അണ്ണന്‍ 'ഇല്യുമിനാറ്റി' വല്ലോം ആണോ? ഗോട്ടിലെ 'TN 07 CM 2026' വണ്ടി നമ്പർ സത്യമായി, വിജയ് 'മുതല്‍ അമൈച്ചര്‍'
തമിഴ് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട ദ്രാവിഡ കക്ഷികളുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) അധികാരം പിടിച്ചടക്കിയിരിക്കുകയാണ്. 2024-ല്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുതല്‍ വിജയ് ലക്ഷ്യമിട്ടിരുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് പാര്‍ട്ടി വിജയിച്ചത്. പതിറ്റാണ്ടുകളായി തമിഴ് മണ്ണില്‍ ഉറച്ചുനിന്ന ദ്രാഡിഡ കക്ഷികളുടെ ഭരണത്തിന് അന്ത്യംകുറിച്ച് കൊണ്ടും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുമായിരുന്നു ടിവികെയുടെ വിജയം.
വിജയ്‌യുടെ പാര്‍ട്ടി തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണം കൈയ്യാളാന്‍ ഒരുങ്ങുമ്പോള്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ സിനിമയായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (GOAT) വീണ്ടും ചര്‍ച്ചയാകുകയാണ്. സിനിമയിലെ ഒരു പ്രധാന രംഗത്തില്‍ വിജയ് ഓടിക്കുന്ന കാറിലെ നമ്പര്‍ പ്ലേറ്റാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. സിനിമ റിലീസ് ചെയ്ത സമയത്ത് തന്നെ ഈ നമ്പര്‍ പ്ലേറ്റിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.

സിനിമയിലെ ആ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ 'TN 07 CM 2026' എന്നായിരുന്നു. ഇതില്‍ ടിഎന്‍ (TN) എന്നത് തമിഴ്നാടിനെയും സിഎം (CM) എന്നത് മുഖ്യമന്ത്രിയെയും 2026 എന്നത് തിരഞ്ഞെടുപ്പ് വര്‍ഷത്തെയുമാണ് സൂചിപ്പിച്ചിരുന്നതെന്നായിരുന്നു ഫാന്‍സിന്റെ കണ്ടെത്തല്‍. സിനിമയിലൂടെ തന്നെ തന്റെ രാഷ്ട്രീയ ലക്ഷ്യം വിജയ് ആരാധകരെ അറിയിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അന്ന് വെറുമൊരു സിനിമാ ട്രിക്ക് എന്ന് കരുതിയത് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു.
വിജയ്‌യുടെ സഹനടന്‍ പ്രേംജി അമരന്‍ മുമ്പ് നല്‍കിയ ഒരു അഭിമുഖവും ഇപ്പോള്‍ വൈറലായിട്ടുണ്ട്. 2026-ല്‍ താന്‍ വിജയ്ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്നും പ്രേംജി അന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. പ്രേംജിയുടെ ആ വാക്കുകള്‍ സത്യമായിരിക്കുകയാണ്. എംജിആറിനും ജയലളിതക്കും ശേഷം തമിഴ് സിനിമയില്‍ നിന്ന് മുഖ്യമന്ത്രി കസേരയിലെത്തുന്ന അഭിനേതാവാകാന്‍ പോകുകയാണ് വിജയ്.
തിരഞ്ഞെടുപ്പ് കണക്കുകള്‍ പ്രകാരം 234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകള്‍ തികയ്ക്കാന്‍ പത്ത് സീറ്റുകളുടെ കുറവ് മാത്രമാണുള്ളത്. ഇത് സംസ്ഥാനത്ത് പുതിയ സഖ്യകക്ഷി ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഭരണം സുഗമമാക്കാന്‍ വിജയ് ആരുമായി കൈകോര്‍ക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളും ഉറ്റുനോക്കുന്നത്.
