അംബാനേ...നന്ന ഫേവ്ററ്റ് ഗാഡി! രംഗണ്ണന് ക്വാളിസിനോട് ഇത്രയും ഇഷ്ടം തോന്നാൻ കാരണം എന്ത്?
മലയാളക്കര ഒന്നടങ്കം ആർത്ത് തിമിർത്ത ആഘോഷിച്ച ഒരു പടം തന്നെയാണ് ആവേശം. ചിത്രത്തിലെ കഥാപാത്രങ്ങളും, പാട്ടും, ഡയലോഗുകളും, എടാ മോനെ എന്ന് വിളിയും എല്ലാം തന്നെ ഇപ്പോൾ വളരെ ട്രെൻഡിംഗാണ്. അതു പോലെ തന്നെ രംഗണ്ണന്റെ ഫേവ്ററ്റ് ഗാഡിയും. ടൊയോട്ടയുടെ ഇന്ത്യൻ വിപണിയിലെ കന്നി മോഡലും ഇന്നും അതിന്റേതായ ഒരു ഫാൻ ബേസ് ഉള്ളതുമായ ടൊയോട്ട ക്വാളിസാണ് ഈ താരം എന്ന് നമുക്ക് എല്ലാവർക്കും അറിയാം.
ക്വാളിസിന്റെ ഏറ്റവും ഐക്കണിക്കായ ഗ്രീൻ ഷെയ്ഡ് തന്നെയാണ് ഇതിനും നൽകിയിരിക്കുന്നത്. എന്നാൽ എന്താണ് രംഗണ്ണന് ഈ എംപിവി ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണം. ചിത്രത്തിൽ മുറ്റത്ത് കിടക്കുന്ന ബെൻസ് ചൂണ്ടിക്കാട്ടി ഹിപ്സ്റ്റർ അവതരിപ്പിച്ച അജു എന്ന കഥാപാത്രം 'ഇതൊക്കെ ഇവിടെ കിടന്നിട്ടാണോ രംഗൻചേട്ടൻ ഈ വണ്ടിയിൽ കറങ്ങുന്നത്' എന്ന് ചോദിക്കുന്നുണ്ട്.

അപ്പോ എന്നതായിരിക്കും ഈ ക്വാളിസ് പ്രേമത്തിന് പിന്നിലെ ചേതോവികാരം? കറക്ടായി ഇതിനുള്ള കാരണങ്ങൾ ചിത്രത്തിൽ കൃത്യമായി പരാമർശിക്കുന്നില്ല, എന്നാൽ സിനിമ കണ്ടതിൽ നിന്നുള്ള എന്റെ ചില നിരീക്ഷണങ്ങളാണ് ഞാൻ നിങ്ങളുമായി ഇതിൽ പങ്കുവെയ്ക്കുന്നത്. ഇത് ശരിയാവാം ചിലപ്പോൾ തെറ്റിയേക്കാം എല്ലാവരും എന്നോട് സാദരം ക്ഷമിക്കുക.
ഒന്നാമതായി രംഗണ്ണൻ എവിടേയും ഒറ്റപ്പെട്ടു പോവാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ്. ഒരു ആഡംബര കാറിൽ ഞെളിഞ്ഞിരുന്ന് യാത്ര ചെയ്യുന്നതിലും അദ്ദേഹത്തിന് ഇഷ്ടം തന്റെ പ്രിയപ്പെട്ടവരെ ഒപ്പം കൂട്ടി അവരോടൊത്ത് സന്തോഷമായി യാത്ര ചെയ്യാനാണ്. എട്ട് മുതൽ പത്ത് സീറ്റർ ഓപ്ഷനിൽ വരെ ക്വാളിസ് എത്തിയിരുന്നു എന്നത് ആളെ കൂട്ടി കംഫർട്ടിൽ യാത്ര ചെയ്യാൻ ഇതിനെ ഇന്നും ഒരു ബെസ്റ്റ് ഓപ്ഷനായി നിലനിർത്തുന്നു.

