പഴയ കാര്‍ പൊളിച്ച് പുതിയത് വാങ്ങുമ്പോള്‍ ഇത്രയധികം ലാഭമോ? ഒട്ടുമുക്കാല്‍ പേര്‍ക്കും ഇത് അറിയില്ല
എല്ലാ വസ്തുവിനുമെന്ന പോലെ കാറുകള്‍ക്കും ആയുസുണ്ട്. അത്യാവശ്യം പഴക്കം ചെന്ന് കഴിഞ്ഞാല്‍ പിന്നെ പല കാര്‍ ഉടമകളും അവ വിറ്റ് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പഴയ കാറുകള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന പണത്തേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഹനങ്ങള്‍ പൊളിക്കാന്‍ കൊടുത്താല്‍ ലഭിക്കുമെന്ന കാര്യം നമ്മള്‍ എത്ര പേര്‍ക്ക് അറിയാം. അതെ നമ്മുടെ രാജ്യത്ത് പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായി സര്‍ക്കാര്‍ ഒരു നയം കൊണ്ട് വന്നിട്ടുണ്ട്. ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ സ്‌ക്രാപ്പേജ് പോളിസി ഉപയോഗപ്പെടുത്തി എങ്ങിനെ പരമാവധി ആനുകൂല്യം നേടാമെന്നതാണ് നമ്മള്‍ ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.
ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും അന്തരീക്ഷ മലിനീകരണം വലിയ പ്രശ്നമായി മാറിക്കഴിഞ്ഞു. അതിനാല്‍ തന്നെ വായു മലിനീകരണം കൂടാന്‍ കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം എല്ലാ രാജ്യങ്ങളും നിരുത്സാഹപ്പെടുത്തുകയാണ്. പകരം കുറഞ്ഞ മലിനീകരണമുള്ള വാഹനങ്ങള്‍ ജനകീയമാക്കാനുള്ള പദ്ധതികള്‍ ഭരണകൂടം ആവിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി പഴയതും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

ഇത് അനുസരിച്ച് പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്ത് പുതിയവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പഴയ വാഹനങ്ങള്‍ പുറത്ത് വില്‍ക്കുന്നതിനെക്കാള്‍ ലാഭം സ്‌ക്രാപ്പ് ചെയ്യുന്നതിലൂടെ നേടാനാകും. നിങ്ങള്‍ പഴയ വാഹനം സ്‌ക്രാപ്പ് ചെയ്ത് പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് കരുതുക. അങ്ങനെയാണെങ്കില്‍ സ്‌ക്രാപ്പ് ചെയ്ത വാഹനത്തിന്റെ എക്സ്ഷോറൂം വിലയുടെ 4-6 ശതമാനം തുക നിങ്ങള്‍ക്ക് ലഭിക്കും.
വാഹനത്തിലെ ലോഹ ഭാഗങ്ങള്‍, മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവയുടെ ലഭ്യത അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വരാം. ഉദാഹരണത്തിന് 10 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഒരു വാഹനം സ്‌ക്രാപ്പ് ചെയ്യുന്നതിലൂടെ ഏകദേശം 40,000 രൂപ മുതല്‍ 60,000 രൂപ വരെ നിങ്ങള്‍ക്ക് പോക്കറ്റിലാക്കാം. അതുപോലെ, വാഹനത്തിന്റെ പ്രധാന ഭാഗങ്ങളായ എഞ്ചിന്‍ തുടങ്ങിയവ പുറത്തെടുത്ത് വില്‍ക്കാന്‍ പറ്റിയാല്‍ കൂടുതല്‍ പണം നേടാനാകും.
ഇങ്ങനെ വില്‍ക്കുമ്പോള്‍ സ്‌ക്രാപ്പിംഗിലൂടെ ലഭിക്കുന്ന പണം കുറയാന്‍ സാധ്യതയുണ്ട്. ഇതില്‍ ഏതാണ് ലാഭകരമെന്ന് സ്വയം വിലയിരുത്താവുന്നതാണ്. സ്‌ക്രാപ്പേജ് പോളിസി വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെ ചില വാഹന ബ്രാന്‍ഡുകളും ഡീലര്‍ഷിപ്പുകളും സ്‌ക്രാപ്പേജ് ബെനഫിറ്റുകളും ഓഫര്‍ ചെയ്യാറുണ്ട്. പഴയ വാഹനം സ്‌ക്രാപ്പ് ചെയ്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സ്‌ക്രാപ്പേജ് ബെനഫിറ്റുകളുടെ രൂപത്തില്‍ ചില വാഹന നിര്‍മാതാക്കളും ഡീലര്‍ഷിപ്പുകളും ഇളവുകള്‍ നല്‍കുന്നുണ്ട്. ഇത് ഓരോ ബ്രാന്‍ഡിനും ഡീലര്‍ഷിപ്പുകള്‍ക്കും അനുസരിച്ച് മാറാം.
വാഹനം സ്‌ക്രാപ്പ് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അതിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ റദ്ദാക്കുന്നതാണ്. അതേസമയം, നിങ്ങളുടെ വാഹനം സ്‌ക്രാപ്പ് ചെയ്തതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതിയ കാര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കും. ഉദാഹരണത്തിന് പഴയ വാഹനം സ്‌ക്രാപ്പ് ചെയ്ത് പുതിയ വാഹനം വാങ്ങുമ്പോള്‍ പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് ചില സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായി ഒഴിവാക്കുന്നു.

