'അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല'; KGF സീന്‍ ഓര്‍മിപ്പിച്ച് മകളെയും വെച്ച് Uber ഓടിക്കുന്ന ഒരമ്മ
പാന്‍ ഇന്ത്യ ലെവലില്‍ സൂപ്പര്‍ ഹിറ്റായ സിനിമയാണ് കെജിഎഫ്. കന്നഡ നടന്‍ യാഷ് നായകനായ കെജിഎഫ് ചിത്രത്തില്‍ 'പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല' എന്ന ഡയലോഗ് വരുന്ന സീനിന് വലിയ കൈയ്യടി ലഭിച്ചിരുന്നു. എന്നാല്‍ ആ സീനിന്റെ മറ്റൊരു രീതിയിലുള്ള ആവര്‍ത്തനം യഥാര്‍ത്ഥ ജീവിതത്തില്‍ അതേ ബെംഗളൂരു നഗരത്തില്‍ സംഭവിച്ചിരിക്കുകയാണ്.

ക്ലൗഡ്‌സെക് സിഇഒ രാഹുല്‍ ശശിയാണ് ബെംഗളൂരുവിലൂടെ ഊബറില്‍ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താന്‍ ബുക്ക് ചെയ്ത ഊബറിലെ ഡ്രൈവറായ സ്ത്രീയുടെ മകള്‍ തൊട്ടടുത്ത സീറ്റില്‍ ഉറങ്ങുന്നതാണ് അയാള്‍ ആദ്യം ശ്രദ്ധിച്ചത്.

എന്തുകൊണ്ടാണ് മകളെ കൂടെ കൂട്ടിയതെന്ന് അറിയാനുള്ള ആകാംക്ഷയില്‍ രാഹുല്‍ ഊബര്‍ ഡ്രൈവറുമായി സംസാരിച്ചു. ഇതിന് പിന്നാലെയാണ് അവരുടെ കഥ അദ്ദേഹം തന്റെ ഫോളോവേഴ്‌സിനായി ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ചത്. കഥാനായികക്കൊപ്പം എടുത്ത ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.

'കഴിഞ്ഞ ദിവസം, എന്റെ സുഹൃത്ത് എനിക്കായി ഒരു ഊബര്‍ ബുക്ക് ചെയ്തതു. ഈ സ്ത്രീയാണ് എന്നെ കൊണ്ടുപോകാന്‍ വന്നത്. യാത്ര തുടങ്ങിക്കഴിഞ്ഞപ്പോള്‍ മുന്‍ സീറ്റില്‍ ഒരു കുട്ടി ഉറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിയാത്തതിനാല്‍ അത് നിങ്ങളുടെ മകളാണോ എന്ന് ചോദിച്ചു'-രാഹുല്‍ എഴുതി.

അതെ എന്ന് മറുപടി പറഞ്ഞ അവര്‍ മകള്‍ക്ക് ഇപ്പോള്‍ അവധിയാണെന്നും അതിനാല്‍ ഞാന്‍ ജോലിയും അവളെ പരിപാലിക്കുന്ന ചുമതലയും ഒരുമിച്ച് ചെയ്യുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു. മറുപടി ലഭിച്ചെങ്കിലും അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം തോന്നിയതിനാല്‍ അതിനെ കുറിച്ച് ചോദിച്ചതായി അദ്ദേഹം എഴുതി.

നന്ദിനി എന്നാണ് ക്യാബ് ഡ്രൈവറായ യുവതിയുടെ പേര്. യാത്രക്കിടെ താന്‍ ഈ ജോലിയില്‍ എത്തിച്ചേരാനുള്ള സാഹചര്യം അവര്‍ വിവരിച്ചു. ഒരു സംരംഭകയാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളുടെ എല്ലാ സമ്പാദ്യവും ഉപയോഗിച്ച് അവള്‍ ഒരു ഫുഡ് ട്രക്ക് ആരംഭിച്ചു.

എന്നാല്‍ ഇടിത്തീ പോലെ കോവിഡ് മഹാമാരി എത്തി. കോവിഡിനെ തുടര്‍ന്ന് ലോകം നിശ്ചലമായതോടെ നന്ദിനിയുടെ ബിസിനസ് പൊളിഞ്ഞു. നിക്ഷേപിച്ച പണമെല്ലാം അവള്‍ക്ക് നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അവര്‍ ബംഗളൂരു നഗരത്തില്‍ ഊബര്‍ ഡ്രൈവറായി ജോലി തുടങ്ങിയത്.

'അവളുടെ പേര് നന്ദിനി. അവള്‍ ബാംഗ്ലൂരില്‍ ഊബര്‍ ഓടിക്കുന്നു. ഒരു സംരംഭകയാകാന്‍ അവള്‍ ആഗ്രഹിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളുടെ എല്ലാ സമ്പാദ്യവും ഉപയോഗിച്ച് അവള്‍ ഒരു ഫുഡ് ട്രക്ക് ആരംഭിച്ചു. എന്നാല്‍ പിന്നീട് കോവിഡ് വന്നു. നിക്ഷേപിച്ച പണമെല്ലാം അവള്‍ക്ക് നഷ്ടപ്പെട്ടു' രാഹുല്‍ നന്ദിനിയെ കുറിച്ച് പറഞ്ഞുതുടങ്ങി.

'അതിനുശേഷം അവള്‍ ഊബര്‍ ഓടിക്കാന്‍ തുടങ്ങി. അവള്‍ ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തനിക്ക് പ്രശ്നമില്ലെന്ന് അവള്‍ എന്നോട് പറയുന്നു. പണം ലാഭിക്കാനും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനും അവള്‍ ആഗ്രഹിക്കുന്നു' രാഹുല്‍ എഴുത്ത് അവസാനിപ്പിച്ചു.

രാഹുല്‍ ശശിയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നന്ദനിയുടെ കഥ നിരവധി പേരെ സ്പര്‍ശിച്ചു. നിരവധി പേര്‍ നന്ദിനിക്ക് സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തി. ഊബര്‍ ഇന്ത്യ പ്രസിഡന്റ് പ്രഭ്ജീത് സിംഗും അതില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ പോസ്റ്റ് മറ്റ് ചില ചര്‍ച്ചകള്‍ക്കും വഴിവെച്ചു. നന്ദിനിയുടെ വീട്ടില്‍ കുട്ടിയെ പരിപാലിക്കാന്‍ കഴിയുന്ന ബന്ധുക്കള്‍ ആരും തന്നെ ഇല്ലേ എന്ന് ചിലര്‍ ചോദിച്ചു. ഭര്‍ത്താവിനെക്കുറിച്ചും ബന്ധുക്കളെ കുറിച്ചും ചിലര്‍ അന്വേഷിച്ചു. ചില ഉപയോക്താക്കള്‍ ഊബറിന്റെ നയങ്ങളെ ചോദ്യം ചെയ്തു. ക്യാബില്‍ നാലുപേരടങ്ങുന്ന കുടുംബമാണ് സവാരി ബുക്ക് ചെയ്തതെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്നാണ് അവരുടെ ചോദ്യം.


Click it and Unblock the Notifications








