ഈ സിമ്പിള്‍ കാര്യം പാലിച്ചാല്‍ റോഡപകടങ്ങള്‍ കുറയുമെന്നോ? ചര്‍ച്ചയായി പുത്തന്‍ പഠനം
ലോകത്ത് ഓരോ മിനിറ്റിലും നിരത്തുകളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നിരവധി നടപടികളാണ് അധികാരികള്‍ കൈക്കൊള്ളുന്നത്. എന്നിരുന്നാലും അപകടങ്ങളുടെ എണ്ണത്തിന് കുറവ് വരുന്നില്ലെന്നതാണ് സങ്കടകരമായ യഥാര്‍ത്ഥ്യം. എന്നാല്‍ അടുത്തിടെ ലോകാരോഗ്യ സംഘടന നടത്തിയ ഒരു പഠനം വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വാഹനങ്ങളുടെ ശരാശരി വേഗത 5 ശതമാനം കുറച്ചാല്‍ അപകടങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയ്ക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ബ്ലൂംബര്‍ഗും ഗതാഗത വകുപ്പും ചേര്‍ന്ന് നടത്തിയ ശില്‍പ്പശാലയിലാണ് ഡബ്ല്യുഎച്ച്ഒയുടെ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. അന്താരാഷ്ട്ര റോഡ് സുരക്ഷ എന്ന വിഷയത്തില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച പഠനത്തില്‍ നഗരപ്രദേശങ്ങളിലെ വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കണമെന്ന് പറയുന്നു.

സ്‌കൂളുകള്‍, ജനവാസ മേഖലകള്‍, കാല്‍നടയാത്രക്കാര്‍ കൂടുതലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 30 കിലോമീറ്ററോ അതില്‍ താഴെയോ ആയിരിക്കണം. 60 കി.മീ വേഗതയിലും 50 കി.മീ വേഗതയിലും സഞ്ചരിക്കുമ്പോള്‍ ചില അപകടസാധ്യതകളുണ്ട്. എന്നാല്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ അപകട സാധ്യത ഇരട്ടിയാകും. 65 കിലോമീറ്ററാകുമ്പോള്‍ ഇത് നാലിരട്ടിയായി മാറുന്നു.
അതേസമയം 70 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ അപകടസാധ്യത പത്തിരട്ടിയാകും. 75 കിലോമീറ്ററാകുമ്പോള്‍ ഇത് 32 മടങ്ങാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള ലോകത്തിലെ പ്രധാന നഗരങ്ങളിലെ അപകടങ്ങളുടെ ഏറ്റവും പ്രധാന കാരണം അമിതവേഗമാണെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കല്‍, ഹെല്‍മറ്റ് ശരിയായി ധരിക്കാതെ വാഹനം ഓടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുക എന്നീ കുറ്റങ്ങളാണ് അപകടങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഹെല്‍മറ്റ് ധരിക്കുന്നത് വഴി അപകടത്തില്‍ മരിക്കാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കാന്‍ സാധിക്കുന്നു. മാത്രമല്ല ഹെല്‍മെറ്റ് ഉപയോഗം അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യത 70 ശതമാനവും കുറയ്ക്കുന്നു. ഡ്രൈവിങ്ങിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതുമൂലം അപകടസാധ്യത 50 ശതമാനവും കുറയുമെന്നാണ് റിപ്പോര്‍ട്ട്. പിന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ അത് 75% അപകടസാധ്യത കുറയ്ക്കുന്നു.
പലരും ഹെല്‍മറ്റ് ധരിക്കുന്നുണ്ടെങ്കിലും ശരിയായ രീതിയിലല്ല ഇത് ചെയ്യുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചെറിയ കാര്യമാണെന്ന് കരുതി തള്ളിക്കളയാന്‍ പറ്റില്ല. കാരണം ഇത് ചെറിയ പിഴവാണെന്ന് തോന്നുമെങ്കിലും പലപ്പോഴും ഇത് ഗുരുതരതമായ പരിക്കുകളിലേക്ക് നയിച്ചേക്കാം. ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിക്കുന്നതിനെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്കിടയിലെ അപകടങ്ങളില്‍ 2022-ല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്.

2021-നെ അപേക്ഷിച്ച് 2022-ല്‍ നഗരത്തിലെ മൊത്തം റോഡപകടങ്ങളുടെ എണ്ണം 18% കൂടുതലാണെന്ന് റോഡ് ഗതാഗത-ഹൈവേ അതോറിറ്റി റിപ്പോര്‍ട്ട് പറയുന്നു. ഡല്‍ഹിയില്‍ 2021-ല്‍ 4,720 അപകടങ്ങളുണ്ടായപ്പോള്‍ 2022-ല്‍ 5,652 അപകടങ്ങള്‍ ഉണ്ടായി. 2023-ല്‍, ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം അപകടങ്ങളുടെ എണ്ണം 4803 ആണ്.
ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും മറ്റും ഉചിതമായ പിഴ ചുമത്തണമെന്നും ഇതിന്റെ നിര്‍വഹണത്തിന്റെ കാര്യത്തില്‍ സ്ഥിരത വേണമെന്നതടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രസക്തമായ റോഡ് സുരക്ഷാ നടപടികളുടെ ആവശ്യകത റിപ്പോര്‍ട്ട് അടിവരയിട്ടു. പൊതുജന ബോധവത്കരണ ക്യാമ്പയിനുകളും നിര്‍വഹണ പ്രവര്‍ത്തനങ്ങളുടെയും ഫലങ്ങളുടെയും വിലയിരുത്തലും വേണമെന്നും റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ലോകത്തിലെ റോഡപകട മരണങ്ങള്‍ കുറക്കാന്‍ അധികാരികള്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. മുകളില്‍ പറഞ്ഞ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനെ സഹായിക്കും. അതുപോലെ തന്നെ പൊതുജനങ്ങളായ നമ്മള്‍ക്കും അതില്‍ പാഠമുണ്ട്. നമ്മള്‍ വേഗതയല്‍പ്പം കുറച്ചാല്‍ അപകടങ്ങള്‍ വലിയൊരളവില്‍ കുറക്കാന്‍ സാധിക്കും. അതുകൊണ്ട് നമുക്കും സഹജീവികള്‍ക്കും വേണ്ടി ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ രണ്ട് വട്ടം ആലോചിക്കുക.


Click it and Unblock the Notifications








