രക്ഷകന്‍ റോള്‍ വിട്ട് വിജയ് 'ഏഴൈ തോഴന്‍' ആകുന്നു! യാത്ര 6.49 ലക്ഷത്തിന്റെ മാരുതിയിലാക്കി
ചെന്നൈയിലെ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിരയായ സംഭവം തമിഴ്‌നാട്ടില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സര്‍വകലാശാല ക്യാമ്പസിന് പുറത്ത് ബിരിയാണി വില്‍ക്കുന്നയാള്‍ കേസില്‍ അറസ്റ്റിലായെങ്കിലും എഫ്‌ഐആര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഹൈകോടതി ചെന്നൈ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസിനെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാറിനെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍. 2026-ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത് നടന്‍ വിജയ് (Vijay) രൂപീകരിച്ച തമിഴക വെട്രിക് കഴകമാണ് (TVK) ഇതില്‍ മുന്‍പന്തിയില്‍ ഉള്ളത്.
അണ്ണാ സര്‍വകലാശായില്‍ നടന്ന ലൈംഗികാതിക്രമ കേസിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ 'പ്രിയ സഹോദരിമാരെ' എന്ന് അഭിസംബോധന ചെയ്ത് വിജയ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് ടിവികെ അധ്യക്ഷന്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ആര്‍എന്‍ രവിയെ കണ്ടിരുന്നു.

തമിഴ്‌നാട്ടില്‍ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിജയ് രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. വിജയ്‌യും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച മറ്റൊരു കാര്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരില്‍ ഒരാളായ വിജയ്ക്ക് റോള്‍സ് റോയ്സ് പോലുള്ള വിലകൂടിയ ആഡംബര കാറുകളുണ്ട്.
ചുരുങ്ങിയ പക്ഷം വിജയ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ടൊയോട്ടയുടെ പ്രീമിയം എംപിവിയായ ഇന്നോവയിലാണ് യാത്ര ചെയ്യാറ്. എന്നാല്‍ മാരുതി സുസുക്കിയുടെ കുറഞ്ഞ വിലയുള്ള ഹാച്ച്ബാക്ക് കാറിലാണ് അദ്ദേഹം രാജ്ഭവനിലെത്തിയത്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പ്രാരംഭ വില വെറും 6.49 ലക്ഷം രൂപയാണ്. അതേസമയം ടോപ് വേരിയന്റിന്റെ വില 9.60 ലക്ഷം രൂപയാണ്. എക്സ്‌ഷോറൂം വിലകളാണിത്.

അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും വിലപിടിപ്പുളള താരങ്ങളില്‍ ഒരാള്‍ ഇത്തരത്തില്‍ ഒരു ബജറ്റ് കാറില്‍ വന്നത് കാഴ്ചക്കാരില്‍ ആശ്ചര്യം പരത്തി. പൊതുവേ ദിവസേന ദീര്‍ഘദൂര യാത്രകള്‍ ഉള്ള രാഷ്ട്രീയക്കാര്‍ നിരവധി സുഖസൗകര്യങ്ങള്‍ ഉള്ള പ്രീമിയം കാറുകള്‍ ആണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ രാഷ്ട്രീയത്തില്‍ പുതുതായി പയറ്റാന്‍ ഇറങ്ങിയ വിജയ് സ്വിഫ്റ്റ് പോലെ സാധാരണക്കാരുടെ കാറില്‍ സഞ്ചരിച്ച് ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുകയാണെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍.
തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ വിജയ്‌യുടെ ഓരോ നീക്കവും വാര്‍ത്തയാകുന്നുണ്ട്. മാരുതി സ്വിഫ്റ്റ് പോലെയുള്ള കുറഞ്ഞ വിലയുള്ള കാര്‍ ഉപയോഗിച്ച് സാധാരണക്കാരില്‍ ഒരാളെന്ന പ്രതിച്ഛായ ഉണ്ടാക്കാന്‍ താരത്തിന് കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നത്. അടുത്തിടെ തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വിജയ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിജയ് വന്നാല്‍ ജനക്കൂട്ടം ഉണ്ടാകുമെന്നും അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നതിനാലാണ് അദ്ദേഹം എത്താതിരുന്നതെന്നാണ് ടിവികെ വിശദീകരിച്ചത്.

അതുപോലെ തന്നെ വേണമെങ്കില്‍ വിജയ്‌യുടെ സ്വിഫ്റ്റ് കാറിലുള്ള എന്‍ട്രിയെയും കാണാം. റോള്‍സ് റോയ്‌സോ അല്ലെങ്കില്‍ വിജയ്‌യുടെ പരിചിതമായ ഏതെങ്കിലും കാറില്‍ വന്നാല്‍ ജനങ്ങള്‍ തടിച്ച് കൂടുമെന്നുറപ്പാണ്. നമ്മുടെ നിരത്തുകളില്‍ നിറയെ സ്വിഫ്റ്റ് കാറുകള്‍ ഉള്ളതിനാല്‍ ആരും ശ്രദ്ധിക്കില്ലെന്ന് മനസ്സിലാക്കിയായിരിക്കാം അദ്ദേഹം ഈ കാര്‍ തെരഞ്ഞെടുത്തത്. പൊതുവേ തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയക്കാര്‍ തങ്ങളുടെ കാറുകളില്‍ പാര്‍ട്ടി പതാക സ്ഥാപിക്കുന്ന പതിവുണ്ട്. വിജയ് വന്ന സ്വിഫ്റ്റില്‍ അത്തരം ചിഹ്‌നങ്ങള്‍ ഒന്നും കാണാനാകില്ല.
ഉദ്ദേശം എന്തായാലും വിജയ്‌യുടെ വരവ് തലക്കെട്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സാധാരണക്കാരില്‍ ഒരാളെന്ന പ്രതീതി സൃഷ്ടിച്ച രാഷ്ട്രീയക്കാര്‍ക്ക് വിജയം ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജി രാമചന്ദ്രന്‍ തന്നെ ഉദാഹരണം. സിനിമയിലൂടെ സൃഷ്ടിച്ച 'ഏഴൈ തോഴന്‍' എന്ന പ്രതിച്ഛായ എംജിആര്‍ ജനോപകാരപ്രദമായ പദ്ധതികളിലൂടെ രാഷ്ട്രീയത്തിലും നിലനിര്‍ത്തി. തന്റെ സ്ഥിരം സിനിമകളിലെ 'രക്ഷകന്‍' റോള്‍ വിട്ട് പാവങ്ങളുടെ തോഴന്‍ എന്ന ഇമേജ് നേടാനും അതുവഴി അധികാരത്തിലെത്താനും വിജയ്ക്ക് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