രണ്ടാമത്തേത് രംഗണ്ണൻ എന്തിനും എപ്പോഴും റെഡിയാണ്, അത് പോലെ തന്നെയുള്ള ഒരു വാഹനമാണ് അയാൾക്ക് ആവശ്യവും ക്വാളിസ് അക്കാര്യത്തിൽ ഒരു മികച്ച ചോയിസാണ്, പണ്ട് നമ്മുടെ പൊലീസ് സേനയിൽ പോലും ഹൈവേ പൊലീസിനും മറ്റും പട്രോളിഗിനും വേണ്ടി വന്നാൽ നല്ല ചേസിംഗിനുമായി നൽകിയിരുന്നത് ക്വാളിസായിരുന്നു.
അടുത്തത് കരുതലും വിശ്വാസ്യതയുമാണ്, തന്റെ ഒപ്പം നിൽക്കുന്നവരെ നന്നായി കരുതുകയും അവർക്ക് വേണ്ടി വളരെയധികം വിശ്വാസ്യതയോടെ നിൽകുന്ന ഒരു വ്യക്തിയാണ് രംഗണ്ണൻ, വാഹന ലോകത്ത് ടൊയോട്ട എന്നാൽ വിശ്വാസ്യതയുടെ പര്യായമാണ് എന്ന് നമുക്ക് ഏവർക്കും അറിയാം, കാലങ്ങളായി ആ പേരിന് ഒരു കോട്ടവും വന്നിട്ടില്ല.

നാലാമതായി എത്രയൊക്കെ തകർക്കാൻ ശ്രമിച്ചാലും, പൂർവ്വാധികം ശക്തിയോടെ തിരികെ എത്തും എന്ന സ്വഭാവസവിശേഷതയാണ്. ശത്രുക്കൾ വളഞ്ഞിട്ട് ആക്രമിച്ചിട്ടും പല മുറിവുകളും പരിക്കുകളും ഏറ്റെങ്കിലും രംഗണ്ണനും തന്റെ വണ്ടിയും എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് വീണ്ടും പണ്ടത്തേക്കാൾ പിന്നത്തെ ഗെറ്റപ്പിൽ തിരിച്ച് എത്തുന്നു.
ഇന്നും ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന നിലയിൽ നിന്നും വളരെ ചെറിയ പരിശ്രമത്തിൽ തന്നെ ടൊയോട്ട ക്വാളിസ് സ്റ്റാർട്ടായി വരാറുണ്ട്. ടൊയോട്ടയുടെ വണ്ടികൾ പൂർണ്ണമായി തകർക്കാൻ ബിബിസി പോലും ഒരിക്കൽ പലവിധ കഠിന പരീക്ഷണങ്ങളും ടെസ്റ്റുകളും നടത്തി പരാജയപ്പെട്ടിട്ടുള്ളതാണ്. അതിന്റെ വീഡിയോയും മറ്റും ഇന്നും ഇന്റർനെറ്റിൽ ലഭ്യമാണ്.

അടുത്തതായി ഈ വാഹനത്തെ തന്റെ ഒരു ഐഡന്റിറ്റിയായിട്ടാണ് അദ്ദേഹം കൊണ്ട് നടക്കുന്ന്, റെഡ്ഡിയുടെ കൈയ്യിൽ നിന്ന് അടിച്ച് മാറ്റിയ ഡ്രെസ്സിംഗ് സ്റ്റൈൽ പോലെ തന്നെ ഇതും രംഗണ്ണൻ എന്ന വ്യക്തിയെ നിർവ്വചിക്കുന്ന ഒരു അനിവാര്യ ഘടകമാണ്. നമുക്ക് എല്ലാവർക്കും നമ്മുടെ ചെറിയ സർക്കിളിൽ തന്നെ നമ്മുടെ വണ്ടി എന്നത് ഒരു ഐഡന്റിറ്റിയാണ്.
എന്നാൽ സിനിമയിലെ അവസാന ഫൈറ്റിൽ റെഡ്ഡിക്ക് അയാളുടെ സ്റ്റൈൽ തിരികെ കൊടുക്കുന്ന രംഗണ്ണന് തന്റെ പ്രിയപ്പെട്ട ക്വാളിസും അക്കൂട്ടത്തിൽ തീയ്ക്ക് വിട്ടു കൊടുക്കേണ്ടി വരുന്നു. പിന്നീട് പുത്തൻ ലുക്കിൽ വൈറ്റ് & ഗോൾഡ് ഉപേക്ഷിച്ച് ബ്ലാക്ക് & സിൽവറിൽ എത്തുന്ന രംഗന് കൂട്ടായി ഒരു പുത്തൻ ബ്ലാക്ക് ഫോഴ്സ് ക്രൂയിസറും കാണാം.

ഈ ഫോഴ്സ് ക്രൂയിസറും മുകളിൽ സൂചിപ്പിച്ചതു പോലെ ആളെ കൂട്ടിയുള്ള യാത്ര രംഗണ്ണൻ എത്ര മാത്രം ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കുന്നു. ഇത് കൂടാതെ രംഗണ്ണന് ടൊയോട്ട ക്വാളിസ് ഇഷ്ടപ്പെടാൻ മറ്റേതെങ്കിലും കാരണങ്ങൾ കൂടെയുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ അത് കമന്റ്സിലൂടെ ഞങ്ങളെ അറിയിക്കുക.


Click it and Unblock the Notifications








