103 കി.മീ വേഗത്തില്‍ പറക്കുന്നതിന് മുമ്പ് 300 വാക്ക് ഉപന്യാസം സെറ്റ്! പോര്‍ഷ അപകടക്കേസിനെ ട്രോളി വീഡിയോ
അടുത്തിടെ രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത 17 വയസുകാരന്‍ മദ്യലഹരിയിലുണ്ടാക്കിയ കാര്‍ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചത്. മഹാരാഷ്ട്രയിലെ പൂണെയിലായിരുന്നു സംഭവം. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ വിശാല്‍ അഗര്‍വാളിന്റെ മകനായിരുന്നു പ്രതി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പ്രതിക്ക് 15 മണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കിയത് വന്‍ വിവാദമായിരുന്നു. മാത്രമല്ല കുട്ടിക്കുറ്റവാളിക്ക് വിധിച്ച ശിക്ഷയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ഇപ്പോള്‍ വാഹനാപകട കേസില്‍ പ്രതിയായ സമ്പന്നനായ കൗമാരക്കാരന് ജാമ്യം അനുവദിക്കുന്നതിന് മുന്നോട്ട് വെച്ച ഉപാധികൾ ട്രോളിക്കൊണ്ട് യൂട്യൂബര്‍ പങ്കുവെച്ച വീഡിയോയും വൈറലായിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.
പൂണെ അപകടത്തില്‍ 17-കാരന്‍ ഓടിച്ച പോര്‍ഷ ടെയ്കാന്‍ കാര്‍ ഇടിച്ചാണ് രണ്ട് പേരെ മരിച്ചത്. പൂനെ അപകടക്കേസില്‍ സംഭവം നടന്ന് 15 മണിക്കൂറിന് ശേഷം 17 കാരനെ ജാമ്യത്തില്‍ വിട്ടു. 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പൊലീസിനൊപ്പം ജോലി ചെയ്യുക, മദ്യപാന ശീലത്തിന് ചികിത്സ ചെയ്യുക എന്നിവയായിരുന്നു ശിക്ഷയായി വിധിച്ചത്.

രണ്ടുപേരുടെ ജീവന്‍ പൊലിയാന്‍ ഇടയായ അപകടത്തിന് കാരണക്കാരനായ പ്രതിക്ക് വിധിച്ച ശിക്ഷ വളരെ കുറഞ്ഞു പോയതായി ആക്ഷേപമുയര്‍ന്നു. സമ്പന്ന കുടുംബത്തില്‍ നിന്നുള്ളയാളാണ് പ്രതിയെന്നത് വിധിയെ സ്വാധീനിച്ചുവെന്ന തരത്തില്‍ വിവിധ കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഇപ്പോള്‍ വിവാദമായ ശിക്ഷാ വിധിയെ പരിഹസിച്ച് കൊണ്ട് ഗജോധര്‍സിങ് കൂള്‍ എന്നറിയപ്പെടുന്ന വ്‌ലോഗര്‍ വീഡിയോ ചെയ്തിരിക്കുകയാണ്.
ഈ വീഡിയോയില്‍ വേ്‌ലാഗര്‍ മണിക്കൂറില്‍ 103 കിലോമീറ്റര്‍ വേഗതയില്‍ തന്റെ മെര്‍സിഡീസ് കാര്‍ ഓടിക്കുന്നു. പൂണെ അപകടക്കേസിലെ ശിക്ഷയുടെ ലാഘവത്വത്തെ പരിഹസിച്ച വേ്‌ലാഗര്‍ കുറ്റവാളി ചെയ്യേണ്ടത് പോലെ താന്‍ ഇതിനകം 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതിയിട്ടുണ്ടെന്ന് പറയുന്നു. വീഡിയോയില്‍ വ്‌ലോഗര്‍ തന്റെ മെര്‍സിഡീസ് ഹൈവേയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് പായിച്ചത്.

വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടെ ക്യാമറയില്‍ ഇദ്ദേഹം ഉപന്യാസം എഴുതിയെന്ന് പറയുന്ന നോട്ട്ബുക്ക് കാണിക്കുന്നു. അശ്രദ്ധയോടെയാണ് ഇവിടെ വേ്‌ലാഗര്‍ വളയം പിടിക്കുന്നതെന്ന കാര്യവും പറയാതിരിക്കാനാകില്ല. വീഡിയോ ഷൂട്ട് ചെയ്യുകയും വണ്ടിയോടിക്കുകയും ചെയ്യുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലെല്ലോ. കാരണം അടിയന്തിര സാഹചര്യങ്ങളില്‍ അയാള്‍ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ കഴിയണമെന്നില്ല. അടുത്തകാലത്തായി ഒത്തിരി മാരകമായ റോഡപകടങ്ങള്‍ നടന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആശങ്ക സൃഷ്ടിക്കുന്നു.
നിയമവ്യവസ്ഥയിലെ പഴുതുകളെയും പോരായ്മകളെയും കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ത്താന്‍ ഒരുപക്ഷേ വേ്‌ലാഗറുടെ പോസ്റ്റ് കൊണ്ട് സാധിക്കും. എന്നാല്‍ ഇവിടെ വേ്‌ലാഗര്‍ ചെയ്ത പോലുള്ള പ്രവര്‍ത്തികള്‍ പക്ഷേ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഡ്രൈവ് ചെയ്യുന്നത് തങ്ങള്‍ക്ക് മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും അപകടമാണ്. ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധിയാളുകള്‍ ഇതേ കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൂണെ അപകടവും തുടര്‍ന്നുള്ള സോഷ്യല്‍ മീഡിയ പോസ്റ്റും ജനരോഷം ആളിക്കത്തിച്ചു.

ഇത്തരം കുറ്റകൃത്യങ്ങളുടെ തീവ്രതക്ക് അനുസരിച്ചുള്ള ശിക്ഷ വിധിക്കാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് പലരും വിശ്വസിക്കുന്നു. ഈ സംഭവങ്ങളുടെ ഗൗരവം പ്രതിഫലിപ്പിക്കുന്ന നടപടികള്‍ ഉള്‍പ്പെടുത്തി നിയമ സംവിധാനം നവീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. പൂണെ അപകടത്തിന് പിന്നാലെ റോഡ് സുരക്ഷയെയും ട്രാഫിക് നിയമ നിര്‍വഹണത്തെയും കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും പൊതുചര്‍ച്ചയായിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നിയമലംഘകര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കാനും കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
വീഡിയോ ചെയ്ത രീതിയോട് വിയോജിപ്പുണ്ടെങ്കിലും ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ ഒരു നിയമ ചട്ടക്കൂടിന്റെ ആവശ്യമുണ്ടെന്നും അത് കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയും ചെയ്യുന്ന മാറ്റങ്ങള്‍ക്ക് വിത്തുപാകാന്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്ന ചര്‍ച്ചകള്‍ക്ക് സാധിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. ഇവിടെ വേ്‌ലാഗര്‍ ചെയ്ത പ്രവര്‍ത്തിയെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








