അത്രയും വലിയ വിമാനത്തിനെന്താ ഇത്രയും ചെറിയ വിന്‍ഡോ? കാരണം പറഞ്ഞുതരാം
കാറോ ബസോ ട്രെയിനോ വിമാനമോ വാഹനം ഏതായാലും സൈഡ് സീറ്റ് അല്ലെങ്കില്‍ വിന്‍ഡോ സീറ്റില്‍ ഇരിക്കാനായിരിക്കും ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുക. പുറത്തെ കാഴ്ചകളെല്ലാം ആസ്വദിച്ച് കാറ്റും വെളിച്ചവുമെല്ലാം തട്ടി യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ ബസിനെയും ട്രെയിനിനെയുമെല്ലാം അപേക്ഷിച്ച് വിമാനത്തിലെ വിന്‍ഡോകളുടെ വലിപ്പം കുറവാണ്. ഇതിന്റെ കാരണമാണ് നമ്മള്‍ ഇന്ന് അന്വേഷിക്കുന്നത്.
കാതങ്ങള്‍ അകലെയുള്ള നാടുകളിലേക്ക് അല്ലെങ്കില്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര പോകാന്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും അനുയോജ്യമായ ഗതാഗത മാര്‍ഗം വിമാനമാണ്. ചെലവ് അല്‍പ്പം കൂടുതലാണെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ഫൈ്‌ലറ്റുകള്‍ നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. ചിലയാളുകൾക്ക് വിമാനയാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണെങ്കിലും ചിലര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും വിമാനയാത്ര സ്വപ്നം കാണുന്നു. ആ സ്വപ്‌നം നേടിയെടുക്കാന്‍ അവര്‍ പരിശ്രമിക്കുകയും ചെയ്യുന്നു.

വിമാനത്തില്‍ കയറിയില്ലെങ്കിലും എയര്‍പോര്‍ട്ടില്‍ നിന്നും മറ്റും അവ അടുത്ത് കണ്ടിട്ടുള്ളവര്‍ ധാരാളമുണ്ടാകും. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ ഇത്രയും വലിയ വിമാനത്തിന്റെ വിന്‍ഡോ ഏരിയ വളരെ ചെറുതാണെന്ന് കാണാം. വിമാനത്തിലെ ഈ ചെറിയ ജാലകങ്ങൾ കുറച്ച് കൂടി വലുതാക്കിയിരുന്നെങ്കില്‍ ആകാശക്കാഴ്ചകള്‍ കുറച്ച് കൂടി മനോഹരമായിരുന്നേനേ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും.
എന്നാല്‍ വിമാനം പോലെ അത്രയേറെ സുരക്ഷ ആവശ്യമായ ഒരു വാഹനം രൂപകല്‍പ്പന ചെയ്യുമ്പോള്‍ ശാസ്ത്രീയമായ പല വശങ്ങളും നോക്കുമോല്ലോ. വിമാനത്തില്‍ വലിയ വിന്‍ഡോ നല്‍കുന്ന കാര്യം പലര്‍ക്കും പ്രിയങ്കരമാണെങ്കിലും എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കള്‍ അവ നല്‍കാന്‍ കൂട്ടാക്കാറില്ല. വിമാനങ്ങളില്‍ വലിയ ജാലകങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പുറത്തെ കാഴ്ച നന്നായി കാണാന്‍ പറ്റുമെന്ന് മാത്രമല്ല അകത്തേക്ക് നല്ല വെളിച്ചവും എത്തുമല്ലോ എന്നായിരിക്കും എല്ലാവരുടെയും ചിന്ത.

എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്നും പരിഗണിക്കാതെ വിമാനങ്ങളില്‍ ചെറിയ വിന്‍ഡോകള്‍ മാത്രം സ്ഥാപിക്കന്നതിന് പിന്നില്‍ വലിയൊരു കാരണമുണ്ട്. എന്നാല്‍ പലര്‍ക്കും അതിനെ കുറിച്ച് വലിയ ധാരണയില്ല. അതാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. വായുവിലൂടെ പറക്കുന്ന ഒരു വാഹനമായതിനാല്‍ വിമാനത്തിന്റെ രൂപകല്‍പ്പനയില്‍ സുരക്ഷയ്ക്കാണ് ഏറ്റവും ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നത്. യാത്രയിലുടനീളം വ്യത്യസ്ത തപനിലയിലും കാലാവസ്ഥകളിലൂടെയും കടന്ന് പോകുന്ന വിമാനം കാറ്റടക്കം പരിഗണിച്ചാണ് പറന്ന് നീങ്ങുന്നത്.
ദ്രുതഗതിയലുള്ള ക്യാബിന്‍ മര്‍ദം, താപനില വ്യതിയാനങ്ങള്‍ എന്നിവയടക്കമുള്ള അങ്ങേയറ്റത്തെ സാഹചര്യങ്ങളില്‍ പോലും ഘടനാപരമായ സമഗ്രത നിലനിര്‍ത്തുന്നതിനായാണ് വിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ വിന്‍ഡോകള്‍ ഫ്യൂസ്‌ലേജിന്റെ ഭാഗമാണ്. അവ വലുതാക്കുന്നത് മൊത്തത്തിലുള്ള ഘടനയെ ദുര്‍ബലമാക്കും. വിമാനത്തിന്റെ സുരക്ഷിതത്വവും ഈടും ഉറപ്പാക്കാന്‍ വിന്‍ഡോകളുടെ വലിപ്പം ഘടനാപരമായ ആവശ്യതകളുമായി സന്തുലിതമാക്കിയിരിക്കുകയാണ്.

വലിപ്പമുള്ള വിന്‍ഡോകള്‍ സ്ഥാപിക്കുന്നത് ചെലവ് കൂട്ടുന്നുവെന്നതും മറ്റൊരു വസ്തുതയാണ്. അധിക ലോഹവും പ്ലാസ്റ്റിക്കും സീലന്റുമെല്ലാം ഭാരം കൂട്ടുന്നു. ഒരേ വേഗതയില്‍ സഞ്ചരിക്കാന്‍ കൂടുതല്‍ ശക്തി ആവശ്യമായതിനാല്‍ ഇത് ഇന്ധനക്ഷമതയെയും ബാധിക്കും. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന് കൂടിയാണ് ചെറിയ വിന്‍ഡോകള്‍ സ്ഥാപിക്കുന്നത്. മാത്രമല്ല വിന്‍ഡോകളുടെ അറ്റകുറ്റപ്പണികളും അവ മാറ്റിസ്ഥാപിക്കുന്നതും ചെലവേറിയ സംഗതികളാണ്.
എന്നാല്‍ വിന്‍ഡോ സീറ്റുകള്‍ക്കുള്ള ഡിമാന്‍ഡ് കാരണമാണ് പലപ്പോഴും എയര്‍ലൈനുകളില്‍ ചെറുതാണെങ്കിലും വിന്‍ഡോകള്‍ നല്‍കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ അടുത്ത കാലത്തായി വിമാന യാത്രകളില്‍ വിന്‍ഡോ സീറ്റുകള്‍ വേണമെന്ന് വാശിപിടിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായതായണ് എയര്‍ലൈന്‍ ജീവനക്കാര്‍ തന്നെ പറയുന്നത്. ഫ്ലൈറ്റ് യാത്രയില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനേക്കാള്‍ വീഡിയോകള്‍ കാണാനോ അല്ലെങ്കില്‍ തന്റെ ജോലികള്‍ ചെയ്ത് തീര്‍ക്കാനോ അതുമല്ലെങ്കില്‍ ഉറങ്ങാനോ ആണ് യാത്രക്കാരില്‍ അധികമാളുകളും താല്‍പര്യപ്പെടുന്നതത്രെ.
അങ്ങനെ വന്നാല്‍ സമീപഭാവിയില്‍ വിന്‍ഡോകളില്ലാത്ത വിമാനങ്ങള്‍ വന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് അവര്‍ പറയുന്നത്. വിമാനങ്ങളിലെ വിന്‍ഡോ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാണെങ്കിലും എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇത് വലിയ തലവേദനയാണ്. അതുകൊണ്ട് തന്നെ വിമാനങ്ങളുടെ വിന്‍ഡോകളുടെ വലിപ്പം കുറയുമെന്നല്ലാതെ കൂടാന്‍ ഒരു സാധ്യതയുമില്ല. വിമാനത്തിന്റെ വിന്‍ഡോ സീറ്റിന്റെ വലിപ്പം ചെറുതാകാനുള്ള കാരണം നിങ്ങള്‍ക്ക് അറിയാമായിരുന്നോ?. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








