ഓട്ടോ ഓടിച്ച് ജീവിക്കാൻ പ്ലാനുണ്ടോ? വണ്ടി വാങ്ങുന്നത് മുതൽ സർവീസ് വരെയുള്ള A to Z കാര്യങ്ങൾ ഇതാ
വിദ്യാഭ്യാസ സമ്പന്നരായ നിരവധി ചെറുപ്പക്കാർ ജോലി അന്വേഷിച്ച് മടുക്കുമ്പോൾ എന്തെങ്കിലും സ്വയംതൊഴിൽ കണ്ടുപിടിക്കണമെന്ന് വിചാരിക്കാറുണ്ട്, ആദ്യം മനസിലേക്ക് വരുന്നത് ഒരു ഓട്ടോ വാങ്ങിയാലോ എന്നായിരിക്കും. എന്നാൽ വിചാരിക്കുന്നത് പോലെ എളുപ്പമുള്ള കാര്യമാണോ ഒരു ഓട്ടോ വാങ്ങുക എന്നതും അത് ഓടിച്ച് പണം സമ്പാദിക്കുക എന്നതും.തലക്കെട്ടിൽ ചോദിക്കുന്നത് പോലെ നിങ്ങൾക്ക് ഓട്ടോ ഓടിച്ച് ജീവിക്കാനാണ് തീരുമാനമെങ്കിൽ നിങ്ങൾക്ക് അതിനെ കുറിച്ച് കുറച്ച് അറിവുകൾ ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുകയാണ്. എല്ലാ തൊഴിലിനും അതിൻ്റേതായ മഹത്ത്വം ഉണ്ട്. ഒരു തൊഴിലിനേയും ചെറുതായി കാണരുത് എന്ന് കൂടി ഓർമിപ്പിക്കുകയാണ്.
ആദ്യം ചിന്തിക്കേണ്ടത് ഓട്ടോ വാങ്ങുന്നത് കൊണ്ടുളള മെച്ചമാണ്. സ്റ്റാൻഡുകളിൽ എല്ലാം ഓട്ടോറിക്ഷ നിറഞ്ഞിരിക്കുകയാണ്. നമ്മളുടെ ഒക്കെ കുടുംബങ്ങളിൽ ആണെങ്കിലും സ്ഥിരമായി ഓട്ടം വിളിക്കുന്ന ചേട്ടൻമാർ കാണും, അത് പോലെ തന്നെ സ്കൂൾ കുട്ടികളുമായി പോകുന്ന ഓട്ടോ, അങ്ങനെ സ്ഥിരമായി ഓട്ടമുള്ളവരുണ്ട്. അവർ ചിലപ്പോൾ സ്റ്റാൻഡിൽ കിടക്കുന്നതിലും കൂടുതൽ പണം ഈ രീതിയിലൂടെ സമ്പാദിക്കുന്നുണ്ടാകും. നിങ്ങളൊരു ഓട്ടോ വാങ്ങിയാൽ നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള ഓട്ടം ഒന്ന് ആദ്യം ചിന്തിച്ചു നോക്കുക.

ഇനി പുതിയ ഓട്ടോ വാങ്ങുന്ന വിഷയത്തിലേക്ക് വരാം. ഓട്ടോ എന്ന് പറയുമ്പോൾ തന്നെ മനസിലേക്ക് ഓടി വരുന്നത് പിയാജിയോ ബ്രാൻഡിൻ്റെ ആപ്പേ എന്ന ഓട്ടോയാണ്. ബജാജ്,മഹീന്ദ്ര എന്നീ മുൻനിര ബ്രാൻഡുകളെല്ലാം ഓട്ടോ വിൽക്കുന്നുണ്ടെങ്കിലും ഓട്ടോ എന്നാൽ എല്ലാവർക്കും അത് ആപ്പേയാണ്. പിയാജിയോയും ഈ മേഖലയിലെ പ്രമുഖ ബ്രാൻഡ് തന്നെയാണ്. ബജാജിൻ്റെ ഒരു പെട്രോൾ ഓട്ടോറിക്ഷയുടെ വില എന്ന് പറയുന്നത് 2,27,000 രൂപയാണ്. ഇത് കോട്ടയം ജില്ലയിലെ ഓൺറോഡ് വിലയാണ്, ജില്ലകളനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുമെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.
ബജാജ് കോംപക്ട് ഡീസൽ മോഡലിൻ്റെ ഓൺറോഡ് വില 2,71,500 രൂപയാണ്. അത് പോലെ തന്നെ ബജാജിൻ്റെ വലിപ്പം കൂടിയ മോഡലുകൾക്ക് 3 ലക്ഷം രൂപ മുതൽ 3.25 ലക്ഷം രൂപ വരെയാണ് ഓൺറോഡ് വിലയായി മുടക്കേണ്ടത്. പെട്രോൾ,ഡീസൽ മോഡലുകൾ താൽപ്പര്യമില്ലെങ്കിൽ പെട്രോൾ+ സിഎൻജി മോഡലുകളും ലഭ്യമാണ്. 236 സിസി എഞ്ചിനാണ് പെട്രോൾ സിഎൻജി മോഡലുകളിൽ ലഭിക്കുന്നതെങ്കിൽ ഡീസൽ മോഡലുകളുടെ എഞ്ചിൻ 470 സിസിയാണ്. പെട്രോളിന് 30 കിലോമീറ്ററും ഡീസലിന് 50 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