നിലവില്‍ ഡിഎംകെ സഖ്യത്തിലുള്ള ചില കക്ഷികള്‍ വിജയ്യുടെ പാര്‍ട്ടിക്ക് പിന്തുണ നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും വിസികെയും വിജയ്ക്കൊപ്പം ചേര്‍ന്നേക്കും. ഇതോടെ തമിഴ് രാഷ്ട്രീയത്തില്‍ പുതിയൊരു വികസന മാതൃകയ്ക്ക് തുടക്കമിടാന്‍ വിജയ്ക്ക് സാധിക്കും.
സിനിമയിലെ ഒരു ദൃശ്യം ഇത്ര കൃത്യമായി രാഷ്ട്രീയ ജീവിതത്തില്‍ സംഭവിക്കുന്നത് അപൂര്‍വ്വമായ കാഴ്ചയാണ്. തന്റെ രാഷ്ട്രീയ നീക്കങ്ങള്‍ എത്രത്തോളം കൃത്യമായി വിജയ് ആസൂത്രണം ചെയ്തിരുന്നു എന്നതിന്റെ തെളിവാണ് ഗോട്ട് സിനിമയിലെ ആ കാര്‍ നമ്പര്‍. വാഹനപ്രേമികള്‍ക്കിടയിലും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും ഈ 'നമ്പര്‍ പ്ലേറ്റ് രഹസ്യം' വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. വിജയ്‌യുടെ ഈ വിജയം സിനിമാ-രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നാണ്.
തമിഴ്നാടിന്റെ ഗതാഗത മേഖലയിലും വാഹന നയങ്ങളിലും വിജയ് സര്‍ക്കാര്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണ് വാഹന ലോകം. യുവാക്കള്‍ക്കും സാധാരണക്കാര്‍ക്കും മുന്‍ഗണന നല്‍കുന്ന അദ്ദേഹത്തിന്റെ നയങ്ങള്‍ വിപണിയില്‍ എന്ത് മാറ്റമുണ്ടാക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം. ഏകദേശം 500 കോടി രൂപയിലേറെ ആസ്തിയുള്ള വിജയ്‌യുടെ ഗരാജില്‍ ടിവിഎസിന്റെ വില കുറഞ്ഞ മോപ്പെഡ് മുതല്‍ വില കൂടിയ ആഡംബര കാറുകള്‍ വരെയുണ്ട്.
ദളപതി വിജയ്യുടെ ഗരാജില്‍ ഏകദേശം 7.52 കോടി മൂല്യം വരുന്ന വാഹനങ്ങളുള്ളതായാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിജയ്യുടെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാഹനങ്ങളിലൊന്നാണ് 2.15 കോടി രൂപ വിലയുള്ള ലെക്സസ് LM 350h. ബിഎംഡബ്ല്യു 5 സീരീസ് ആഡംബര സെഡാനാണ് വിജയ്‌യുടെ മറ്റൊരു ഇഷ്ടവാഹനം. പരിസ്ഥിതി സൗഹൃദ യാത്രകള്‍ക്കായി 2.50 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു i7 ഇലക്ട്രിക് കാറും വിജയ് സ്വന്തമാക്കിയിട്ടുണ്ട്.
വിജയ്‌യുടെ വാഹനശേഖരത്തിലെ ഏറ്റവും സിമ്പിള്‍ കാര്‍ ആണ് മാരുതി സുസുക്കി സ്വിഫ്റ്റ്. അത്യാധുനിക സാങ്കേതികവിദ്യകള്‍ പുല്‍കുന്നതോടൊപ്പം സാധാരണക്കാരോട് ചേര്‍ന്നുനില്‍ക്കാനുള്ള ശ്രമവും ഈ വാഹനങ്ങളില്‍ പ്രതിഫലിക്കുന്നു. ഇതില്‍ ഏത് കാര്‍ ആയിരിക്കും തമിഴ്‌നാട് 'മുതല്‍ അമൈച്ചര്‍' ഔദ്യോഗിക വാഹനമായി തെരഞ്ഞെടുക്കുന്നതറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications