പിഞ്ചുകുഞ്ഞുമായി മോഷ്ടിക്കപ്പെട്ട കാര്‍ ട്രാക്ക് ചെയ്യാന്‍ പണമടക്കണമെന്ന്; ഫോക്‌സ്‌വാഗണിന് പൊങ്കാല
കാര്‍ വാങ്ങുമ്പോള്‍ നമ്മള്‍ അതിലുള്ള ഫീച്ചറുകള്‍ നോക്കി വാങ്ങുന്നത് അത് എപ്പോഴെങ്കിലും ഗുണകരമാകുമെന്ന് കരുതിയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തും കാര്‍ മോഷണം പതിവാണ്. കാറുകള്‍ മോഷ്ടിച്ച് പാര്‍ട്‌സുകളാക്കി വില്‍ക്കാന്‍ വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആധുനിക കാലത്തെ കാറുകളില്‍ ജിപിഎസ് സാങ്കേതികവിദ്യയടക്കം ഉപയോഗത്തിലുള്ളതിനാല്‍ മോഷണം പോയ കാര്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും.
എന്നാല്‍ ജിപിഎസ് സാങ്കേതികവിദ്യയുണ്ടായിട്ടും അത് ഉപകാരത്തില്‍ പെട്ടില്ലെങ്കിലോ. പിഞ്ചുകുഞ്ഞുമായി മോഷണം പോയ കാര്‍ കണ്ടെത്തുന്നതിനായി പൊലീസിനെ സഹായിക്കാത്തതിനെ തുടര്‍ന്ന് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ആണിപ്പോള്‍ കടുത്ത വിമര്‍ശനത്തിന് പാത്രമായിരിക്കുന്നത്. ജിപിഎസ് സബ്‌സ്‌ക്രിപ്ഷന്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനി വിസമതിച്ചതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു അത്യാഹിത ഘട്ടത്തില്‍ അധികൃതരെ സഹായിക്കാന്‍ മനസ്സ് കാണിക്കാത്തതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉടമയുടെ കാര്‍-നെറ്റ് ട്രയല്‍ കാലയളവ് അവസാനിച്ചതാണ് കാരണം. കാര്‍ കണ്ടെത്തുന്നതിനും ജിപിഎസ് സേവനം പുനരാരംഭിക്കാനും കാര്‍നെറ്റ് പ്രതിനിധി 150 ഡോളര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി 23 നായിരുന്നു സംഭവം. 34 വയസുകാരിയായ യുവതി ചിക്കാഗോയുടെ വടക്ക് ഭാഗത്തുള്ള ലിബര്‍ട്ടിവില്ലിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തങ്ങളുടെ 2021 മോഡല്‍ ഫോക്‌സ്‌വാഗണ്‍ അറ്റ്ലസില്‍ വീടിന് സമീപം വന്നിറങ്ങിയ അവര്‍ കാറില്‍ നിന്ന് കുട്ടികളെ ഇറക്കുകയായിരുന്നു.
ഒരു കുട്ടിയെ കാറില്‍ നിന്ന് ഇറക്കി വീട്ടിലേക്ക് കൊണ്ടുപോയി ചേര്‍ത്തു. രണ്ടാമത്തെ കുട്ടിയെ എടുക്കാനായി കാറിനടുത്തേക്ക് മടങ്ങുമ്പോള്‍ ഒരു വെളുത്ത ബിഎംഡബ്ല്യു വഴിയിലെത്തി. കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ നിന്ന് ഇറങ്ങി വന്നയാള്‍ അവളെ ഇടിച്ച് വീഴ്ത്തി കാറുമായി കടന്ന് കളഞ്ഞു. യുവതിയുടെ രണ്ട് വയസുകാരനായ മകനും കാറിനുള്ളില്‍ ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ ഒപ്പം വന്ന ബിഎംഡബ്ല്യു കാറും അതിന് പിന്നാലെ ഓടിച്ച് പോയി.

