ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
റോഡിലൂടെ വാഹനമോടിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. മുന്നിൽ പോകുന്ന വാഹനത്തിലായിരിക്കും പലരും ശ്രദ്ധിക്കുന്നത്, എന്നാൽ പിന്നിലൂടെ വരുന്ന വാഹനങ്ങളിലും ഒരു കണ്ണ് വേണം എന്നത് നിങ്ങളെ മനസിലാക്കി തരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കർണാടക ഹൈവേകളിൽ ഒരു ഓട്ടോയുടെ പിന്നിലായി ലോറി വരുന്നതും പെട്ടെന്ന് ഓവർടേക്ക് ചെയ്യുന്നതും കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഓവർടേക്ക് ചെയ്യുന്ന സമയത്ത് മുന്നിലെ ഓട്ടോ ബ്രേക്ക് പിടിക്കുന്നു.
അതോടെ ലോറിയുടെ നിയന്ത്രണം വിടുകയും എതിർദിശയിലേക്ക് മാറുകയും ചെയ്യുന്നത് കാണാം, എന്നാൽ ലോറി ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് അദ്ദേഹം ലോറിയുടെ നിയന്ത്രണം തിരിച്ചു പിടിക്കുകയും ഒരു വാഹനത്തിലും ഇടിക്കാതെ വെട്ടിച്ച് മാറ്റുന്നതോടെ വലിയ ഒരു ദുരന്തമാണ് ഒഴിവായത്. ട്രക്ക് എപ്പോൾ വേണമെങ്കിലും മറിഞ്ഞ് എതിർവശത്ത് നിന്ന് വരുന്ന ബസുമായി ഇടിച്ചേക്കാം എന്ന് തോന്നിപോകും വീഡിയോ കാണുമ്പോൾ. പക്ഷേ ഭാഗ്യവശാൽ ആർക്കും ഒന്നും സംഭവിച്ചില്ല.

തെറ്റ് ആരുടെ ഭാഗത്ത് എന്ന ചോദ്യത്തിന് രണ്ട് ഡ്രൈവർമാരും കാരണമാണ് എന്നതാണ് ഉത്തരം. റിക്ഷാ ഡ്രൈവർ തൻ്റെ പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാത്തത് കൊണ്ട് അതിവേഗം വന്ന ട്രക്ക് ശ്രദ്ധിക്കാതെ ബ്രേക്ക് ഇട്ടതാണ് കുഴപ്പം. അത് പോലെ തന്നെ ലോറി ഡ്രൈവർ ഓവർടേക്ക് സമയത്ത് അൽപ്പം കൂടെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് അവരുടെ പുറകിലേക്ക് അവർ ശ്രദ്ധിക്കാറില്ല. പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതിനും തിരിയുന്നതിനും അവർ പ്രശസ്തരാണല്ലോ.
ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാൻ ട്രക്ക് ഡ്രൈവർക്ക് പിന്നിൽ നിന്ന് ഹോൺ മുഴക്കി, സുരക്ഷിതമായി ഓവർടേക്ക് ചെയ്‌ത് കയറി പോകാമായിരുന്നു. ഒരു അപ്രതീക്ഷിത അപകടം മുന്നിൽ കണ്ടപ്പോൾ പേടിക്കാതെ അതിനെ നേരിട്ട ഡ്രൈവർ പ്രശംസ അർഹിക്കുന്നുണ്ട്. എന്നാൽ എപ്പോഴും ഇങ്ങനെ ഭാഗ്യം തുണയ്ക്കുമെന്ന് വിചാരിക്കരുതേ. അത് കൊണ്ട് തന്നെ ഇന്ത്യൻ റോഡുകളിൽ വാഹനമോടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
വാഹനമോടിക്കുമ്പോള്‍ ചുറ്റുഭാഗത്തും ഒരു കണ്ണുണ്ടായിരിക്കേണ്ടത് പരമപ്രധാനമാണ്. എപ്പോഴും മുന്നിലുള്ള റോഡിലേക്ക് നോക്കുകയും ബ്ലൈന്‍ഡ് സ്‌പോട്ട് പരിശോധിക്കുകയും വേണം. വളയം പിടിക്കുമ്പോള്‍ നിങ്ങളുടെ കാര്‍ ഏത് രീതിയിലാണ് പ്രതികരിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയാണെങ്കില്‍ അത് ഉടന്‍ തിരിച്ചറിയാന്‍ സദാ ജാഗരൂകരായിരുന്നാല്‍ സാധിക്കും.
വാഹനം ഓടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട സംഗതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. നിങ്ങള്‍ അല്‍പ്പം വലിപ്പമുള്ള വാഹനം ഓടിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും. ഡ്രൈവറുടെ കാഴ്ചയുടെ മണ്ഡലത്തിന് പുറത്തുള്ള റോഡിന്റെ ഒരു ഭാഗമാണ് ബ്ലൈന്‍ഡ്സ്പോട്ട്. വാഹനത്തിന്റെ ഭാഗത്ത് മറഞ്ഞിരിക്കുന്നതിനാല്‍ വിന്‍ഡ്ഷീല്‍ഡിലൂടെ മുന്നിലേക്ക് നോക്കിയോ മിററുകള്‍ ഉപയോഗിച്ചോ ദൃശ്യമാകാത്ത മേഖലയാണിത്. സ്ഥലത്തെ കുറിച്ചുള്ള അവബോധമുണ്ടായിരിക്കുകയും നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത വശത്ത്കൂടി ചെറിയ വാഹനങ്ങള്‍ വരുന്നുണ്ടോ എന്നും ശ്രദ്ധ വേണം.
നിങ്ങളുടെ വാഹനം എങ്ങോട്ട് തിരിയുന്നുവെന്ന് മറ്റ് ഡ്രൈവര്‍മാരെ അറിയിക്കാന്‍ കൃത്യമായി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുക. ഇന്ന് നമ്മുടെ നാട്ടിലെല്ലാം നാലുവരിപ്പാതയും ആറുവരിപ്പാതയുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. എക്‌സ്പ്രസ്‌വേകളില്‍ ലെയ്ന്‍ മാറുമ്പോഴും ഇന്‍ഡിക്കേറ്ററിടേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല നിങ്ങള്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്ന് പുറത്തുകടക്കുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം.
ഇതിനെല്ലൊം പുറമേ ഏറ്റവും കൂടുതഷ ശ്രദ്ധിക്കേണ്ട കാര്യം അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം. വാഹനമോടിക്കുമ്പോള്‍ മിക്ക ആളുകളും ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. ഇത് അത്യന്തം അപകടമാണെന്ന് പറയേണ്ട കാര്യമില്ലെല്ലോ. ഡ്രൈവ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും കണ്ണ് റോഡില്‍ വേണം. ഫോണില്‍ നോക്കുന്ന ഒരു സെക്കന്‍ഡ് സമയം മതി കാര്യങ്ങള്‍ തകിടം മറിയാന്‍. അതുകൊണ്ട് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ തെറ്റിക്കുന്ന ഫോണ്‍ അടക്കമുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക.


Click it and Unblock the Notifications








