പഴയ കാര്‍ 'പൊളിച്ച്' പുതിയൊരെണ്ണം എടുക്കുന്നോ? കാത്തിരിക്കുന്ന നേട്ടങ്ങള്‍ അറിയാം
അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കാനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വാഹന സ്‌ക്രാപ്പേജ് നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. പഴയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണത്തെ ചെറുക്കുന്നതിനായി ആസൂത്രണം ചെയ്തിട്ടുള്ള നിരവധി നടപടികളില്‍ സുപ്രധാനമായ ഒന്നാണ് ഇത്. വാഹന സ്‌ക്രാപ്പേജ് നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.
വാഹന സ്‌ക്രാപ്പേജ് നയപ്രകാരം നിങ്ങള്‍ ഒരു പുതിയ വാഹനം വാങ്ങുന്നതിന് മുമ്പ് പഴയ വാഹനം പൊളിക്കാന്‍ നല്‍കുകയാണെങ്കില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും. അത് എന്തൊക്കെയാണെന്നാണ് ഇനി നിങ്ങളുമായി പങ്കുവെക്കാന്‍ പോകുന്നത്. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി പ്രകാരം വാഹനത്തിന്റെ എക്സ്‌ഷോറൂം വിലയുടെ ഏകദേശം 4 മുതല്‍ 6 ശതമാനം വരെ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങള്‍ക്ക് ഉടനടി നല്‍കും.

സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങുന്നവര്‍ക്ക് ചില അധിക ആനുകൂല്യങ്ങള്‍ ഉണ്ട്. അവര്‍ പുതുതായി വാങ്ങുന്ന കാറിന് റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. വണ്ടി പൊളിച്ചാല്‍ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങളുടെ പഴയ കാര്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് നേടാം.
ഇനി ഉടമയായ നിങ്ങള്‍ പുതിയ കാര്‍ വാങ്ങുന്നില്ലെന്ന് വെക്കുക, ഈ സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നല്‍കാം. ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നേടാം. മാത്രമല്ല പഴയ കാറിന്റെ സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ പുതിയ വാഹനത്തിന്റെ വിലയില്‍ 5 ശതമാനം കിഴിവ് നല്‍കാനും വാഹന നിര്‍മ്മാതാക്കളോട് കരടില്‍ നിര്‍ദേശമുണ്ട്.

വാഹന സ്‌ക്രാപ്പേജ് നയത്തിന് കീഴില്‍ മുകളില്‍ സൂചിപ്പിച്ച ആനുകൂല്യങ്ങള്‍ ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല എന്ന കാര്യം മാന്യ വായനക്കാര്‍ പ്രത്യേകം ഓര്‍മിക്കുക. ഈ ആനുകൂല്യങ്ങള്‍ ബ്രാന്‍ഡുകള്‍ക്കും മോഡലുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാം. അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള കാര്‍ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുമല്ലോ. ഇനി വാഹന സ്‌ക്രാപ്പേജ് പോളിസി എന്തുകൊണ്ടാണ് പ്രധാനമെന്ന് ഇനി നോക്കാം.
മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പഴയ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതില്‍ വാഹന സ്‌ക്രാപ്പേജ് നയം പ്രധാന പങ്ക് വഹിക്കുന്നു. ഇത് കേടായ പഴയ വാഹനങ്ങളെ തടയുന്നുവെന്ന് മാത്രമല്ല വാഹനങ്ങളില്‍ നിന്നുള്ള മൊത്തത്തിലുള്ള വായു മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഓട്ടോമോട്ടീവ്, സ്റ്റീല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിവിധ ഇന്‍ഡസ്ട്രികള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ വര്‍ധിച്ചുവരുന്ന വിലയുടെ ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.

താരതമ്യേന പുതിയ കാറുകളേക്കാള്‍ പഴയ കാറുകളുടെ പരിപാലനച്ചെലവ് കൂടുതലാണെന്ന് കാര്യം നമ്മള്‍ ഏവര്‍ക്കും അറിയാം. പുതിയ വാഹനങ്ങള്‍ കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വരുന്നത്. അതുകൊണ്ട് അവ മലിനീകരണം കുറക്കുന്നുവെന്ന് മാത്രമല്ല ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് പുറത്തെടുക്കുകയും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ മാറ്റി പുതിയത് എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
വാഹന സ്‌ക്രാപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ പ്രക്രിയ ഇപ്പോള്‍ കൂടുതല്‍ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കാര്യം എന്തെന്നാല്‍, സ്‌ക്രാപ്പേജ് പോളിസിയുടെ കരട് അനുസരിച്ച് 15 വര്‍ഷത്തിലധികം പഴക്കമുള്ള കാറുകള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അവ തുടര്‍ന്നും ഉപയോഗിക്കാം. വാഹന ഫിറ്റ്നസ് പരിശോധനയിലൂടെയാണ് ഇതിന്റെ 'ആരോഗ്യം' വിലയിരുത്തുന്നത്. വാഹനം ഫിറ്റാണെങ്കില്‍ രജിസ്‌ട്രേഷന്‍ ഫീ നല്‍കി അടുത്ത അഞ്ച് വര്‍ഷം കൂടി വണ്ടി നിരത്തിലിറക്കാം.

എന്നാല്‍ മലിനീകരണം വളരെ കൂടുതലായതിന്റെ അടിസ്ഥാനത്തില്‍ ന്യൂഡല്‍ഹിയില്‍ നിയമം വളരെ കര്‍ശനമാണ്. ഇവിടെ റീ-രജിസ്‌ട്രേഷന്‍ പോളിസി ബാധകമല്ലെന്ന കാര്യം ശ്രദ്ധിക്കുക. ഇത്രയും വായിച്ചതില്‍ നിന്ന് വാഹനം 'പൊളിക്കാന്‍' കൊടുക്കുന്നതിനെ കുറിച്ച് നിങ്ങള്‍ എന്ത് ചിന്തിക്കുന്നു. പുതിയ കാര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ പഴയ കാര്‍ സ്‌ക്രാപ്പ് ചെയ്്ത് ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കുമോ?. അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








