അതിവേഗം, ബഹുദൂരം... വന്ദേ ഭാരതില്‍ ഇനി കിടുന്നുറങ്ങി പോകാം; ഒരുങ്ങുന്നത് ലോകോത്തര സൗകര്യങ്ങളോടെ
ഇന്ത്യയില്‍ റെയില്‍ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ട്രെയിനാണ് വന്ദേ ഭാരത്. കേരളത്തിന് ലഭിച്ച വന്ദേ ഭാരത് ട്രെയിനുകളില്‍ ടിക്കറ്റുകള്‍ ലഭിക്കാന്‍ ദിവസങ്ങള്‍ മുമ്പേ ബുക്ക് ചെയ്യണമെന്ന വസ്തുത തന്നെ ഈ ട്രെയിനുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് അടിവരയിടുന്നു. ഇപ്പോള്‍ വന്ദേഭാരത് ചെയര്‍ കാറുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വന്ദേ ഭാരതില്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാര്യം ഏവര്‍ക്കും അറിയാം. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എങ്ങനെയെണ്ടെന്ന് കാണിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അതിനെ കുറിച്ച് വിശദമായി അറിയാം.
കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം പിന്നിടാന്‍ സഹായിക്കുന്നുവെന്നതാണ് വന്ദേ ഭാരതിനെ ജനപ്രിയമാക്കുന്നത്. അതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളും ഈ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള 77 റൂട്ടുകളിലായി 51 വന്ദേ ഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. കാസര്‍ഗോഡ്-തിരുവനന്തപുരം റൂട്ടില്‍ രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു. എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ ഒരു വന്ദേ ഭാരത് ഓട്ടം തുടങ്ങിയെങ്കിലും ഇപ്പോള്‍ അതിന്റെ സര്‍വീസ് നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന വേഗതയും ആഡംബര സൗകര്യങ്ങളും കണക്കിലെടുത്ത് ജനങ്ങള്‍ ഈ ട്രെയിനുകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതിനാല്‍ റെയില്‍വേയും ഇവയെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നു. എയര്‍ കണ്ടീഷനിംഗ്, ബയോ ടോയ്ലറ്റുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍ എന്നിങ്ങനെ വിവിധ ആധുനിക ഫീച്ചറുകളാണ് വന്ദേ ഭാരത് ട്രെയിനുകളില്‍ ഉള്ളത്. എന്നാല്‍, സ്ലീപ്പര്‍ കോച്ചുകള്‍ ഇല്ലാത്തത് ദീര്‍ഘദൂര യാത്രകള്‍ക്ക് പരിമിതിയായി.
ഇത് പരിഹരിക്കുന്നതിനായാണ് ഇന്ത്യന്‍ റെയില്‍വേ ബാംഗ്ലൂരിലെ ബിഇഎംഎല്‍ കോച്ച് ഫാക്ടറിയില്‍ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. പുതിയ സ്ലീപ്പര്‍ കോച്ചുകള്‍ നിലവിലുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ ആഡംബരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്രക്കാര്‍ക്ക് കുളിമുറിയും ചൂടുവെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കുന്നു. ഓരോ ബെര്‍ത്തിലും യുഎസ്ബി ചാര്‍ജിംഗും റീഡിംഗ് ലൈറ്റുകളും ഉണ്ടായിരിക്കും. ഇത് രാത്രി യാത്രയില്‍ യാത്രക്കാര്‍ക്ക് സൗകര്യമായിരിക്കും.

ബാംഗ്ലൂരില്‍ പുതുതായി നിര്‍മിച്ച വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രോട്ടോടൈപ്പിന്റെ വീഡിയോ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു. 10 ദിവസത്തെ ട്രയല്‍ റണ്ണിന് ശേഷം ഈ കോച്ചുകള്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ സംയോജിപ്പിക്കും. ട്രയല്‍ കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ സ്ലീപ്പര്‍ കോച്ചുകളുള്ള രണ്ട് മൂന്ന് വന്ദേ ഭാരത് ട്രെയിനുകള്‍ പ്രതിമാസം അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 16 കോച്ചുകളായിരിക്കും ഉണ്ടാകുക. അതില്‍ 11 എണ്ണം എസി 3 ടയര്‍ ആയിരിക്കും. നാല് എസി 2 ടയര്‍ കോച്ചുകളും 1 എസി ഫസ്റ്റ് ക്ലാസ് കോച്ചുമാണ് ഉണ്ടാകുക. 3 ടയര്‍ എസി സ്ലീപ്പര്‍ കോച്ചുകളില്‍ 611 കിടക്കകളും സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ 188 കിടക്കകളും ഫസ്റ്റ് ക്ലാസില്‍ 24 കിടക്കകളും ഉള്‍പ്പെടെ മൊത്തം 823 ബെര്‍ത്തുകളാണ് ട്രെയിനില്‍ കാണുക.

ഈ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. സുരക്ഷാ ക്യാമറകള്‍, പൊതു അറിയിപ്പുകള്‍ക്കായുള്ള സ്പീക്കറുകള്‍, വികലാംഗരായ യാത്രക്കാര്‍ക്കുള്ള പ്രത്യേക ടോയ്ലറ്റുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം താണ്ടുന്ന ട്രെയിനുകള്‍ ആണെങ്കിലും ഇവ ഇപ്പോള്‍ രാത്രികാലങ്ങളില്‍ സര്‍വീസ് നടത്തുന്നില്ല.
ദീര്‍ഘദൂര യാത്ര പോകുന്നവര്‍ പ്രധാനമായും രാത്രിയുള്ള ട്രെയിനുകളെ ആശ്രയിക്കാറാണ് പതിവ്. നല്ല വൃത്തിക്ക് കിടന്നുറങ്ങി ദൂര സ്ഥലങ്ങളിലുള്ള തങ്ങളുടെ ജോലിക്കും മറ്റും പോകാന്‍ വേണ്ടിയാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ ബുക്ക് ചെയ്യുന്നത്. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 800 മുതല്‍ 1200 കിലോമീറ്റര്‍ വരെ ദൂരമുള്ള നഗരങ്ങളെ തമ്മില്‍ വരെ ബന്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.
അപ്പോള്‍ പിന്നെ പണമല്ല സൗകര്യമാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന ഒത്തിരി യാത്രക്കാര്‍ ഉറപ്പായും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളെ ഏറ്റെടുക്കും. ഈ നൂതന സ്ലീപ്പര്‍ കോച്ചുകള്‍ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ദീര്‍ഘദൂര യാത്രകളില്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സൗകര്യവും ഇത് നല്‍കും.


Click it and Unblock the Notifications








