വന്ദേഭാരത് ഇനി ജെറ്റ് പോലെ പറക്കും; പരീക്ഷണയോട്ടത്തിൽ ഞെട്ടിച്ച വേഗതയുമായി റെയിൽവേ
രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണല്ലോ റെയിൽവേ. ഒരു ദിവസ തന്നെ ലക്ഷകണക്കിനാളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇന്ത്യൻ റെയിവേയെ സംബന്ധിച്ചിടത്തോളം പുതിയ ട്രെയിനുകളും അത് പോലെ തന്നെ പുതിയ സംവിധാനങ്ങളും അവതരിപ്പിക്കേണ്ടതായിട്ടുണ്ട്. അതിവേഗ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഇപ്പോൾ വലിയ വാർത്തയായിരിക്കുകയാണ്. ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാ്. വെസ്റ്റ് സെൻട്രൽ റെയിൽവേ വിഭാഗം നടത്തിയ പരീക്ഷണത്തിൽ, സവായ് മാധോപൂർ-കോട്ട-നാഗ്ദ സെക്ഷനിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയാണ് കൈവരിച്ചത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ICF) ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡും (BEML) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ലീപ്പർ ട്രെയിൻ, വന്ദേ ഭാരത് പ്ലാറ്റ്‌ഫോമിനെ രാത്രികാല റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്. ഭാരം കുറഞ്ഞ ബോഡി ഡിസൈനും പുതിയ എയറോഡൈനാമിക് നോസ് സെക്ഷനും ബോഗി ഡിസൈനുമാണ് ഇതിന്റെ പ്രധാന സവിശേഷതകളാണ് എടുത്തു പറയേണ്ടത്.

സവായ് മാധോപൂർ-കോട്ട-നാഗ്ദ ലൈനിൽ നടത്തിയ നിയന്ത്രിത പരീക്ഷണത്തിൽ ട്രെയിൻ 180 കിലോമീറ്റർ വേഗതയിൽ സ്ഥിരതയും ബ്രേക്കിംഗ് പ്രതികരണവും ട്രാക്ഷൻ കൃത്യതയും നിലനിർത്തിയത് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഈ സ്ലീപ്പർ പതിപ്പ് കോർണറുകളിലും വളവുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചതായി വെസ്റ്റ് സെൻട്രൽ റെയിൽവേ സ്ഥിരീകരിച്ചിട്ടുണ്ട്.
വന്ദേ ഭാരതിന്റെ പുതിയ സ്ലീപ്പർ കോൺഫിഗറേഷനിൽ 16 പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത കോച്ചുകളാണുള്ളത്. ഓട്ടോമാറ്റിക് ഡോറുകൾ, സീൽ ചെയ്ത ഗാംഗ്‌വേകൾ, തുടർച്ചയായ വിൻഡോ റോ എന്നിവയെല്ലാമാണ് ഇതിന്റെ പ്രത്യേകതകൾ. 11 എസി ത്രീ-ടയർ, നാല് എസി ടു-ടയർ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ പോലുള്ള രാത്രികാല റൂട്ടുകൾക്കായി ഡിസൈൻ ചെയ്തിട്ടുള്ളതാണ്.

അകത്തേക്ക് നോക്കിയാൽ വന്ദേ ഭാരത് സ്ലീപ്പറിൽ അടച്ച സ്ലീപ്പിംഗ് ബേകൾ, മെച്ചപ്പെട്ട എയർ കണ്ടീഷനിംഗ്, ശബ്ദരഹിതമായ ഇന്റീരിയറുകൾ എന്നിവയെല്ലാ തനന്െ നിങ്ങളുടെ യാത്രകൾ കൂടുതൽ സുഖകരമാക്കും.കൂടാതെ, യൂണിഫോം കൂളിംഗിനായി ഡ്യുവൽ എയർ ഡക്‌ടുകളും ഓട്ടോമാറ്റിക് ഡിമ്മിംഗ് ഉള്ള എൽഇഡി ലൈറ്റിംഗും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ദീർഘദൂര യാത്രകളിൽ കൂടുതൽ സുഖം നൽകുന്നതിനായി മെച്ചപ്പെടുത്തിയ വൈബ്രേഷൻ ഡാംപിംഗും അപ്ഗ്രേഡ് ചെയ്ത ഫ്ലോർ ഇൻസുലേഷനും BEML കോച്ചുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരമ്പരാഗത ലോക്കോമോട്ടീവിന് പകരം സെൽഫ് പ്രൊപ്പല്ലഡ് കോച്ചുകൾ ഉപയോഗിക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ട്രാക്ഷൻ സിസ്റ്റത്തിലൂടെയാണ് ട്രെയിനിന് വൈദ്യുതി ലഭിക്കുന്നത്. ഇത് 140 സെക്കൻഡിനുള്ളിൽ ട്രെയിനിനെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു. ഓരോ മോട്ടോർ കോച്ചിലും റീജനറേറ്റീവ് ബ്രേക്കിംഗും ട്രാക്ഷൻ കൺവെർട്ടറുകളും ഘടിപ്പിച്ചിട്ടുണ്ട്.
ബ്രേക്കിംഗ്, യാത്രാസുഖം, ഊർജ്ജ കാര്യക്ഷമത എന്നിവ വിലയിരുത്തുന്നതിനായി 2025 ഡിസംബർ വരെ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്. RDSO സർട്ടിഫിക്കേഷന് ശേഷം, വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ വാണിജ്യ സർവീസ് 2026-ന്റെ തുടക്കത്തിൽ പ്രധാന മെട്രോ നഗരങ്ങൾക്കിടയിലുള്ള ദീർഘദൂര റൂട്ടുകളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഏകദേശം 50 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകൾ ഘട്ടം ഘട്ടമായി നെറ്റ്വർക്കിൽ ഉൾപ്പെടുത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ICF-ഉം BEML-ഉം ഉൽപ്പാദന ചുമതലകൾ പങ്കിടുമ്പോൾ, അന്തിമ അസംബ്ലി ചെന്നൈയിലെ പ്ലാൻറിൽ വച്ചായിരിക്കും നടക്കുക എന്നാണ് റെയിവേ അറിയിച്ചിരിക്കുന്നത്.
ഇപ്പോൾ നിലവിലുള്ള രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് പകരമായിട്ടാണ് വന്ദേ ഭാരത് സ്ലീപ്പർ വികസിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെടുത്തിയ ഇന്റീരിയറുകളും ശബ്ദം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകളും വഴി യാത്രാ സമയം കുറയ്ക്കാനും അതോടൊപ്പം തന്നെ യാത്രക്കാർക്ക് ഉയർന്ന യാത്രാസുഖം നൽകാനും ഇതിന് കഴിയുമെന്ന വിലയിരുത്തലിലാണ് ഇന്ത്യൻ റെയിൽവേ.


Click it and Unblock the Notifications