ഇനി നിങ്ങൾക്ക് താൽപ്പര്യം ഇവി ആണെങ്കിൽ അതിന് പറ്റിയ മോഡലുകളുമുണ്ട്. ബജാജിൻ്റെ ഇവി ഓട്ടോ ആയ ഗോഗോ എന്ന മോഡലിന് വില വരുന്നത് 3.42 ലക്ഷം രൂപയാണ്. ഫുൾ ചാർജിൽ 178 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്കായി സബ്സിഡിയും ലഭ്യമാണ്. നിങ്ങൾക്ക് സബ്സിഡി ലഭ്യമാകാൻ ചെയ്യേണ്ടത്, നിങ്ങളുടെ ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുകയും അത് പോലെ തന്നെ ബാങ്കുമായി ബന്ധിപ്പിക്കാനും ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ നിങ്ങൾ സബ്സിഡിക്ക് യോഗ്യരാകു.
സിഎൻജി ഓട്ടോകൾ വാങ്ങുമ്പോൾ പമ്പുകളുടെ കുറവ് ഒരു പോരായ്മയാണ്. പിയാജിയോയ്ക്കും സിഎൻജി മോഡലുകൾ ലഭ്യമാണ്. ഇനി വാഹനത്തിൻ്റെ സർവീസിങ്ങിലേക്ക് നോക്കിയാൽ ആദ്യത്തെ മൂന്ന് സർവീസുകൾ ഫ്രീ സർവീസുകളാണ്, അതായത് 1000,5000,10000. ഈ സർവീസുകളുടെ ഇടയിൽ ഓയിൽ, ഫ്ലൂയിഡുകൾ എന്തെങ്കിലും ടോപ്പ് അപ്പ് ചെയ്യേണ്ടി വന്നാൽ വളരെ കുറഞ്ഞ നിരക്ക് മാത്രമായിരിക്കും ഈടാക്കുക. സാധാരണ ഒരു പീരിയോഡിക്കൽ സർവീസിന് 2000 രൂപയിൽ താഴെ മാത്രമേ ചിലവാകു.

ഒരു ഓട്ടോ വാങ്ങുമ്പോൾ നിങ്ങൾ അത്യാവശം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമാണ് വായനക്കാരിക്ക് പങ്കുവച്ചത്. സ്വയംതൊഴിൽ ആരംഭിക്കുമ്പോൾ അത് എന്തായാലും ബിസിനസ്, ഓട്ടോ എന്തുമാവട്ടെ അതിനെ കുറിച്ച് വളരെ വ്യക്തമായി അന്വേഷിച്ച് പഠിച്ച്, അനുഭവസ്ഥരോട് ചോദിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ ആരംഭിക്കാവു. നിങ്ങൾക്ക് പാസഞ്ചർ ഓട്ടോയ്ക്ക് പകരം കാർഗോ ഓട്ടോയെ കുറിച്ചാണ് അറിയണ്ടതെങ്കിൽ തീർച്ചയായും കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ, നിങ്ങളുടെ സംശയത്തിനുള്ള മറുപടി തീർച്ചയായും നൽകാൻ ശ്രമിക്കുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