ഇതിലൂടെ പുതിയ കാര്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന ചിലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങുമ്പോള്‍ റോഡ് ടാക്സ് നല്‍കേണ്ടി വരും. പഴയ വാഹനം സ്‌ക്രാപ്പ് ചെയ്ത സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണെങ്കില്‍ പുതിയ കാറിന്റെ റോഡ് ടാക്സില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും പൊതുഗതാഗത വാഹനങ്ങള്‍ക്ക് 15 ശതമാനവും ഇളവ് ലഭിക്കും. ഇത് ചില സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ആനുകൂല്യമാണ്.
വാഹന സ്‌ക്രാപ്പിംഗ് പോളിസി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും ചില സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമേ ഇത് നടപ്പാക്കിയിട്ടുള്ളൂ. കാലാവധി കഴിഞ്ഞ 30 ലക്ഷം സ്വകാര്യ വാഹനങ്ങള്‍ കേരളത്തിലുണ്ടായിട്ടും അംഗീകൃത വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ (രജിസ്‌ട്രേഡ് സ്‌ക്രാപ്പിങ് വെഹിക്കിള്‍ ഫെസിലിറ്റി -RSVF) തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഫിറ്റ്‌നസ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 15 വര്‍ഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പിന്നിട്ട സ്വകാര്യ വാഹനങ്ങളും പൊളിക്കണമെന്നാണ് ചട്ടം.

ഇതിനായി മൂന്ന് രജിസ്‌ട്രേഡ് സ്‌ക്രാപ്പിങ് വെഹിക്കിള്‍ ഫെസിലിറ്റികള്‍ തുടങ്ങാനാണ് കേരളത്തിന്റെ പ്ലാന്‍. ഒന്ന് കെഎസ്ആര്‍ടിസിയും റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ബ്രെത്ത് വെയിറ്റ് ആന്‍ഡ് കോ ലിമിറ്റഡുമായി ചേര്‍ന്നും രണ്ടെണ്ണം പൊതു-സ്വകാര്യ പങ്കാളിത്തത്തിലും തുടങ്ങാനാണ് ധാരണ. എന്നാല്‍ ഇതിന് വേണ്ട ടെന്‍ഡര്‍ നടപടികള്‍ ഇപ്പോഴും ഫയലിലാണ്.
നിലവില്‍ മലയാളികള്‍ക്ക് സ്‌ക്രാപ്പേജ് നയത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കര്‍ണാടക പോലുള്ള അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്. സ്‌ക്രാപ്പേജ് പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പുതിയ വാഹനങ്ങളുടെ വില്‍പ്പന കൂടും. ഇതുവഴി സര്‍ക്കാര്‍ ഖജനാവിലേക്ക് കൂടുതല്‍ പണമെത്തുകയും ചെയ്യും. എന്നിട്ടും രജിസ്‌ട്രേഡ് സ്‌ക്രാപ്പിങ് വെഹിക്കിള്‍ ഫെസിലിറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ്.


Click it and Unblock the Notifications








