യുപിക്ക് പിന്നാലെ ഹൈബ്രിഡ് റോഡ് ടാക്സ് നയം മറ്റ് സംസ്ഥാനങ്ങളിലേക്കുമോ? കേരളം ലിസ്റ്റിൽ കാണുമോ?
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്ത് വിൽക്കുന്ന സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങൾ മുഴുവൻ റോഡ് ടാക്സും നിർത്തലാക്കിയ വളരെ സുപ്രധാനവും വിപ്ലവകരവുമായ നീക്കം നടത്തിയത്. ഈ തീരുമാനം വാഹന വിപണിയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്, ഈ ഒറ്റ നീക്കത്തിന്റെ ഫലമായി മാരുതി സുസുക്കിയുടെ ഓഹരി വൻ കുതിച്ചു ചാട്ടമാണ് കൈവരിച്ചത്. ഹൈബ്രിഡ് കാറുകൾ, ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ നീക്കം ഹൈബ്രിഡ് കാറുകളെ കൂടുതൽ ആകർഷകമാക്കുക മാത്രമല്ല, മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മികച്ച മാതൃകയും കാഴ്ച്ചവെയ്ക്കുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ ഇത് പിന്തുടരുമോ ഇല്ലയോ എന്നത് നമ്മൾ കാര്യമായി വിശകലനം ചെയ്യേണ്ട കാര്യമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ഈ ഹൈബ്രിഡ് മോഡലുകളുടെ റോഡ് നികുതി ഒഴിവാക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിൻ്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ഹൈബ്രിഡ് വാഹനങ്ങളുടെ GST 48 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയ്ക്കണം എന്ന് കേന്ദ്ര ഗതാഗത മന്ത്രി ഗഡ്ഗരി നേരത്തെ നിർദ്ദേശം മുന്നോട്ടു വെച്ചിരുന്നു. നിർഭാഗ്യവശാൽ, ഈ അഭ്യർത്ഥന ധനമന്ത്രി നിർമല സീതാരാമൻ കാര്യമായി ശ്രദ്ധിച്ചതുമില്ല നടപടികൾ സ്വീകരിച്ചതുമില്ല. എന്നാൽ ഈ റോഡ് ടാക്സ് ഇളവിലൂടെ ഗഡ്ഗരിയുടെ ആഗ്രഹം തൻ്റെ പുതിയ 'സുഹൃത്ത്' യോഗി ആദിത്യനാഥിലൂടെ നിറവേറിയതായി പറയാം.
ഇക്കാര്യത്തിൽ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല, പക്ഷേ ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാനുള്ള തൻ്റെ ആഗ്രഹത്തെക്കുറിച്ച് ഗഡ്ഗരി വളരെ ശക്തമായി തന്നെ പറഞ്ഞിരുന്നു, കേന്ദ്ര സർക്കാർ അത് നിരസിച്ചപ്പോൾ, യുപി സംസ്ഥാന സർക്കാർ തീർച്ചയായും ഈ ആശയത്തോട് കൂടുതൽ തുറന്ന് സമീപനമാണ് സ്വീകരിച്ചത്.

സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങൾക്ക് സമാനമായ നികുതി ഇളവുകൾ അയൽ സംസ്ഥാനങ്ങളും നൽകാനുള്ള നല്ല സാധ്യത ഉണ്ടെന്ന് പല വാഹന വിദഗ്ധരും ഉറച്ചു വിശ്വസിക്കുന്നു. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന എന്നിവയാണ് യുപിയുടെ അയൽക്കാർ. ഇപ്പോൾ ഇക്കൂട്ടരാണ് ഏറ്റവും സമ്മർധം അനുഭവിക്കുന്നത്.
സ്ട്രോംഗ് ഹൈബ്രിഡ് കാർ വാങ്ങുന്നവർക്ക് ഈ ഇളവ് നൽകുന്നതിൽ ഈ സംസ്ഥാനങ്ങൾ ഉത്സാഹം കാണിച്ചില്ല എങ്കിൽ, നികുതിയിളവ് ലഭിക്കുന്നതിനും കാര്യമായ പ്രയോജനങ്ങൾ നേടുന്നതിനും ഉത്തർപ്രദേശിൽ ഹൈബ്രിഡ് കാറുകൾ വാങ്ങാനും രജിസ്റ്റർ ചെയ്യാനും ജനങ്ങൾ വളരെയധികം പ്രലോഭിപ്പിക്കപ്പെടും എന്നും ഞങ്ങൾ വിശ്വസിക്കപ്പെടുന്നു. ഇത് പിന്നീട് കാർ രജിസ്ട്രേഷനിൽ കാര്യമായ മാറ്റങ്ങൾക്ക് ഇടയാക്കും.

അതിനാൽ, ഉപഭോക്താക്കളെ നിലനിർത്തുന്നതിനും സ്വന്തം വിപണി കൈവിട്ടു പോവുന്നത് ഒഴിവാക്കാനും സമാനമായ പ്രോത്സാഹനങ്ങൾ അവതരിപ്പിക്കാൻ ഇത് അയൽ സംസ്ഥാനങ്ങളെ വ്യക്തമായി പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഈ റോഡ് ടാക്സ് ഇളവ് വാഗ്ദാനം ചെയ്യുന്ന അടുത്ത സംസ്ഥാനമായി ഹരിയാന മാറും എന്ന് പലരും വിശ്വസിക്കുന്നു.
കാരണം ഇത് മാരുതി സുസുക്കിയുടെ ഒരു അടിത്തറയാണ് ഇവിടം. ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾക്ക് സംസ്ഥാനത്ത് ഒരു പ്രൊഡക്ഷൻ ബേസുണ്ട്. ഇപ്പോൾ, ഹരിയാന സർക്കാർ ഈ ഇളവ് വാഗ്ദാനം ചെയ്താൽ, അത് മാരുതി സുസുക്കിക്ക് വീണ്ടും കാര്യമായ നേട്ടമുണ്ടാക്കും. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഉണ്ടായിട്ടില്ല.
നിലവിൽ ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ എന്നിങ്ങനെ രണ്ട് സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകളാണ് കമ്പനിക്കുള്ളത്. എന്നാൽ ഭാവിയിൽ ഫ്രോങ്ക് ഹൈബ്രിഡ്, ബലേനോ ഹൈബ്രിഡ്, സ്വിഫ്റ്റ് ഹൈബ്രിഡ്, ഡിസയർ ഹൈബ്രിഡ്, ബ്രെസ ഹൈബ്രിഡ് എന്നിങ്ങനെ തങ്ങളുടെ ഹൈബ്രിഡ് മോഡൽ നിര വൻതോതിൽ വിപുലീകരിക്കാനാണ് കമ്പനിയുടെ പ്ലാൻ. മാരുതിയെ കൂടാതെ ടൊയോട്ടയും, ഹോണ്ടയും ഈ പദ്ധതികൾ കാര്യമായി ചർച്ച ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








