ലൈസൻസ് ടെസ്റ്റിലേക്ക് ശ്രദ്ധ കൂടിയപ്പോൾ ഫിറ്റ്നസ് ടെസ്റ്റ് അവതാളത്തിൽ; ഇതും മുഖ്യമല്ലേ മന്ത്രി സാറേ?
അടുത്തിടെ നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് ടെസ്റ്റിലും ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനത്തിലും എല്ലാം കാര്യമായ മാറ്റങ്ങളാണ് സർക്കാർ കൊണ്ടു വന്നിരിക്കുന്നക്. വാരി കോരിയുള്ള ലൈസൻസ് വിതരണത്തിനു പകരം ശരിയായി ഡ്രൈവിംഗ് അറിയാവുന്നവർക്ക് മാത്രം ലൈസൻസ് എന്ന തീരുമാനവും വളരെ നല്ലതു തന്നെ. വഴിയിൽ വാഹനവുമായി ഇറങ്ങുന്നവർക്ക് ഒരു മിനിമം സ്റ്റാൻഡേർഡ് ഉണ്ടാവും എന്ന് ഉറപ്പുണ്ടാവുമല്ലോ. ഇത്തരത്തിലുള്ള പരിഷ്കരണങ്ങളും മാറ്റങ്ങളും നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സിസ്റ്റത്തെ മെച്ചപ്പെടുത്താം. ഇക്കാര്യങ്ങൾ എല്ലാം അടിപൊളിയാണ് എന്നാൽ, മറുവശത്ത് ഈ നടപടികൾ കാരണം മറ്റ് പല സംവിധാനങ്ങളുടേയും താളം തെറ്റിയിരിക്കുകയാണ് എന്ന് പറയാതിരിക്കാൻ വയ്യ.
ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കര്‍ശനമാക്കിയപ്പോള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന അവതാളത്തിലായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുമ്പ് ആഴ്ചയില്‍ അഞ്ച് ദിവസവും നടന്നിരുന്ന ഫിറ്റ്നസ് പരിശോധന ഇപ്പോൾ വെറും രണ്ട് ദിവസമായി ചുരുക്കിക്കൊണ്ടാണ് കർശനമാക്കിയ ഡ്രൈവിംഗ് ടെസ്റ്റിന് കൂടുതല്‍ സമയം നല്‍കിയത് എന്നതാണ് വാസ്തവം.

നിലവിൽ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയുന്നതിലും ഇരട്ടി വാഹനങ്ങളാണ് കുറിക്കപ്പെട്ട ഈ ദിവസങ്ങളില്‍ ഫിറ്റ്നസ് ടെസ്റ്റിനായി എത്തുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ വേഗത്തിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ശ്രമം ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല. ഇതോടെയാണ് ഫിറ്റ്നസ് ടെസ്റ്റിനുള്ള ദിവസങ്ങൾ വെട്ടിച്ചുരുക്കി ഡ്രൈവിംഗ് ടെസ്റ്റിനായി കൂടുതല്‍ സമയം വിട്ടു നല്‍കിയത്.
ഒരു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്‍ ദിവസം 40 ഡ്രൈവിംഗ് ടെസ്റ്റില്‍ കൂടുതല്‍ നടത്തരുത് എന്ന് നിജപ്പെടുത്തിയിട്ടുണ്ട്, എങ്കിലും വാഹനപരിശോധനയുടെ കാര്യത്തില്‍ ഇത്തരം ഒരു നിബന്ധനയോ ഉത്തരവോ ഇറങ്ങിയിട്ടില്ല. ഫിറ്റ്നസ് ടെസ്റ്റിനായി വരുന്ന വാഹനങ്ങൾ എല്ലാം തന്നെ ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടിവരും. ഇങ്ങനെ കുമിഞ്ഞു കൂടി എത്തുന്ന ജോലി തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതോടെ പരിശോധനയുടെ ഗുണനിലവാരവും ഇടിയും എന്ന കാര്യത്തിൽ സംശയമില്ല.
ബസ്, ലോറി, ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളാണ് നിശ്ചിത കാലയളവില്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി RTO -യ്ക്കു മുന്നിൽ ഹാജരാക്കുന്നത്. ഇവയുടെ സാങ്കേതികക്ഷമത വ്യക്തമായി ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. കൂടാതെ ടയര്‍, ബ്രേക്ക്, സസ്പെന്‍ഷന്‍, ലൈറ്റുകള്‍ തുടങ്ങി വാഹനത്തിന്റെ എല്ലാ ഘടകങ്ങളും കൃത്യമായി പരിശോധിക്കുകയും വേണം.
വാഹനം ഓടിച്ചും കാര്യക്ഷമത വിലയിരുത്തണം എന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ബസ് പരിശോധിക്കാന്‍ ഒരു ഉദ്യോഗസ്ഥന് കുറഞ്ഞത് 20 മിനിറ്റെങ്കിലും വേണ്ടിവരും. അതുപോലെ തന്നെ മിനി വാഹനങ്ങള്‍ക്ക് 15 മിനിറ്റും ഓട്ടോ ടാക്സി കാറുകള്‍ക്ക് 10 മിനിറ്റും സമയം വേണം. ടെസ്റ്റിനുള്ള വാഹനപെരുപ്പം കാരണം മിക്ക ഓഫീസുകളിലും ഒരു തട്ടിക്കൂട്ട് വിധത്തിലുള്ള പരിശോധനയാണ് നടക്കുന്നത്.

ഈ പ്രവണത റോഡ് സുരക്ഷയ്ക്ക് കാര്യമായ തരത്തിൽ ഭീഷണി ഉയര്‍ത്തുന്നതാണ്. റീടെസ്റ്റിന് എത്തുന്ന വാഹനങ്ങളിൽ പലപ്പോഴും ചില ഞൊടുക്കു പണികൾ മാത്രം ചെയ്ത് പെയിന്റും പൂശി കാര്യം സാധിച്ചു പുറത്തു വരുന്ന ഒരു കൂട്ടം വാഹന മുതലാളിമാർക്ക് ഈ തിരക്കും, തട്ടിക്കൂട്ട് ഫിറ്റ്നസ് ചെക്കിംഗും ഒരു അനുഗ്രഹമാണ്, എന്നാൽ നമ്മളെ പോലുള്ള പൊതു ജനങ്ങൾക്ക് വളരെ ദൂഷ്യവുമാണിത്.
സാധാരണ ഫിറ്റ്നസ് ടെസ്റ്റ് രണ്ട് ദിവസം ആക്കിയപ്പോൾ 20 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ പരിശോധന മിക്ക ഓഫീസുകളിലും മാസത്തില്‍ ഒരു ദിവസം മാത്രമായി വെട്ടി ചുരുക്കിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ എല്ലാം തന്നെ തീർത്താലും പരിശോധനയ്ക്കുള്ള അനുമതി കിട്ടാന്‍ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും പോംവഴി അധികൃതർ കണ്ടെത്തണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.


Click it and Unblock the Notifications








