മലയാളി വിദ്യാര്‍ഥികളുടെ 'വണ്ടി'-ക്ക് അന്താരാഷ്ട്ര അവാർഡ്; ഇ-കാര്‍ നിർമിച്ചത് മാലിന്യ വസ്തുക്കളിൽ നിന്നും
ഇന്റര്‍നാഷനല്‍ എനര്‍ജി എഫിഷ്യന്‍സി മത്സരത്തില്‍ അവാര്‍ഡ് സ്വന്തമാക്കി മലയാളി വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഇലക്ട്രിക് കാര്‍. 19 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച കാറിന് 'വണ്ടി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആഗോള മത്സരത്തില്‍ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ ഇലക്ട്രിക് കാര്‍ നിര്‍മ്മിച്ചത്. അടുത്തിടെ ഇന്തോനേഷ്യയില്‍ നടന്ന ഷെല്‍ ഇക്കോ-മാരത്തണ്‍ (എസ്ഇഎം) 2022 എന്ന രാജ്യാന്തര ഊര്‍ജ കാര്യക്ഷമത മത്സരത്തില്‍ അവാര്‍ഡ് നേടിയ ഇവികളില്‍ ഒന്നായിരുന്നു 'വണ്ടി' ഇലക്ട്രിക് കാര്‍.

ഡ്യൂപോണ്ടില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ ടെക്നിക്കല്‍ ഇന്നൊവേഷന്‍, ഇന്റര്‍നാഷണല്‍ ഫോര്‍ സേഫ്റ്റി അവാര്‍ഡ് എന്നിവയ്ക്കുള്ള പ്രത്യേക പരാമര്‍ശവും ഇതിന് ലഭിച്ചു. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് ബാര്‍ട്ടണ്‍ ഹില്ലിലെ മെക്കാനിക്കല്‍ സ്ട്രീമില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കാറിന് പിന്നില്‍. അസിയാ ടെക്നോളജീസിന്റെ മെന്റര്‍ഷിപ്പിലായിരുന്നു ഇലക്ട്രിക് കാര്‍ നിര്‍മിച്ചത്.

'പ്രവേഗ' എന്ന് പേരിട്ടിരിക്കുന്ന 19 വിദ്യാര്‍ത്ഥികളുടെ സംഘം ഇവന്റിന്റെ അന്താരാഷ്ട്ര തലത്തിലേക്ക് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടിയ അഞ്ച് ടീമുകളില്‍ ഒന്നാണ്. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇലക്ട്രിക് കാറിന് ഏകദേശം 80 കിലോഗ്രാം ഭാരമുണ്ട്. വണ്ടിക്ക് ഒരു സീറ്റ് മാത്രമാണുള്ളത്. പരമാവധി വേഗത 27 കിലോമീറ്ററാണ്. 10 മാസംകൊണ്ടാണ് പ്രോട്ടോടൈപ്പ് ഇലക്ട്രിക് വാഹനം പ്രവേഗ പൂര്‍ത്തിയാക്കിയെടുത്തത്.

പ്രകൃതിയിൽ നിന്നും, മാലിന്യങ്ങളിൽ നിന്ന് റീസൈക്കിൾ ചെയ്തതുമായ വസ്തുക്കൾ കാറിന്റെ നിർമാണത്തിൽ ഉപയോഗിച്ചു എന്നതാണ് ഞങ്ങളുടെ കാറിനെ വ്യത്യസ്തമാക്കുന്നത്. ഒപ്റ്റിമൽ എയറോഡൈനാമിക്സും കുറഞ്ഞ ഭാരവും ഉപയോഗിച്ച്, കാർബൺ പുറം തള്ളൽ ഏറ്റവും കുറഞ്ഞ അളവിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ടൈഗര്‍ ഷാര്‍ക്ക് ബയോമിമിക്രിയെ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥികള്‍ വണ്ടി ഇലക്ട്രിക് കാറിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. ഒരു ക്യാപ്സ്യൂള്‍ പോലെ കാണപ്പെടുന്ന ഇതിന് മൂന്ന് ചക്രങ്ങളുണ്ട്. രണ്ടെണ്ണം മുന്‍വശത്താണ് ഘടിപ്പിച്ചിരിക്കുന്നത്. സസ്റ്റെയ്നബിള്‍ എനര്‍ജി ടെക്നോളജീസ് ആന്‍ഡ് അസസ്മെന്റ്സിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത നൂതന ബാറ്ററി തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം ഉള്ള ഒരു ഇലക്ട്രിക് ഡ്രൈവ്‌ട്രെയിന്‍ ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഡ്രൈവര്‍മാര്‍ മയങ്ങുന്നത് കണ്ടെത്തുന്നതിനുള്ള ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സംവിധാനം ഉള്‍പ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളും വണ്ടി ഇലക്ട്രിക് കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്രൈവര്‍ വാഹനമോടിക്കാന്‍ യോഗ്യനാണോയെന്ന് പരിശോധിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന നോണ്‍-ഇന്‍ട്രൂസീവ് സെന്‍സറുകള്‍ സിസ്റ്റം ഉപയോഗിക്കുന്നു.

ഗ്രാന്റുകളും മറ്റ് സര്‍ക്കാര്‍ പദ്ധതികളും സ്വീകരിക്കുന്നതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ലഭിച്ചു.

'ഇത് ഞങ്ങള്‍ക്ക് ശരിക്കും ഒരു നേട്ടമാണ്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിന് ഞങ്ങളുടെ എഞ്ചിനീയറിംഗ് കഴിവുകള്‍ ഉപയോഗപ്പെടുത്താനും വിശാലമാക്കാനും ഈ പ്രോജക്റ്റ് ഞങ്ങള്‍ക്ക് ഒരു അവസരം വാഗ്ദാനം ചെയ്തു' പ്രവേഗ ടീം ലീഡര്‍ കല്യാണി എസ് കുമാര്‍ പറഞ്ഞു. ഇ-മൊബിലിറ്റി രംഗത്തെ ടെക്‌നോളജി ലീഡറായ ആക്സിയയുടെ പിന്തുണ, ഇലക്ട്രോണിക്, സോഫ്റ്റ്‌വെയർ ഡിസൈനും സ്ട്രാറ്റജിയും ഏറ്റവും മികച്ചതാക്കാൻ തങ്ങളെ വളരെയധികം സഹായിച്ചതായും കല്യാണി വ്യക്തമാക്കി.

ഈ മൂല്യം ഉള്‍ക്കൊള്ളുന്ന ഒരു വൈദ്യുത വാഹനം സൃഷ്ടിക്കുന്നതില്‍ ഒരു ഉപദേഷ്ടാവ് എന്ന നിലയില്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ നയിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് അസിയ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന മൈലേജുള്ള ഐസിഇ, ഇലക്ട്രിക് കാറുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര മത്സരമാണ് ഷെല്‍ ഇക്കോ മാരത്തണ്‍.


Click it and Unblock the Notifications