വീരപ്പമോയ്‌ലിക്ക് ഓട്ടറിക്ഷയിലെന്താ കാര്യം?
കൂടുന്ന എണ്ണച്ചെലവ്, കുറയുന്ന ഖനിജ ഇന്ധനശേഖരം, വര്‍ധിക്കുന്ന വാഹനപ്പെരുപ്പം, അധികരിക്കുന്ന മലിനീകരണം, ഭീകരമായ തോതില്‍ ഉയരുന്ന ഹരിതഗൃഹഭേദനശ്രമങ്ങള്‍ തുടങ്ങിയ വലിയ പ്രശ്‌നങ്ങളെ ഒന്നാകെ ഏറ്റെടുത്ത് ചെറിയൊരു പരിഹാരം നിര്‍ദ്ദേശിക്കുകയായിരുന്നു കേന്ദ്ര എണ്ണമന്ത്രി വീരപ്പമൊയ്‌ലി. എല്ലാവരും തങ്ങളുടെ തൊഴിലിടങ്ങളിലേക്കും മറ്റുമുള്ള യാത്രയ്ക്കായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക. സ്വാഭാവികമായും ചോദ്യങ്ങള്‍ വന്നു. മന്ത്രിമാര്‍ സഞ്ചരിക്കുന്ന കാറുകള്‍ക്ക് എസ്‌കോര്‍ട് പോകുന്ന വണ്ടികളുടെയും മറ്റും കണക്കുകള്‍ എണ്ണിപ്പറഞ്ഞ് അവയുണ്ടാക്കുന്ന മലിനീകരണം, സാമ്പത്തികനഷ്ടം തുടങ്ങിയവ വെണ്ടക്കയിട്ട് നിരത്തി ചിലര്‍. വീരപ്പമൊയ്‌ലി ഉടന്‍ തന്നെ മാതൃകാപുരുഷനായി അവതരിച്ചു.
എല്ലാ ബുധനാഴ്ചയും താന്‍ ഓഫീസിലേക്കും തിരിച്ചും പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ദില്ലി നഗരത്തില്‍ കാഴ്ചക്കാര്‍ക്ക് വലിയ കൗതുകമുണ്ടാക്കുന്ന രംഗങ്ങള്‍ക്ക് വഴിതെളിച്ചു.

ഷെയര്‍ ഓട്ടോറിക്ഷ, ഡിടിസി ബസ്സ്, മെട്രോ റെയില്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് മോയ്‌ലിയുടെ യാത്ര.

ഒക്ടോബര്‍ 9 മുതലാണ് വീരപ്പ മൊയ്‌ലിയുടെ ബുധനാഴ്ചയാത്രകള്‍ തുടങ്ങിയത്.

ഓഫീസില്‍ നിന്നിറങ്ങിയാല്‍ നേരെ കൃഷിഭവന്‍ ബസ്സ് സ്റ്റോപ്പിലേക്ക് നടക്കും. അവിടെ നിന്ന് താമസ സ്ഥലമായ റേസ് കോഴ്‌സിലേക്ക് 781 നമ്പര്‍ ബസ്സ് പിടിക്കും.

15 മിനിറ്റ് മാത്രമേ വേണ്ടൂ മോയ്‌ലിയുടെ വീടെത്താന്‍.

ബസ്സിലും ട്രെയിനിലുമെല്ലാം മോയ്‌ലിയെ കണ്ട് ചിലര്‍ സീറ്റ് ഒഴിഞ്ഞു നല്‍കിയെങ്കിലും അദ്ദേഹം നിഷേധിച്ചു.

തന്റെ നീക്കത്തെ പുകഴ്ത്തിക്കൊണ്ട് ഇമെയിലുകളും കത്തുകളുമെല്ലാം തനിക്ക് ലഭിക്കുന്നുണ്ടെന്ന് മോയ്‌ലി പറയുന്നു.

എണ്ണമന്ത്രിയുടെ തീരുമാനത്തില്‍ കുടുങ്ങിയത് മന്ത്രാലയത്തിലെ ഓഫീസര്‍മാരാണ്. എല്ലാ ബുധനാഴ്ചയും ഇവരും കാര്‍ ഒഴിവാക്കുന്നുണ്ട് ഇപ്പോള്‍ എന്നാണ് കേള്‍വി.

എണ്ണമന്ത്രാലയത്തിന് കീഴിലുള്ള 14 എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥരോടും ഒരു ദിവസം പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം വെച്ചിട്ടുണ്ട് മോയ്‌ലി.

എണ്ണ വാങ്ങുന്നതിനായി 142 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ ചെലവിട്ടത്.

അമേരിക്കയോട് വിധേയത്വം പുലര്‍ത്തുന്ന സര്‍ക്കാര്‍നയം മൂലം വിലകുറഞ്ഞ് എണ്ണ കിട്ടാനുള്ള സാധ്യതകളിലേക്ക് നോക്കുവാനും ഇന്ത്യയ്ക്ക് സാധിക്കാത്ത അവസ്ഥയുണ്ട്.

മോയ്‌ലിയുടെ നീക്കങ്ങള്‍ എത്രത്തോളം അനുകരിക്കപ്പെടുമെന്നത് കണ്ടുതന്നെ അറിയണം.


Click it and Unblock the Notifications








