തള്ള് തള്ള് തള്ള് വന്ദേ ഭാരത്; ട്രെയിൻ വലിച്ചുകൊണ്ടുപോകുന്ന വീഡിയോ വൈറൽ
കാറുകളും ബസും,ബൈക്കും, ഓട്ടോയും ലോറിയുമെല്ലാം കെട്ടിവലിച്ചു കൊണ്ട് പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ഒരു ട്രെയിൻ മറ്റൊരു ട്രെയിനിനെ വലിച്ചുകൊണ്ട് പോകുന്നത് അൽപ്പം രസകരമായ ഒരു കാര്യം തന്നെയാണ്. ഒരു പഴയ ട്രെയിൻ വന്ദേ ഭാരത് ട്രെയിനിനെ വലിച്ചു കൊണ്ട് പോകുന്ന വീഡിയോ സമൂഹമാധ്യമത്തിൽ എല്ലാം വൈറലാണ്.
25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ വൈറലായപ്പോൾ, ആളുകൾക്ക് അതിനെ കുറിച്ച് വലിയ രീതിയിലുളള കമൻ്റുകളാണ് ചെയ്യുന്നത്. വീഡിയോ വൈറലാകുകയും നിരവധി കമൻ്റുകൾ വരുന്നതും കണ്ട് കേന്ദ്ര റെയിൽവേ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. വീഡിയോയിൽ കാണുന്നത് കമ്മീഷൻ ചെയ്യുന്നതിന് മുൻപുളള ട്രെയിനാണ്. ട്രാക്കിലേക്ക് ചേർക്കുമ്പോൾ റൂട്ട് നിർണയിക്കുന്നതിനും, ലോക്കോ പൈലറ്റിന് പരിശീലനം നൽകുവാനുമാണ് ഈവിധം കെട്ടിവലിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ. വടക്കേ ഇന്ത്യയിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വെന്നിക്കൊടി പാറിച്ച ശേഷമാണ് കേരളത്തിലെ ട്രാക്കുകളിലേക്കും ഇപ്പോൾ അപ്രതീക്ഷിതമായി എത്തിയത്.
നാല് വർഷങ്ങൾക്ക് മുമ്പ് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് പുറത്തിറക്കുന്നത്. എന്തായാലും മാറ്റത്തിന്റെ പാതയിലേക്ക് കേരളത്തിലെ ട്രെയിൻ ഗതാഗതവും എത്തുന്നുവെന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണ്. കെ-റെയിലിന് പകരമാവില്ലെങ്കിലും മറ്റ് ഗതാഗത സൗകര്യങ്ങളേക്കാൾ വേഗത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ ഈ സെമി ഹൈ-സ്പീഡ് തീവണ്ടി യാത്രക്കാരെ അനുവദിക്കും.
തിരുവനന്തപുരത്തു നിന്നും 50 മിനിറ്റില്‍ കൊല്ലത്തെത്തിയ ട്രെയിന്‍ രണ്ടേകാല്‍ മണിക്കൂറുകൊണ്ട് ട്രയല്‍ റണ്ണില്‍ കോട്ടയത്ത് എത്തി. അതേസമയം 4 മണിക്കൂര്‍ 20 മിനിറ്റിൽ തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്താനും ഈ ട്രെയിന് സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. 16 കോച്ചുകളുള്ള ട്രെയിനാണ് വന്ദേഭാരത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയും ഇതു തന്നെ. കേരളത്തിലെ ട്രാക്കുകളിലെ വേഗത പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പരമാവധി 160-180 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് പറയുന്നത്.
'ട്രെയിൻ 18' എന്നറിയപ്പെട്ടിരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും കഴിയും. പക്ഷേ ഇവയെല്ലാം ട്രാക്കുകളുടെ നിലവാരവും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. മണിക്കൂറിൽ 160-180 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രവർത്തന വേഗത.
ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട് എന്നതിനാൽ ഇത് ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു. 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഇത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിൽ തിരിക്കേണ്ടി വരുന്ന സമയം വരെ ലാഭിക്കാൻ സഹായിക്കും. ഇനി അകത്തേക്ക് കയറിയാൽ സാധാരണ ട്രെയിനുകളിൽ നിന്നും ഏറെ വ്യത്യസ്‌തവും ആധുനികവുമാണ് ഇവ. ഭൂരിഭാഗം പാർട്‌സുകളും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കിൽ പറയാം.
ശരാശരി ഇന്ത്യൻ ട്രെയിനുകളിലെ കടും നീല നിറത്തിലുള്ള സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി വന്ദേ ഭാരതിൽ എല്ലാ ക്ലാസുകളിലും ചാരിയിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത് ദീർഘദൂര യാത്രകളെ ലക്ഷ്യംവെച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നതും. എക്സിക്യൂട്ടീവ് കോച്ചുകൾക്ക് 180-ഡിഗ്രി തിരിക്കാവുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്. സാധാരണ ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച് സീറ്റിംഗ് കപ്പാസിറ്റി പോലും വളരെ കൂടുതലാണ് വന്ദേ ഭാരതിന്. ആകെ 1,128 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയാണ് ഈ സെമി ഹൈ-സ്പീഡ് തീവണ്ടിക്കുള്ളത്.


Click it and Unblock the Notifications








