പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യന്‍ നടി നയന്‍താരയല്ല! 40 കൊല്ലം മുമ്പ് വാങ്ങിയ നായികയെ അറിയുമോ?
വിലകൂടിയ വസ്ത്രങ്ങള്‍, ആഡംബര ബംഗ്ലാവുകള്‍, സ്വകാര്യ ജെറ്റുകള്‍ എന്നിവ സ്വന്തമാക്കുന്ന സെലിബ്രിറ്റികള്‍ ആര്‍ഭാട ജീവിതം നയിക്കുന്നു. ചില സെലിബ്രിറ്റികള്‍ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുമ്പോള്‍ സ്വന്തമായി സ്വകാര്യ ജെറ്റുള്ള നിരവധി താരങ്ങളുണ്ട്. വലിയ സമയനഷ്ടമില്ലാതെ തങ്ങളുടെ വ്യക്തിഗത, സ്വകാര്യ യാത്രകള്‍ സൗകര്യപ്രദമായി പൂര്‍ത്തിയാക്കാമെന്നതിനാലാണ് സെലിബ്രിറ്റികളും ശതകോടീശ്വരന്‍മാരും സ്വകാര്യ വിമാനങ്ങള്‍ വാങ്ങിയിടുന്നത്. താരതമ്യേന ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മുന്‍നിര നടന്‍മാരില്‍ ഒത്തിരിപേര്‍ പ്രൈവറ്റ് ജെറ്റ് ഉടമകളായിട്ടുണ്ട്. പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, ശില്‍പ ഷെട്ടി എന്നിവരാണ് പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ള നടിമാര്‍. സൗത്തിന്ത്യയിലേക്ക് വന്നാല്‍ ഈ എണ്ണം ഒന്നായി ചുരുങ്ങും.
തെന്നിന്ത്യന്‍ സിനിമയില്‍ നിലവില്‍ പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ള ഏക നടി നയന്‍താരയാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ നയന്‍താരയുടെ ആസ്തി 200 കോടിയിലേറെ രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര വാങ്ങിയ പ്രൈവറ്റ് ജെറ്റിന് 50 കോടി രൂപയാണ് വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നയന്‍താരക്കും മുമ്പേ തന്നെ സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കിയ ഒരു നടി തമിഴ് സിനിമാ ലോകത്തുണ്ട്. അത് ആരാണെന്നാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്.

അധികം വളച്ചുകെട്ടില്ലാതെ തന്നെ ആളെ പരിചയപ്പെടുത്താം. പ്രൈവറ്റ് ജെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ നയന്‍താരക്ക് മുമ്പ് തമിഴകം കീഴടക്കിയ ശ്രീദേവി, സുഹാസിനി, സിമ്രാന്‍, ഖുഷ്ബു, ജ്യോതിക എന്നിവരില്‍ ആരെങ്കിലുമൊക്കെ ആണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. 70-കളിലും 80-കളിലും തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമകളില്‍ നിറഞ്ഞുനിന്ന നടി കെആര്‍ വിജയ അഥവാ 'ദൈവനായകി'യാണ് ഈ താരം.
70-കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിരുന്നു കെആര്‍ വിജയ. അക്കാലത്ത് ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. 1963-ല്‍ സിനിമ ജീവിതം ആരംഭിച്ച കെആര്‍ വിജയ ഏകദേശം ആറ് ദശാബ്ദക്കാലം ദക്ഷിണേന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്നു. എംജിആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, ജയശങ്കര്‍ തുടങ്ങിയ അക്കാലത്തെ തമിഴകത്തെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അവര്‍ അഭിനയിച്ചിട്ടുണ്ട്.

