ഈ സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് 'കുറഞ്ഞ ചെലവില്‍' കാര്‍ സ്വന്തമാക്കാം; നിയമം പാസാക്കി സര്‍ക്കാര്‍
ഇന്ത്യയില്‍ നമ്മള്‍ ഒരു വാഹനം വാങ്ങുമ്പോള്‍ എക്സ്‌ഷോറൂം വിലയും ഓണ്‍-റോഡ് വിലയും തമ്മില്‍ ഏകദേശം 10 ശതമാനം വ്യത്യാസം ഉണ്ടാകാറുണ്ട്. എക്‌സ്‌ഷോറൂം വിലയേക്കാള്‍ അധികം വരുന്ന ഈ 10 ശതമാനത്തില്‍ രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍, വാഹന ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സ് എന്നിവ ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ ഒരാള്‍ വാഹനം സ്വന്തമാക്കുമ്പോള്‍ റോഡ് നികുതി അല്ലെങ്കില്‍ മോട്ടോര്‍ വാഹന നികുതി അല്ലെങ്കില്‍ വാഹന്‍ നികുതി അടയ്‌ക്കേണ്ടത് അത്യാവശ്യമാണ്. മോട്ടോര്‍ വെഹിക്കിള്‍ ടാക്സേഷന്‍ ആക്ട് 1988-ലെ 39-ാം വകുപ്പ് പ്രകാരം ഓരോ വാഹന ഉടമയും പുതിയ വാഹനം വാങ്ങുമ്പോള്‍ ഒരു നിശ്ചിത തുക റോഡ് നികുതിയായി അടയ്ക്കേണ്ടത് നിര്‍ബന്ധമാണ്. രാജ്യത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് റോഡ് നികുതി ഈടാക്കുന്നത്.

എന്നിരുന്നാലും, പ്രാദേശിക റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ചെലവ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്നതിനാല്‍ റോഡ് നികുതി അടിസ്ഥാനപരമായി ഒരു സംസ്ഥാന തല നികുതിയാണ്. അതുകൊണ്ട് തന്നെ ചില സര്‍ക്കാറുകള്‍ സാധാരണക്കാരെ പരിഗണിച്ച് ചെറുകാറുകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിക്കാറുണ്ട്. അത്തരത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇപ്പോള്‍ പശ്ചിമ ബംഗാള്‍ മോട്ടോര്‍ വാഹന നികുതി (ഭേദഗതി) നിയമം 2024 അവതരിപ്പിച്ചിരിക്കുകയാണ്.
വംഗനാട്ടിലെ ചെറുകിട കാര്‍ ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ നിയഭേദഗതി. പുതിയ നിയമം അനുസരിച്ച് ചെറു കാര്‍ ഉടമകളുടെ റോഡ് നികുതി കുറഞ്ഞിരിക്കുകയാണ്. കൂടാതെ, നിയമ ഭേദഗതി വാഹന ഉടമകള്‍ക്ക് വിവിധ വിഭാഗങ്ങളിലുള്ള മുന്‍കൂര്‍ നികുതി പേയ്‌മെന്റുകളില്‍ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നു. ചെറിയ കാറുകള്‍ക്ക് പുറമേ പുതുതായി അവതരിപ്പിച്ച പശ്ചിമ ബംഗാള്‍ മോട്ടോര്‍ വെഹിക്കിള്‍സ് ടാക്സ് (ഭേദഗതി) നിയമം 2024 വിവിധ വിഭാഗങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ആശ്വാസം നല്‍കി.

