വണ്ടി വിറ്റതിന് ശേഷവും 'പിഴ' വരുന്നുണ്ടോ; ഇങ്ങനെ ചെയ്താൽ കാശ് പോകില്ല
നിങ്ങൾ വാഹനം വിറ്റതിന് ശേഷവും ഫാസ്ടാഗ് അടച്ചതിൻ്റെ നോട്ടിഫിക്കേഷൻ വരാറില്ലേ. ചിലർ അത് കണ്ണടച്ചു വിടാറുണ്ട്, എന്നാൽ അങ്ങനെ നിസാരവൽക്കരിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. കാരണം നിങ്ങളുടെ വാഹനം വിറ്റതിന് ശേഷവും നിങ്ങൾക്ക് ഫാസ്ടാഗോ, ചലാൻ നോട്ടീസോ വരുന്നുണ്ട് എങ്കിൽ നിങ്ങളുടെ പേരിൽ നിന്ന് വാഹനം മാറിയിട്ടില്ല എന്നാണ് മനസിലാക്കേണ്ടത്. നിങ്ങളുടെ ബന്ധുക്കൾക്കോ ഉറ്റസുഹൃത്തുക്കൾക്കോ വിറ്റത് ആണെങ്കിൽ പോലും വാഹനം പേരിൽ നിന്ന് മാറിയിരിക്കണം.
കാരണം ഭാവിയിൽ ഒരു പ്രശ്നം ഉണ്ടായാൽ നിങ്ങൾ പോലും അറിയാത്ത കാര്യത്തിന് ഉത്തരവാദിത്വം പറയേണ്ടി വരും. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എ.ഐ.ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്തതോടെ ദിവസേന എത്തുന്ന പരാതികളില്‍ ഒന്നാണ് ഉപയോഗിക്കാത്ത വാഹനത്തിന് പിഴ വരുന്നുവെന്നുള്ളത്. വാഹനം വാങ്ങിയവർ ചെയ്യുന്ന നിയമലംഘനങ്ങൾക്ക് മുൻ ഉടമയ്ക്കാണ് പിഴ ലഭിക്കുന്നത്.

ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യണമെന്ന് പലർക്കും അറിയില്ല. സ്വന്തം വിധിയെ പഴിച്ചു കൊണ്ട് പിഴയടയ്ക്കാന വരട്ടെ. ഇതിന് കുറച്ചു മാർഗങ്ങളുണ്ട്. നിങ്ങളുടെ വാഹനം വാങ്ങിയ വ്യക്തികളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവരുമായി ബന്ധപ്പെട്ട എത്രയും പെട്ടെന്ന വാഹനത്തിൻ്റെ ആർസി തങ്ങളുടെ പേരിൽ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെടാം. വാഹനം നിങ്ങളുടെ പേരിൽ നിന്ന് മാറാതെ ഉപയോഗിക്കരുത് എന്നും പറയാം.
എന്നാൽ അവർ അത് സ്വീകരിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് നിയമപരമായി മുന്നോട്ട് പോകാനുളള എല്ലാവിധ അധികാരവുമുണ്ട്. പൊലീസിൽ പരാതിപ്പെടുകയും വക്കീൽ നോട്ടീസ് അയക്കുകയും ചെയ്യാം. അതിന് ശേഷം ആർടി ഓഫീസിൽ എത്തി വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും വേണം. ചെലാന്‍ ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് വാഹനം നിര്‍ത്തിച്ച് എഴുതിയതാണെങ്കില്‍ ഓടിച്ചയാളുടെ ഫോണ്‍ നമ്പര്‍ ആ ചലാനില്‍ തന്നെ ഉണ്ടാകും. അതുവഴി നിലവില്‍ വാഹനം കൈവശം വെച്ചിരിക്കുന്ന വ്യക്തിയുമായി ബന്ധപ്പെടുകയും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യാം.

പരിവാഹനിൽ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നേരിട്ട് വിളി വരുകയും അത് വഴി കാര്യങ്ങൾ അറിയാനും സാധിക്കും. ഇത്തരം പൊല്ലാപ്പുകൾക്ക് പോകുന്നതിന് മുൻപ് ഏറ്റവും ഉചിതമായ കാര്യം എന്താണെന്ന് വച്ചാൽ വാഹനം വിൽക്കുമ്പോൾ തന്നെ പേര് മാറ്റി കൊടുക്കുന്നതാണ്. അതിന് വരുന്ന ചെറിയ ചിലവ് ലാഭിക്കാൻ പോയാൽ ചിലപ്പോൾ അതിൻ്റെ ഇരട്ടി പോയെന്നിരിക്കും.
ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം റോഡപകട മരണങ്ങളില്‍ 50 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എഐ ക്യാമറകള്‍ മിഴിതുറന്നത് മുതല്‍ അവ തലക്കെട്ടുകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയിരുന്നു. എഐ ക്യാമറകളില്‍ നിന്ന് വാഹന ഉടമകള്‍ക്ക് തെറ്റായി നോട്ടീസ് ലഭിക്കുന്നുവെന്ന പരാതി അടുത്തിടെ വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പലപ്പോഴും ഹെല്‍മെറ്റ് ധരിക്കാതെയും മൂന്ന്‌പേരെ കയറ്റിയുമുള്ള ബൈക്ക് യാത്രകള്‍ നടത്തിയവര്‍ക്ക് തെളിവായി നല്ല മിഴിവാര്‍ന്ന ചിത്രം സഹിതം ചലാന്‍ വന്ന ഉദാഹരണങ്ങളുണ്ട്.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെല്‍റ്റും, ഹെല്‍മറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുന്‍ സീറ്റുകളിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. അല്ലെങ്കില്‍ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കല്‍, നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് മറ്റ് നിയമലംഘനങ്ങള്‍.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാല്‍ 500 രൂപയാണ് പിഴ. ഇരുചക്രവാഹനത്തില്‍ മൂന്നുപേരെ കയറ്റിയാല്‍ 1,000 രൂപയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയുമാണ് പിഴ. എച്ച്ഡി ക്വാളിറ്റിയില്‍ ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ തുടര്‍നടപടികള്‍ക്കായി ഡേറ്റ സെന്ററിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
എഐ ക്യാമറയെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചലാന്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് ഇവ മാനുവലായി റിവ്യൂ ചെയ്യുന്നതിനായി ജില്ല കണ്‍ട്രോള്‍ റൂമുകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. 232 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചെലവിട്ടത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 344 ആയിരുന്നു എന്നാല്‍ ഇപ്പോള്‍ അത് 50 ശതമാനം കുറയ്ക്കാന്‍ സാധിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








