ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സോപ്പ് തേച്ച് കുളി; കൊല്ലത്ത് യുവാക്കള്‍ പിടിയില്‍
ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മഴ പെയ്താല്‍ കോട്ട് എടുക്കാത്ത ആളുകള്‍ നനഞ്ഞു കുളിക്കും. എന്നാല്‍ അത്തരം ഒരു സാഹചര്യത്തില്‍ സോപ്പ് തേച്ച് ശരിക്കും അങ്ങ് കുളിച്ചാലോ. ഇത്തരത്തില്‍ ബൈക്കില്‍ സഞ്ചരിക്കവെ സോപ്പ് തേച്ച് കുളിച്ച രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി.

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചു കുളിച്ചത്. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് പൊലീസ് കേസെടുത്തു. നാലു ദിവസം മുമ്പാണ് സംഭവം നടന്നത്.

കൊല്ലം ഭരണിക്കാവ് ജംഗ്ഷനിലൂടെ അര്‍ദ്ധനഗ്നരായി സോപ്പ് തേച്ച് കുളിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും യാത്ര. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഗതി വൈറലായി.

വൈറല്‍ ദൃശ്യങ്ങള്‍ ശാസ്താംകോട്ട പൊലീസിന്റെ കൈവശവും എത്തി. പിന്നാലെ യുവാക്കളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇന്നലെ വൈകീട്ട് ഇവരെ കണ്ടെത്തുകയും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

പൊലീസ് വിളിപ്പച്ചതനുസരിച്ച് ഇന്നലെ വൈകീട്ടോടെയാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്. തങ്ങള്‍ വൈകീട്ട് കളിക്കാനായി പോയിരുന്നുവെന്നും. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ കനത്ത മഴ പെയ്തുവെന്നുമാണ് യുവാക്കള്‍ പറയുന്നത്. ഇതിനിടെ കുളിക്കാനുള്ള ഒരു കൗതുകത്തിന് വേണ്ടിയാണ് ടീഷര്‍ട്ട് ഊരി അങ്ങനെ ചെയ്തതെന്നാണ് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്.

ലഹരിയോ മറ്റു പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചായിരുന്നില്ല ഇത്തരമൊരു പ്രകടനമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതടക്കമുള്ള ഗതാഗത നിയമം ലംഘിനത്തിന് കേസെടുത്ത് ഇരുവരില്‍ നിന്നും പിഴ ഈടാക്കിയ ശേഷമാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വിട്ടയച്ചത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ ആളുകള്‍ പല രീതിയിലുള്ള പ്രവര്‍ത്തികളാണ് ചെയ്ത് കൂട്ടുന്നത്. എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ ഉള്ള ഇത്തരം അപകടകരമായ ചെയ്തികള്‍ സഹജീവികള്‍ക്ക് കൂടി ദോഷകരമായതിനാല്‍ യുവാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

ഇപ്പോള്‍ കേരളത്തിലെ നിരത്തുകളില്‍ ഗതാഗത നിയമ ലംഘനം പതിവാകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ മൊബൈലില്‍ ചാറ്റ് ചെയ്ത് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്ത വാര്‍ത്ത പുറത്തുവന്നിരുന്നു. ആലുവ- തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസിലെ ഡ്രൈവറായ റുഷീബിനെയാണ് എംവിഡി അധികൃതര്‍ പിടികൂടിയത്.

ബസില്‍ നിറയെ യാത്രക്കാരുമായി പോകുന്നതിനിടെയായിരുന്നു റുഷീബ് മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്ത് കൊണ്ടിരുന്നത്. യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ച ഇയാള്‍ അപകടകരമാം വിധം ബസ് ഓടിക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചതടക്കം ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ബസിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മറ്റൊരു സ്വകാര്യ ബസിനും ഗതാഗത നിയമ ലംഘനത്തിന് 'പണി' കിട്ടി. എന്നാല്‍ ഇത് ഇന്ധനം തീര്‍ന്ന് ബസ് വഴിയില്‍ കുടുങ്ങിയതിനായിരുന്നു. വ്യാഴാഴ്ച കലൂര്‍ പള്ളിക്ക് സമീപമാണ് ഇന്ധനം തീര്‍ന്ന സ്വകാര്യ ബസ് റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. വൈറ്റില റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ആന്‍സണ്‍' ബസാണ് ഡീസല്‍ തീര്‍ന്ന് പെരുവഴിയിലായത്. ഇതോടെ തിരക്കേറിയ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

ഡ്രൈവറുടെ അനാസ്ഥ മൂലം ഗാതാഗതക്കുരുക്ക് സൃഷ്ടിച്ച കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.
ഇന്ധനമില്ലാതെ യാത്രക്കാരുമായി സര്‍വീസ് നടത്തിയതിന് കേരള മോട്ടോര്‍ വാഹനനിയമം റൂള്‍ 46 പ്രകാരമാണ് കേസ്. വാഹനം എടുക്കുന്നതിന് മുന്‍പ് ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ചട്ടം. യാത്രക്കാരുണ്ടെങ്കില്‍ ബസ് പെട്രോള്‍ പമ്പില്‍ കയറ്റാനും പാടില്ലെന്നാണ് നിയമം. എന്നാല്‍ മുമ്പ് െൈബക്ക് യാത്രികന് ഇതേ കുറ്റത്തിന് പിഴ ചുമത്തിയ വാര്‍ത്ത വൈറലായിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ക്ലറിക്കല്‍ പിഴവാണ് അന്ന് അങ്ങനെ സംഭവിക്കാന്‍ കാരണം.


Click it and Unblock the Notifications








