കാര്‍ മാത്രമല്ല ബ്ലൗസും 'പഞ്ച്'! വൈറലായി ഡെലിവറി വീഡിയോ
പുതിയ കാര്‍ വാങ്ങുന്നതും അതിന്റെ ഡെലിവറിയുമെല്ലാം ആഘോഷമായാണ് ഇന്ന് ഇന്ത്യക്കാര്‍ കൊണ്ടാടുന്നത്. അടുത്തകാലത്തായി സിനിമാ സ്‌റ്റൈലില്‍ ചിത്രീകരിച്ച കാര്‍ ഡെലിവറി വീഡിയോകള്‍ നിരവധിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കാറിന്റെ വലിപ്പമോ മറ്റ് കാര്യങ്ങളോ പരിഗണിക്കാതെ തന്നെ ചില ഡെലിവറി ശ്രദ്ധിക്കപ്പെടും. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികള്‍ തങ്ങളുടെ പുതിയ ടാറ്റ പഞ്ച് (Tata Punch) ഡെലിവറി എടുത്ത രീതി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വലിയ സംസാരവിഷയമായിരിക്കുകയാണ്. വാഹനത്തിന്റെ പേര് തുന്നിച്ചേര്‍ത്ത പ്രത്യേക വസ്ത്രം ധരിച്ചെത്തിയ യുവതിയുടെ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
അവിനാഷ് രൂപ്‌നൂറെയും ഭാര്യ റിയ അവിനാഷ് രൂപ്‌നൂറെയും പങ്കുവെച്ച ടാറ്റ പഞ്ചിന്റെ ഡെലിവറി വീഡിയോ എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തമായി. നവംബര്‍ ആദ്യവാരം നടന്ന ഡെലിവറി വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വസ്ത്രധാരണത്തിലെ പ്രത്യേകതയാണ് ഈ വീഡിയോയെ ശ്രദ്ധേയമാക്കിയത്. കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങാനായി റിയ തങ്ങളുടെ പഞ്ചിനായി തെരഞ്ഞെടുത്ത 'ഡേടോണ ഗ്രേ' നിറത്തിന് അനുയോജ്യമായ സാരിയാണ് ധരിച്ചിരുന്നത്. എന്നാല്‍ സാരിയേക്കാള്‍ കൗതുകകരമായത് റിയയുടെ ബ്ലൗസ് ആയിരുന്നു.

ബ്ലൗസിന്റെ പിന്‍ഭാഗത്ത് 'PUNCH' എന്ന് വലിയ അക്ഷരത്തില്‍ തുന്നിച്ചേര്‍ത്തിരുന്നു. കാര്‍ മാത്രമല്ല ബ്ലൗസും പഞ്ചായെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഇതിനുപുറമെ, യുവതി ധരിച്ച സാരിയുടെ ബോര്‍ഡറുകളില്‍ ടാറ്റ ലോഗോ തുന്നിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ടാറ്റ മോട്ടോര്‍സിനോടുള്ള ആദരസൂചകമായി ഡിസൈന്‍ ചെയ്തതാണ് ഈ വസ്ത്രം. ഏതായാലും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വീഡിയോക്ക് ഇന്‍സ്റ്റാഗ്രാമില്‍ 2.1 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. പഞ്ച് ഉടമകളും വാഹനപ്രേമികളും വീഡിയോയുടെ കമന്റ് ബോക്‌സില്‍ കൈയ്യടികളുമായി എത്തി.
'പഞ്ച് സാധാരണക്കാരന്റെ ഹൃദയമിടിപ്പാണ്' എന്നാണ് ഒരു ഉപഭോക്താവ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. വാഹനത്തോടുള്ള കുടുംബത്തിന്റെ ഇഷ്ടം പ്രകടിപ്പിക്കാനാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് വൈറല്‍ വീഡിയോ സൂചിപ്പിക്കുന്നത്. കാറിന് മുന്നില്‍ ആരതി ഉഴിയുന്നതും മറ്റ് ആഘോഷങ്ങള്‍ നടത്തുന്നതുമെല്ലാം വീഡിയോയില്‍ കാണാമെങ്കിലും റിയയുടെ ഔട്ട്ഫിറ്റാണ് ട്രെന്‍ഡിംഗായത്. ടാറ്റ പഞ്ചിന്റെ ഐസിഇ പതിപ്പാണ് ദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ടാറ്റയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയായ പഞ്ച് നിലവില്‍ വില്‍പ്പനയുടെ കാര്യത്തില്‍ നെക്‌സോണിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. സുരക്ഷയ്ക്കും പ്രായോഗികതയ്ക്കും മുന്‍ഗണന നല്‍കുന്ന രാജ്യത്തെ ഇടത്തരം കുടുംബങ്ങളാണ് ഈ മൈക്രോ എസ്‌യുവി ഏറ്റെടുത്ത് വിജയിപ്പിച്ചത്. 2021 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ പഞ്ച് 4 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു. നിലവില്‍ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പഞ്ച് ഓഫര്‍ ചെയ്യുന്നു.
ഐസിഇ പഞ്ചില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. പെട്രോള്‍ വേരിയന്റുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. അതേസമയം സിഎന്‍ജി പഞ്ച് മാനുവല്‍ ഗിയര്‍ബോക്‌സിനോടൊപ്പം മാത്രമാണ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം അതായത് 2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്നു പഞ്ച്. എന്നാല്‍ ഈ വര്‍ഷം വില്‍പ്പന താരതമ്യേന കുറവായിരുന്നു.

ഈ സാഹചര്യത്തില്‍ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍ പുറത്തിറക്കാനുള്ള പരിപാടികളിലാണ് ടാറ്റ.
ഇതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തകൃതിയായി അരങ്ങേറുന്നു. പഞ്ചിന്റെ സിഎന്‍ജി പതിപ്പ് മൂന്നാറില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. മുഖംമിനുക്കലിന്റെ ഭാഗമായി ഡിസൈന്‍ പരിഷ്‌കാരങ്ങളും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളുമുണ്ടാകും. എന്നാല്‍, 2026 പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്് മെക്കാനിക്കലായി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
നിലവില്‍ 5.49 ലക്ഷം രൂപ മുതല്‍ 8.14 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഐസിഇ പതിപ്പുകളുടെ എക്‌സ് ഷോറൂം വില. ഫെയ്‌സ്ലിഫ്റ്റ് പതിപ്പ് എത്തുന്നതോടെ വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായേക്കാം. മികച്ച ഇന്ധനക്ഷമതയും സുരക്ഷയും മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമാണ് പഞ്ചിനെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കോംപാക്ട് എസ്‌യുവികളില്‍ ഒന്നാക്കി മാറ്റുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നതോടെ വിപണി വിഹിതം വീണ്ടും ഉയര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








