ജര്‍മനാ അല്ല്യോഡാ... കണ്ടെയിനര്‍ വീണിട്ടും പോളോ നില്‍ക്കുന്ന ആ നില്‍പ്പ് കണ്ടോ!
ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ഇതുവരെ പുറത്തിറക്കിയ ഏറ്റവും ജനപ്രിയ കാറുകളില്‍ ഒന്നാണ് പോളോ. രാജ്യാന്തര വിപണിയിലെ അഞ്ചാം തലമുറ മോഡലായിരുന്നു 2010-ല്‍ ഇന്ത്യയില്‍ എത്തിയത്. സ്പോര്‍ട്ടി ഡിസൈന്‍, സേഫ്റ്റി, രസംപിടിപ്പിക്കുന്ന ഡ്രൈവിംഗ് അനുഭവം എന്നിവയിലൂടെ പോളോ യൂത്തന്‍മാരുടെ രോമാഞ്ചമായി മാറി.
ജര്‍മനിക്കാര്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച വാഹനമായിരുന്നു ഈ ഹാച്ച്ബാക്ക് മോഡല്‍. 12 വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ കാര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. കാര്‍ നിര്‍ത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച സമയത്ത് പോലും പ്രതിമാസം 3000 ബുക്കിങ്ങുകള്‍ ലഭിക്കുന്നുണ്ടായിരുന്നുവെന്ന് അറിഞ്ഞാല്‍ നമുക്ക് ഇതിന്റെ റേഞ്ച് മനസ്സിലാകും.

വിപണിയില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും പോളോ ഇന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബില്‍ഡ് ക്വാളിറ്റിയുടെ കാര്യമാണ് പോളോയെ ഇക്കാലത്തും തലക്കെട്ടുകളില്‍ ഇടംനേടിക്കൊടുന്നത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ വാഹനങ്ങളില്‍ ഒന്നാണ് പോളോ. ഇപ്പോള്‍ ഒരു കണ്ടെയ്നര്‍ ട്രക്ക് മുകളില്‍ വന്ന് പതിച്ചിട്ടും പോളോയിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലായിരുന്നു സംഭവം നടന്നത്.
'പ്രതീക് സിംഗ്' എന്നയാളുടെ യൂട്യൂബ് ചാനലില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ രാജ്കോട്ടിലെ ഹൈവേയിലാണ് അപകടമുണ്ടായതെന്നാണ് വീഡിയോയില്‍ പറയുന്നത്. കണ്ടെയ്നര്‍ കയറ്റി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വീഡിയോയില്‍ വിവരിക്കുന്നത്. എന്നാല്‍ അപകടകാരണം ഇതുവരെ വ്യക്തമല്ല.

അപകടം നടക്കുമ്പോള്‍ ഫോക്‌സ്‌വാഗണ്‍ പോളോ എതിര്‍ദിശയിലൂടെ കടന്നുപോകുകയായിരുന്നുവെന്നാണ് തോന്നുന്നത്. അപകടമുണ്ടാകാന്‍ കാരണം ട്രക്ക് ആണോ അതോ കാര്‍ ആണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുന്നില്ല. കാരണം കണ്ടെയിനര്‍ പോളോയുടെ മുകളില്‍ 'വിശ്രമിക്കുന്ന' കാഴ്ചയാണ് യൂട്യൂബ് വീഡിയോയില്‍ കാണുന്നത്. ട്രക്ക് ശരിയായി കാണാനാകുന്നില്ല. അപകടസമയത്ത് കണ്ടെയിനറിനുള്ളില്‍ ലോഡ് ഉണ്ടായിരുന്നോ എന്ന കാര്യവും തീര്‍ച്ചയില്ല.
ഏതായാലും ഈ അപകടകരമായ സാഹചര്യത്തില്‍ പോളോയുടെ ബില്‍ഡ് ക്വാളിറ്റി ജീവന്‍ രക്ഷിച്ചുവെന്ന് പറയാം. അപകടത്തില്‍ പോളോയുടെ സസ്‌പെന്‍ മുഴുവനായും തകര്‍ന്നുവെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ പോളോയുടെ റൂഫും പില്ലറുകളും കേടുപാടുകള്‍ കൂടാതെയാണ് ഇരിക്കുന്നതെന്ന കാര്യം ഏവരെയും അത്ഭുതപ്പെടുത്തും. അതുപോലെ തന്നെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡിനും ജനലുകള്‍ക്കും പോറലുകളേറ്റിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്.

കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി വീഡിയോയില്‍ പറയുന്നു. എന്നാല്‍ അപകടസമയത്ത് കാറില്‍ എത്ര പേരായിരുന്നു യാത്ര ചെയ്തതെന്ന കാര്യം പറയുന്നില്ല. ട്രക്ക് ഡ്രൈവറും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. ഹാച്ച്ബാക്കിന്റെ ഷെല്‍ കേടുകൂടാതെയിരിക്കുന്നതിനാലാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.എന്നാല്‍ കാറിന്റെ മുന്‍വശത്തെ ബമ്പര്‍, ബോണറ്റ്, ഇടത്‌വശത്തെ ഹെഡ്ലൈറ്റ് എന്നിവ തകര്‍ന്നിട്ടുണ്ട്.
റിയര്‍ ബമ്പറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കണ്ടെയ്നര്‍ പിന്‍വശത്ത് വീണതിനാല്‍ പിറകിലെ വന്‍ഡ്ഷീല്‍ഡ് തകര്‍ന്നിട്ടുണ്ട്. ഇതാദ്യമായല്ല ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മഹീന്ദ്ര XUV700 എസ്‌യുവിയുടെ മുകളില്‍ ലോഡുമായി വന്ന കണ്ടെയിനര്‍ പതിച്ച സംഭവവും അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്നും യാത്രക്കാര്‍ സുരക്ഷിതമായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു.
പിന്‍വലിക്കപ്പെട്ടെങ്കിലും പോളോക്ക് യൂസ്ഡ് കാര്‍ വിപണിയില്‍ മികച്ച ഡിമാന്‍ഡാണ്. ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന ഇത്തരം ഉദാഹരണങ്ങള്‍ കൂടി ആകുന്നതോടെ ആവശ്യക്കാര്‍ ഇനിയും കൂടുമെന്ന് ഉറപ്പിച്ച് പറയാം. നിങ്ങള്‍ പോളോ ഉപയോഗിച്ച ആളാണെങ്കില്‍ കാര്‍ ഉപയോഗിച്ചിട്ടുള്ള അനുഭവം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമെല്ലോ. പോളോ ആരാധകനായ നിങ്ങളുടെ സുഹൃത്തിന് ഈ ലേഖനം പങ്കുവെക്കാനും മറക്കല്ലേ.


Click it and Unblock the Notifications