പശ്ചിമ ബംഗാളില്‍ ആദ്യ രജിസ്‌ട്രേഷന്‍ സമയത്ത് ആജീവനാന്ത നികുതി അടച്ചിട്ടില്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാത്ത 14 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന സ്വകാര്യ കാറുകളുടെയും വാഹനങ്ങളുടെയും ആജീവനാന്ത റോഡ് നികുതി ഇനി മുതല്‍ വാഹനത്തിന്റെ മൂല്യത്തിന്റെ 7.5 ശതമാനം ആയിരിക്കും. മുമ്പ് അഞ്ച് വര്‍ഷത്തേക്ക് ഒറ്റത്തവണ 5.5 ശതമാനം നികുതിയായി നല്‍കേണ്ടി വന്നിരുന്നു. ഈ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ക്ക് പുതിയ ഭേദഗതി പ്രയോജനകരമാണ്.
ഭേദഗതിക്ക് മുമ്പുള്ള നികുതി ഘടന പ്രകാരം 10 വര്‍ഷത്തേക്ക് പോലും വാഹനം കൈവശം വച്ചാല്‍ 11 ശതമാനം റോഡ് നികുതി കാര്‍ ഉടമ അടയ്ക്കണം. ഭേദഗതിക്ക് ശേഷം വാഹന ഉടമകള്‍ക്ക് ആജീവനാന്ത നികുതി കുറയുന്നു. അതായത് നിങ്ങള്‍ ഒരു പെട്രോള്‍ കാര്‍ സ്വന്തമാക്കുകയും അതിന് ആജീവനാന്ത നികുതി അടയ്ക്കാന്‍ പദ്ധതിയിടുകയും ചെയ്താല്‍ വാഹനത്തിന്റെ മൂല്യത്തിന്റെ 7.5 ശതമാനം നികുതിയടച്ച് 15 വര്‍ഷം സംസ്ഥാനത്തെ റോഡുകളില്‍ ഓടിച്ച് നടക്കാം.

മുമ്പായിരുന്നെങ്കില്‍ ഒരാള്‍ 15 വര്‍ഷത്തേക്ക് വാഹനം കൈവശം വെക്കാനായി കാറിന്റെ മൂല്യത്തിന്റെ 16.5 ശതമാനം നികുതിയായി അടക്കേണ്ടിയിരുന്നു. പെട്രോള്‍ കാറുകളുടെ ആജീവനാന്ത നികുതി 15 വര്‍ഷത്തേക്കാണ് കണക്കാക്കുന്നത്. മറുവശത്ത് ഡീസല്‍ കാറുകളുടെ ആജീവനാന്ത നികുതി കാലാവധി 10 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഫിറ്റ്‌നെസ് തെളിയിച്ച് വീണ്ടും നികുതി അടച്ച് ഇത് നീട്ടാവുന്നതാണ്.
വാഹനങ്ങളുടെ ആജീവനാന്ത നികുതി നിരക്ക് കുറച്ചത് സംസ്ഥാനത്തെ ഗതാഗത രംഗത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുമെന്ന് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല നികുതി കുറക്കാനുള്ള ഈ നീക്കം വാഹന ഉടമകള്‍ക്ക് കൂടുതല്‍ സുതാര്യതയും സൗകര്യവും ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. മാത്രമല്ല കുറഞ്ഞ ചെലവില്‍ നികുതി അടയ്ക്കാന്‍ സാധിക്കുമെന്നതിനാല്‍ വാഹന ഉടമകളുടെ നികുതി വെട്ടിപ്പ് നടത്താന്‍ ഒരുങ്ങില്ലെന്നും സര്‍ക്കാര്‍ പ്രത്യാശിക്കുന്നു.
ഇന്ത്യയില്‍ വാഹനം കൈവശമുള്ള ഓരോ വ്യക്തിക്കും റോഡ് നികുതി നിര്‍ബന്ധമാണ്. നികുതി ഒരു സംസ്ഥാനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. റോഡുകളുടെ വിശാലമായ ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും തെരുവ് വിളക്കുകള്‍, റോഡ് സൈനുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ ഈ ഫണ്ട് ഉപയോഗിക്കുന്നത്. നിങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറുകയാണെങ്കില്‍ മാറി ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ മാറിയ സംസ്ഥാന സര്‍ക്കാരിന് നികുതി അടയ്ക്കേണ്ടതുണ്ട്.


Click it and Unblock the Notifications