വിജയയുടെ മാതാപിതാക്കള്‍ മലയാളികളാണ്. 1963-ല്‍ 15-ാം വയസ്സില്‍ കര്‍പ്പകം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് അവര്‍ തമിഴ് സിനിമാ ലോകത്ത് എത്തിപ്പെട്ടത്. വെള്ളിത്തിരയിലെ അവരുടെ പ്രഭാവം കാരണം 'പുന്നകൈ അരസി' എന്നാണ് തമിഴര്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. പുഞ്ചിരി റാണി എന്നാണ് ഇതിന്റെ മലയാളം പരിഭാഷ വരിക. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി ഏതാണ്ട് 500-ഓളം ചിത്രങ്ങളില്‍ വിജയ അഭിനയിച്ചിട്ടുണ്ട്.
തന്റെ പ്രൈംടൈമില്‍ ഒരുവര്‍ഷം കുറഞ്ഞത് 10 സിനിമകളിലെങ്കിലും അവര്‍ അഭിനയിക്കുമായിരുന്നു. 1966-ല്‍ വിവാഹിതയായെങ്കിലും വിജയ ഫീല്‍ഡ് വിട്ടിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ കെആര്‍ വിജയയുടെ സഹോദരിയും നടിയുമായ കെആര്‍ വത്സല തന്റെ സഹോദരിയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെആര്‍ വിജയ അഭിനയരംഗത്ത് തിരക്കിലായിരുന്ന സമയത്ത് ഷൂട്ടിംഗിനും തിരിച്ചും പോകാന്‍ ഒരു സ്വകാര്യ വിമാനം സ്വന്തമാക്കിയിരുന്നുവെന്നായിരുന്നു അവര്‍ വെളിപ്പെടുത്തിയത്.
വാസ്തവത്തില്‍ കെആര്‍ വിജയയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുമ്പോള്‍ ഒരുപക്ഷേ നമ്മുടെ സംശയം ദൂരീകരിക്കപ്പെടും. കെആര്‍ വിജയയുടെ ഭര്‍ത്താവ് സുദര്‍ശന്‍ വേലായുധം നായര്‍ പ്രശസ്തനായ ബിസിനസുകാരനാണ്. സുദര്‍ശന്‍ ചിട്ടി ഫണ്ടിന്റെ അമരക്കാരനായ അദ്ദേഹം സിനിമാ നിര്‍മാതാവും ചെന്നൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ പ്രവര്‍ത്തിച്ച നിരവധി സ്റ്റാര്‍ ഹോട്ടലുകളുടെ ഉടമയും കൂടിയായിരുന്നു.
അക്കാലത്തെ വിജയയുടെ പ്രതാപവും പ്രതിഫലവും ഭര്‍ത്താവിന്റെ സമ്പത്തുമെല്ലാം ചേര്‍ക്കുമ്പോള്‍ സ്വകാര്യ ജെറ്റ് വാങ്ങുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇതോടെ സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ആദ്യ തമിഴ് നടി എന്ന ബഹുമതി കെആര്‍ വിജയയ്ക്ക് സ്വന്തമായി. ഇന്നത്തെ ലോഡിസൂപ്പര്‍ സ്റ്റാറായ നയന്‍താര അന്ന് ജനിച്ച്കൂടിയുണ്ടാകില്ല. പ്രൈവറ്റ് ജെറ്റ് മാത്രമല്ല അക്കാലത്ത് വിഖ്യാതമായ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിച്ചും വിജയ ശ്രദ്ധ നേടിയിരുന്നു. അതിന്റെ ഫോട്ടോസ് ഇന്റര്‍നെറ്റില്‍ അടുത്തകാലത്ത് ഏറെ ശ്രദ്ധ നേടി.
സമ്പന്നരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഇന്ത്യയില്‍ സ്വകാര്യ വിമാനം സ്വന്തമാക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നിരുന്നാലും ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാറുകള്‍ പോലും വിരളമായിരുന്ന കാലത്ത് ഒരു നടി പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയെന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. നയന്‍താരയ്ക്കും മുമ്പേ പ്രൈവറ്റ് സ്വന്തമാക്കിയ നടി കെആര്‍ വിജയയാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?. ഈ അറിവ് പുതിയതാണെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








