സീനിയർ സിറ്റിസൺസ് പ്ലീസ് നോട്ട്; നിങ്ങൾക്ക് യോജിച്ച ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ കാറുകൾ
മുതിർന്ന പൗരന്മാർ ഒരു കാർ വാങ്ങുമ്പോൾ അവർക്ക് വേണ്ടത് യാത്രാസുഖം, സുരക്ഷ, എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നത് എന്നതിനൊക്കെയാണ് മുൻഗണന നൽകുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പവർ സ്റ്റിയറിംഗ്, ഒരുപാട് തലവേദന നൽകുന്ന ഫീച്ചേഴ്സ് ഇല്ലാത്ത ഒരു വാഹനമാണ് അവർ തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്. എബിഎസ്, എയർബാഗുകൾ, ക്രാഷ് വാണിംഗ് സിസ്റ്റങ്ങൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും അവർക്ക് ആവശ്യമാണ്.
അത് മാത്രമല്ല നല്ല ഇന്ധനക്ഷമത,ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ മുതിർന്ന പൗരന്മാരെ സംബന്ധിച്ച് വാഹനം കൈകാര്യം ചെയ്യാൻ എളുപ്പവും ലാഭകരവുമാക്കി തീർക്കുന്നു. മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച കാറുകളെ കുറിച്ച് നോക്കുകയാണെങ്കിൽ, മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ ഹാച്ച്ബാക്കുകൾ അവർക്ക് നന്നായി യോജിക്കുന്ന വാഹനങ്ങളാണ്.

മാരുതി സുസുക്കി സ്വിഫ്റ്റും ഹ്യുണ്ടായ് ഗ്രാൻഡ് i10-ഉം മുതിർന്ന പൗരന്മാർക്ക് അനുയോജ്യമാണെന്ന് പറയാൻ അവയുടെ ഒതുക്കമുള്ള വലിപ്പം, താങ്ങാനാവുന്ന വില എന്നിവയെല്ലാം കൊണ്ടാണ്. രണ്ട് കാറുകൾക്കും ഓട്ടോമാറ്റിക് വേരിയൻ്റുകൾ ലഭ്യമാണ്, ഇത് ഡ്രൈവിങ്ങ് എളുപ്പമാക്കി തീർക്കുന്നു. പവർ സ്റ്റിയറിംഗും പുഷ്-ബട്ടൺ സ്റ്റാർട്ടും ഈ വാഹനങ്ങൾ നൽകുന്നുണ്ട്.
2023 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റ് VXI വേരിയന്റിന് 6.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ESP ഫീച്ചർ കൂട്ടിച്ചേർത്തതിനു പുറമെ കാറിൽ മറ്റൊരു പരിഷ്ക്കാരവും കമ്പനി നടപ്പിലാക്കിയിട്ടില്ലെന്നു വേണം പറയാൻ. 2021 മുതൽ ESP സ്വിഫ്റ്റിൽ ലഭ്യമാണെങ്കിലും ടോപ്പ് വേരിയന്റുകളിൽ മാത്രമാണ് ഈ സവിശേഷത ലഭ്യമായിരുന്നതെന്നു വേണം പറയാൻ.

മാരുതി സുസുക്കി 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ ബിഎസ്-VI പരിവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിന് അനുസൃതമായി നിർമിക്കും. ഇത് ഏപ്രിലിന് മുന്നോടിയായി വിപണിയിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ 1.2 ലിറ്റർ ഡ്യുവൽജെറ്റ്, ഡ്യുവൽ വിവിടി NA എഞ്ചിൻ ഏകദേശം 90 bhp കരുത്തിൽ 113 Nm torque വരെയാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്.
ഗിയർബോക്സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി എന്നിവയും തെരഞ്ഞെടുക്കാനാവും. എഞ്ചിൻ പരിഷ്ക്കാരത്തോടെ പവർ കണക്കുകളിൽ ഒന്നും തന്നെ മാറ്റമുണ്ടാവാൻ പോവുന്നില്ല. GNCAP പുതിയ ടെസ്‌റ്റിംഗ് പ്രോട്ടോക്കോളുകൾക്ക് കീഴിൽ സ്വിഫ്റ്റ് അടുത്തിടെ ക്രാഷ് ടെസ്റ്റ് ചെയ്യുകയും മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗിൽ വെറും 1 സ്റ്റാർ നേടിയാണ് മടങ്ങിയത്.
ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ ഗ്രാൻഡ് i10 നിയോസിലും അതിന്റെ കോംപാക്‌ട് സെഡാൻ മോഡലിലും കമ്പനി ആറ് എയർബാഗുകൾ വരെ നൽകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സെഗ്മെന്റിലെ മറ്റൊരു മോഡലുകൾക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. നിലവിൽ ഇന്ത്യയിൽ 6 എയർബാഗ് സവിശേഷതയുമായി വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും വില കുറവുള്ള വാഹനങ്ങളാണിവ.
പെട്രോള്‍ പതിപ്പില്‍ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിന്‍ ഉണ്ട്, അത് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ AMT ഓപ്ഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് 81.86 bhp കരുത്തും 113.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുള്ള പാര്‍ക്കിംഗ് അസിസ്റ്റ്, ഓഡിയോയില്‍ ഡിസ്‌പ്ലേയുള്ള റിയര്‍ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ചൈല്‍ഡ് സീറ്റ് ആങ്കര്‍ (ISOFIX), ABS (ആന്റി-ലോക്ക് ബ്രേക്ക്), EBD (ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍)എന്നിവയാണ് വാഹനത്തിലെ മറ്റ് സുരക്ഷ സവിശേഷതകള്‍.


Click it and Unblock the Notifications








