റോഡിൽ അഭ്യാസം കാണിക്കുന്നത് പോലെ അല്ല, ഒരു F1 റേസറാവാൻ ഇച്ചിരി കഷ്ടപ്പെടണം
ഏതൊരു വണ്ടിപ്രാന്തൻ അല്ലെങ്കിൽ ഡ്രൈവിങ്ങ് അമിതമായി ഇഷ്ടപ്പെടുന്ന ആരും സ്വയം ചോദിച്ചു പോകുന്ന ചോദ്യമാണ് എൻ്റെ ഡ്രൈവിങ്ങ് മികച്ചതാണോ എന്ന്. നല്ല സ്പീഡിൽ വാഹനമോടിക്കുമ്പോൾ നിങ്ങളുടെ കൂട്ടുകാർ ചിലപ്പോൾ ചോദിച്ചേക്കാം നിനക്ക് വല്ല റേസിങ്ങിനും പോകാൻ മേലെ എന്ന്. എന്നാൽ അങ്ങനെ ഒരാൾക്ക് പെട്ടെന്ന് പങ്കെടുക്കാൻ കഴിയുന്നതാണോ. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നിങ്ങളോട് റേസിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ നിങ്ങൾ വിചാരിച്ചേക്കാം സാധാരണ കാർ ഓടിക്കുന്നത് പോലെ എളുപ്പമായിരിക്കും എന്ന്. എന്നാൽ സംഭവം വേറെ ലെവലാണ് മക്കളേ. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ആദ്യമായി ഇതിന് സാമ്പത്തികപരമായി നിരവധി കടമ്പകൾ കടക്കേണ്ടതായിട്ടുണ്ട്, അതോടൊപ്പം തന്നെ ശാരീരകമായും മാനസികമായും തയ്യാറെടുത്താൻ മാത്രമേ ഇതിന് കഴിയു. ഒരു F1 ഡ്രൈവർക്ക് ഉണ്ടായിരിക്കേണ്ട ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം ഒരു ചെസ്സ് ഗ്രാൻഡ്മാസ്റ്ററുടേത് പോലെയുളള കഴിവാണ്. കടുത്ത സമ്മർദ്ദത്തിൽ നിമിഷങ്ങൾ കൊണ്ട് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് അത്യന്താപേക്ഷിതമാണ്. ഒരുപാട് വലിയ കാര്യങ്ങൾ ഒരു മില്ലി സെക്കൻഡിൻ്റെ ദൈർഘ്യത്തിൽ ചെയ്യേണ്ടതായി വരും, അത് കൊണ്ട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരും.

ഒരു F1 ഡ്രൈവർ ആകുന്നതിൻ്റെ മറ്റൊരു പ്രധാന വശം പ്രതികരണ സമയമാണ്. എഫ്1 റേസിംഗിൽ ഇത് വളരെ നിർണായകമാണ്, കാരണം ഒരു മില്ലിസെക്കൻഡിനുള്ളിൽ കാര്യങ്ങൾ മാറാം. F1 ഡ്രൈവർമാർ അവരുടെ പ്രതികരണ സമയം വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത വ്യായാമങ്ങൾ ഉപയോഗിച്ച് അവരുടെ റിഫ്ലെക്സുകൾ കർശനമായി പരിശീലിപ്പിച്ചെടുക്കുന്നു.
ലോകമെമ്പാടുമുള്ള ഓരോ ട്രാക്കിനും അതിവേഗ കോണുകൾ ഉണ്ട്. പ്രത്യേകിച്ച് സിൽവർസ്റ്റോൺ പോലുള്ള ട്രാക്കുകളിൽ, കാറിൻ്റെ നിയന്ത്രണം നിലനിർത്തിക്കൊണ്ട് കൃത്യമായതും വേഗത്തിലുള്ളതുമായ ദിശയിൽ മാറ്റങ്ങൾ വരുത്താനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന ഹൈ-സ്പീഡ് കോർണറുകൾ ഫീച്ചർ ചെയ്യുന്നുണ്ട്. ഇത്രയും വേഗത്തിൽ ചെയ്യുന്ന കാര്യമായത് കൊണ്ട് തന്നെ അത് ശരീരത്തിനെ പല രീതിയിൽ ബാധിച്ചേക്കാം. അത് കൊണ്ട് തന്നെ ഡ്രൈവർക്ക് മാനസിക തീവ്രതയും ശാരീരിക ക്ഷമതയും ആവശ്യമാണ്.

