മോഡിഫിക്കേഷന്‍ നടത്തിയാല്‍ വര്‍ക്ക്‌ഷോപ്പുകളും കുടുങ്ങും; രൂപമാറ്റം ഒന്നിന് പിഴ 10,000 രൂപയായി വര്‍ദ്ധിപ്പിക്ക
വടക്കാഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. അപകടത്തില്‍ പെട്ട ബസിന്റെ വേഗപ്പൂട്ട് വേര്‍പെടുത്തിയതായും അമിത വേഗതയിലായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പും പൊലീസും സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടൂറിസ്റ്റ് ബസുകള്‍ക്കും മറ്റും പൂട്ടിടാന്‍ ഉറച്ച് സര്‍ക്കാര്‍ നീക്കം തുടങ്ങി.

വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയില്‍ നിന്നും ഒരു രൂപമാറ്റത്തിന് 10,000 രൂപ വീതമായി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുവാന്‍ സഹായിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ക്കെതിരെ നടപടി കൈക്കൊള്ളും.

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ കഴിഞ്ഞ ദിവസം ഉന്നത തലയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടത്.

വടക്കാഞ്ചേരി അപകട സമയത്ത് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലര്‍, വര്‍ക്ക്‌ഷോപ്പ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് പൊലീസില്‍ പരാതി നല്‍കുവാന്‍ പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന ഓപ്പറേഷന്‍ കൂടുതല്‍ ശക്തമായി തുടരും. നിയമവിരുദ്ധമായ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ്, സിഗ്‌നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.

ഏകീകൃത കളര്‍ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഉടനടി കര്‍ശനമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും.അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കും. പൊതുജനങ്ങള്‍ക്ക് വാട്ടസ്ആപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വീഡിയോയും അയക്കാം.

കേരളത്തിലെ 86 ആര്‍ടി ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും പ്രസ്തുത ഓഫീസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നല്‍കും. പ്രസ്തുത വാഹനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ കുറഞ്ഞത് 15 വാഹനങ്ങള്‍ ചെക്കിംഗുകള്‍ നടത്തും. അതിനു മുകളില്‍ സംസ്ഥാന തലത്തില്‍ സൂപ്പര്‍ ചെക്കിംഗുമുണ്ടാകും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയിന്റ് ആര്‍ടിഒ തുടങ്ങിയ എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും.

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുവാന്‍ സംസ്ഥാന എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തും. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ (IDTR) റിഫ്രഷര്‍ ട്രെയിനിംഗിനു ശേഷം മാത്രമേ ലൈസന്‍സ് പുനസ്ഥാപിക്കുകയുള്ളൂ.

ജിപിഎസ് ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സിഎഫ് കാന്‍സല്‍ ചെയ്യുന്ന തരത്തില്‍ നടപടികള്‍ എടുക്കും. എആര്‍ഐ അംഗീകാരമുള്ള നിര്‍മ്മാതാക്കളുടെ ജിപിഎസ് സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.

ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആള്‍ ഇന്ത്യ പെര്‍മിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഫ്രീ മൂവ്‌മെന്റ് അനുവദിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം റദ്ദാക്കി തമിഴ്‌നാട് മാതൃകയില്‍ കേരളത്തിലും വാഹനനികുതി ഈടാക്കുവാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ നവംബര്‍ 1 മുതല്‍ കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റേണ്ടതാണ്. ഡ്രൈവര്‍മാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിംഗ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.


Click it and Unblock the Notifications








