ഓട്ടോക്കാരനെ വെറുക്കുന്ന നഗരവാസികൾ!
നഗരത്തിൽ താമസിക്കാനിഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ. നാട്ടുമ്പുറത്തെന്ന പോലെ നഗരത്തിലും ചുഷണങ്ങളുണ്ട്. വാടകവീട്, കുട്ടികളുടെ വിദ്യാഭ്യാസം, ജോലി ചെയ്യുന്ന സ്ഥാപനം, ഭക്ഷണച്ചെലവ് എന്നിങ്ങനെ തൊടുന്നിടത്തെല്ലാം നിങ്ങൾക്ക് പണി കിട്ടുന്നുണ്ട്. വഴിയിൽ കാണുന്നവരെല്ലാം നിങ്ങൾക്ക് പണി തരുന്നുണ്ട്. ഇവയ്ക്ക് ഏത്രയും വിധേയമായി നിന്നുകൊണ്ട് ജീവിക്കാനുള്ള ശേഷി ഇതിനകം നിങ്ങൾ കൈവരിച്ചിരിക്കുന്നു. നിങ്ങളുടെ പേരാണ് മിഡിൽ ക്ലാസ് മാൻ!
ഇതിന്റെയെല്ലാം ഫ്രസ്ട്രേഷൻ നിങ്ങളുടെ മനസ്സിൽ ആഞ്ഞു പതിഞ്ഞു കിടപ്പുണ്ട്. എവിടെയെങ്കിലും വെച്ച് എപ്പോഴെങ്കിലും അത് പൊട്ടിത്തെറിച്ചാലുണ്ടാകുന്ന അപകടം ചെറുതല്ല. പണി പാളും. എങ്കിലും ചിലയിടങ്ങളിൽ ചിലരോട് താരതമ്യേന സുരക്ഷിതമായി നിങ്ങൾക്ക് പൊട്ടിത്തെറിക്കാം. അവരാണ് ഓട്ടോക്കാർ!
ഇന്ത്യയിലെ മിഡിൽ ക്ലാസ്സുകാരെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ചൂഷകർ നിങ്ങളിൽ പലരും വിചാരിക്കുന്ന പോലെ അംബാനിയോ മറ്റേതെങ്കിലും വിദേശകുത്തകയോ, സർക്കാരുദ്യോഗസ്ഥരോ അല്ല. അത് പത്ത് രൂപ കൂടുതൽ കിട്ടാനായി നിങ്ങളോട് കടിപിടി കൂടുന്ന, മെലിഞ്ഞുണങ്ങിയ, ഗുണ്ടാത്തലവന്റെ കണ്ണുകളുള്ള ആ ഓട്ടോറിക്ഷക്കാരനാണ്. അയാൾ നിങ്ങളിൽ നിന്നു പിടുങ്ങുന്നത്ര പണം ലോകത്തിൽ മറ്റാരും തന്നെ പിടുങ്ങുന്നില്ല എന്ന് നിങ്ങൾക്കുറപ്പാണ്!
പ്രസ്തുത ഓട്ടോക്കാരനെ താറടിക്കുന്നതിനായി ഒരായിരം ഓട്ടോ സവാരിക്കുള്ള പണം ചെലവിട്ടും നമ്മൾ വീഡിയോ പിടിക്കും. താഴെ നമ്മൾ പിടിച്ച വീഡിയോ കാണാം.


Click it and Unblock the Notifications