വാഹനമോടിക്കുമ്പോൾ ഡ്രൈവറിൻ്റെ ശരീരത്തിൽ പല ഭാഗത്തും ശക്തമായ മർദ്ദം വരും. ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്ന് ഡ്രൈവറുടെ കഴുത്താണ്. ഒരു ഓട്ടമത്സരത്തിൽ F1 ഡ്രൈവറുടെ ശരീരത്തിൽ പ്രയോഗിക്കുന്ന G-ഫോഴ്‌സ് വളരെ വലുതാണ്, പ്രത്യേകിച്ച് കഴുത്തിൽ. ഈ അവസ്ഥകളിൽ തല താങ്ങി നിർത്താൻ ശരാശരി മനുഷ്യൻ പാടുപെടും. ഹാർഡ് ബ്രേക്കിംഗ് സമയത്ത് നമ്മളിൽ പലർക്കും തലയും കഴുത്തും നിയന്ത്രിക്കാൻ കഴിയില്ല.
7 തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ, 2 തവണ ലോക ചാമ്പ്യനായ ഫെർണാണ്ടോ അലോൻസോ തുടങ്ങിയ ഡ്രൈവർമാർക്ക് 18 ഇഞ്ച് ചുറ്റളവുള്ള കഴുത്തുണ്ട്. ഇവ ശരാശരി മനുഷ്യൻ്റെ 15 ഇഞ്ചിനെക്കാൾ മൂന്നിഞ്ച് കൂടുതലാണ്. എഫ്1 കാർ നിർത്താൻ ശ്രമിക്കുമ്പോൾ കഴുത്തിന് പുറമെ കാലിൻ്റെ അമിത ബലവും ആവശ്യമാണ്. ബ്രേക്ക് പെഡൽ ഒരു കാൽ ഉപയോഗിച്ച് ആവർത്തിച്ച് 100 കിലോഗ്രാമിന് തുല്യമായ ശക്തിയോടെ സ്റ്റാമ്പ് ചെയ്താൽ മാത്രമേ മികച്ച് രീതിയിൽ നിർത്താൻ സാധിക്കു.

ഒരു F1 ഡ്രൈവർ ആകുന്നതിന് ആവശ്യമായ കാര്യങ്ങൾ എല്ലാം അറിഞ്ഞ് പൂർത്തിയാക്കി എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. റേസിങ്ങിൽ, ഒരു F1 കാറിൻ്റെ കോക്ക്പിറ്റിന് അമിതമായി ഉയർന്ന താപനിലയിൽ എത്താൻ കഴിയും. ട്രാക്ക് താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ടയറുകൾ 100 ഡിഗ്രി സെൽഷ്യസിലും ബ്രേക്കുകൾ 1000 ഡിഗ്രി സെൽഷ്യസിലും പ്രവർത്തിക്കുന്നു. ഫോർമുല 1 ഡ്രൈവർ ആകുക എന്ന സ്വപ്നം മുളയിലെ നുളളി കളഞ്ഞുവെന്ന് വിചാരിക്കരുതേ. ഏതൊരു കാര്യത്തിലേക്ക് നീങ്ങുന്നതിന് മുൻപ് അതിനെ കുറിച്ച് വ്യക്തമായി അറിയുക എന്നതാണ് കാര്യം.
അടുത്ത തവണ നിങ്ങൾ ഒരു F1 റേസ് കാണുമ്പോൾ, ആവേശകരമായ വേഗതയ്ക്കും നാടകീയമായ തിരിവുകൾക്കും പിന്നിൽ, ഡ്രൈവറിൻ്റെ ഒരുപാട് നാളത്തെ കഷ്ടപാടുകളുണ്ട് എന്ന് പ്രത്യേകം ഓർക്കുക. ചിലപ്പോൾ ഡ്രൈവറിനെ നിങ്ങൾ കുറ്റപ്പെടുത്തിയേക്കാം, പക്ഷേ യുദ്ധം കണ്ടു നിൽക്കുന്നവർക്ക് എന്തും പറയാം എന്നാണല്ലോ. കളത്തിലിറങ്ങി കളിക്കുമ്പോഴാണ് ശരിക്കുളള കാര്യം മനസിലാകുന്നത്. റേസിങ്ങിനെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