ആ കാറുകളിലെന്ന് പ്രതികള്‍ യുവതിയെ ഇടിച്ചതായി ഇന്‍ഡിപെന്‍ഡന്റില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ യുവതിയിപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. എന്‍ബിസി ചിക്കാഗോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആക്രമണസമയത്ത് യുവതി ആറുമാസം ഗര്‍ഭിണിയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ച പൊലീസ് ഉടമകള്‍ക്ക് വാഹന നിയന്ത്രണവും ലൊക്കേഷന്‍ സര്‍വീസ് സേവനങ്ങളും നല്‍കുന്ന ഫോക്‌സ്‌വാഗണിന്റെ കാര്‍ നെറ്റുമായി ബന്ധപ്പെട്ടു. ഫോക്‌സ്‌വാഗണ്‍ കാര്‍-നെറ്റുമായി ബന്ധപ്പെട്ട് കാണാതായ കുട്ടിയെ കണ്ടെത്താന്‍ അതിന്റെ ട്രാക്കിംഗ് ടൂളുകള്‍ ഉപയോഗിക്കാനായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്.
ലൊക്കേഷന്‍ സര്‍വീസ് പോലുള്ളവ കാറിലെ പ്രീമിയം സവിശേഷതകളാണ്. മോഷ്ടിച്ച ഫോക്‌സ്‌വാഗണ്‍ കാറിലെ ട്രാക്കിംഗ് ഉപകരണം വീണ്ടും സജീവമാക്കുന്നതിന് പണം ലഭിക്കുന്നതുവരെ തട്ടിക്കൊണ്ടുപോയ കുട്ടിയുമായി പോയ വാഹനം ട്രാക്ക് ചെയ്യില്ലെന്ന് ബന്ധപ്പെട്ടവര്‍ നിയമപാലകരോട് പറഞ്ഞതായി ലേക്ക് കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കാര്‍ ഉടമയുടെ ബന്ധുക്കളില്‍ ഒരാള്‍ സബ്‌സ്‌ക്രിപ്ഷന്‍ പുന:സ്ഥാപിക്കാനായി പണം അടക്കാന്‍ തയാറായി. എന്നാല്‍ അപ്പോഴേക്കും അരമണിക്കൂറിലധികം സമയം പിന്നിട്ടിരുന്നു.

ഇതോടെ ഫേസ്ബുക്കില്‍ കമ്പനിക്കെതിരെ രോഷമുണര്‍ന്നു. നിരവധി പേര്‍ ഇതിനെതിരെ കമന്റുകളുമായി രംഗത്തെത്തി.'ഫോക്‌സ്വാഗണ്‍ നിങ്ങള്‍ കുറച്ച് കൂടി നന്നായി പ്രവര്‍ത്തിക്കേണ്ടിയിരുന്നു. ഇത് അതിരുകടന്നതാണ്. തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുമ്പോള്‍ നിങ്ങള്‍ പണം ആവശ്യപ്പെട്ടു. ഇതിനാല്‍ ഒരു ഫോക്‌സ്‌വാഗണ്‍ ഉടമയായ ഞാന്‍ മറ്റൊന്ന് വാങ്ങില്ല' ഒരാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഒരാളുടെ ജീവിതം അപകടാവസ്ഥയില്‍ നില്‍ക്കുമ്പോഴും ലാഭക്കൊതിയുമായി നില്‍ക്കുന്ന കമ്പനിക്ക് തിരിച്ചടി അമേരിക്കന്‍ രീതിയില്‍ തന്നെ കിട്ടുമെന്നാണ് ഒരാളുടെ കമന്റ്.
സംഭവം വിവാദമായതോടെ ഫോക്സ്വാഗണ്‍ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഉപഭോക്താക്കളുടെ സേഫ്റ്റിയും സുരക്ഷയും വളരെ ഗൗരവമായി എടുക്കുന്നു. നിയമപാലകരില്‍ നിന്നുള്ള അടിയന്തര അഭ്യര്‍ത്ഥനകള്‍ ഉള്‍പ്പെടെ കാര്‍-നെറ്റ് സപ്പോര്‍ട്ട് സേവനങ്ങള്‍ക്കായി തേര്‍ഡ് പാര്‍ട്ടി സേവനദാതാവുമായി ഫോക്സ്വാഗണ് ഒരു നടപടിക്രമമുണ്ട്. മുമ്പുണ്ടായ സംഭവങ്ങളില്‍ അവര്‍ ഈ പ്രക്രിയ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, ഈ സാഹചര്യത്തില്‍ ഇതില്‍ ഗുരുതരമായ വീഴ്ചയുണ്ടായി' കാര്‍ ഭീമന്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നാം കക്ഷിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങളിലുണ്ടായ വീഴ്ച എന്താണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. ആശ്വാസമെന്ന് പറയട്ടെ, ഒടുവില്‍ 10 മൈല്‍ അകലെയുള്ള വോക്കഗനില്‍ നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. ജിപിഎസ് സേവനങ്ങള്‍ പുന:സ്ഥാപിക്കാനെടുത്ത അരമണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്താനായി. ഒരു ബിസിനസ് സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ ഉപേക്ഷിച്ചതായാണ് കണ്ടെത്തിയത്.
സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മോഷ്ടാക്കളെയും ബിഎംഡബ്ല്യു കാറും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ കാറും മോഷ്ടിച്ചതായാണ് വിവരം. കുട്ടിയെ കണ്ടെത്താനായതില്‍ കുടുംബാംഗങ്ങളും നിയമപാലകരും ആശ്വാസത്തിലാണെങ്കിലും കാര്‍ കമ്പനിയുടെ സേവനത്തില്‍ അവര്‍ വളരെ രോഷാകുലരാണ്.
Source: Chicago SunTimes


Click it and Unblock the Notifications








