്ച് സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങളെ ഉപഭോക്താക്കൾക്ക് കൂടുതൽ ആക്സസ് ചെയ്യുന്നതിനായിട്ടാ് റോഡ് ടാക്സിൽ നിന്ന് ഒഴിവാക്കിയത്.
ടൊയോട്ട മോഡലുകൾ അല്ലാതെ മാരുതി സുസുക്കി ഇൻവിക്ടോ, ഗ്രാൻഡ് വിറ്റാര, ഹോണ്ട സിറ്റി ഹൈബ്രിഡ് തുടങ്ങിയ കാറുകൾക്കും ഈ കിഴിവുകൾ ലഭിക്കാനുള്ള അർഹതയുണ്ട്. ഈ ആനുകൂല്യങ്ങൾ നിലവിലുള്ളപ്പോൾ, ഉത്തർപ്രദേശിൽ നിന്നും അഡ്രസ് പ്രൂഫ് ഉള്ള ഏതൊരു ആളുകൾക്കും ഈ നേട്ടങ്ങൾ കൈവരിക്കാം.
ഇത് മൂലം ഓൺ-റോഡ് വിലയിൽ വലിയ വ്യത്യാസം ഇല്ലാത്തതിനാൽ ഈ കാറുകളുടെ സാധാരണ പെട്രോൾ പതിപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പുകൾ ഇനി പരിഗണിക്കാം. ഈ ഓഫർ നിലവിൽ ഉത്തർപ്രദേശിലെ ഡീലർഷിപ്പുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുയാണ്, എന്നാൽ മറ്റ് അയൽ സംസ്ഥാനങ്ങളും ഇത് പിന്തുടരട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം. കേരളത്തിൽ ഇത്തരം ഒരു തീരുമാനം വന്നിരുന്നെങ്കിൽ വളരെ നന്നായിരുന്നു എന്ന് ഞാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നുണ്ട്.
ഇനി ഹൈബ്രിഡ് കാറുകളിലേക്ക് നീങ്ങുമ്പോൾ, എന്നതാ ഇതിന്റെ ഗുട്ടൻസ് എന്ന് ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സ്ട്രോംഗ് ഹൈബ്രിഡ് കാറിൽ, പെട്രോൾ എഞ്ചിൻ ഇലക്ട്രിക് മോട്ടോറിനൊപ്പം പ്രവർത്തിക്കുന്നു. ഈ സംവിധാനം മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനത്തിൽ, പെട്രോൾ എഞ്ചിനോ ഇലക്ട്രിക് മോട്ടോറോ അല്ലെങ്കിൽ ഇവ രണ്ടും ചേർന്നോ കാർ പ്രവർത്തിപ്പിക്കാം.

വാഹനം സ്റ്റാർട്ട് ചെയ്തു കഴിയുമ്പോൾ, ഇലക്ട്രിക് മോട്ടോർ കാറിനെ മുന്നോട്ട് നീക്കാൻ സഹായിക്കുന്നു. ഒരു നിശ്ചിത വേഗതയിൽ എത്തിയ ശേഷം, അത് തടസ്സമില്ലാതെ പെട്രോൾ എഞ്ചിനിലേക്ക് മാറുന്നു. പെട്രോൾ എഞ്ചിൻ പ്രവർത്തിക്കുമ്പോൾ, കാറിൻ്റെ ബൂട്ടിലോ ഫ്ലോറിലോ സ്ഥാപിച്ചിരിക്കുന്ന ബാറ്ററി ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്യപ്പെടും എന്നതും ശ്രദ്ധിക്കേണ്ടതാണ്. പെട്രോൾ എഞ്ചിൻ പൂർണ്ണമായും ഉപയോഗിക്കാതെ കാർ ഇലക്ട്രിക് മോട്ടോറിൽ മാത്രം പ്രവർത്തിക്കുന്ന ഇവി ഒൺലി മോഡും ഇതിലുണ്ട്.


Click it and Unblock the Notifications








