കാശില്ലാത്തതോ അതോ 'പിശുക്കോ'? സെലിബ്രിറ്റികള്‍ യൂസ്ഡ് കാര്‍ വാങ്ങാനുള്ള യഥാര്‍ത്ഥ കാരണം!
പുതിയ വാഹന വിപണി പോലെ തന്നെ രാജ്യത്ത് പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ് രാജ്യത്തെ യൂസ്ഡ് കാര്‍ വിപണിയും. കോവിഡിന് ശേഷം മധ്യവര്‍ഗ കുടുംബങ്ങള്‍ എല്ലാം തന്നെ സുരക്ഷിതമായ ഗതാഗത മാര്‍ഗം എന്ന നിലയില്‍ ഒരു കാര്‍ വാങ്ങാന്‍ ചിന്തിച്ച് തുടങ്ങി.

സാധാരണക്കാരായ ആളുകള്‍ ഡ്രൈവിംഗില്‍ കൈതെളിയാനും പുതിയ കാര്‍ വാങ്ങുന്നതിന് മുമ്പ് റോഡ് സാഹചര്യങ്ങള്‍ മനസ്സിലാക്കാനുമെല്ലാം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. എന്നാല്‍ നല്ല ക്യാഷും സമ്പാദ്യവുമുള്ള ഇന്ത്യയിലെ ചില പ്രമുഖ വ്യക്തികള്‍ യൂസ്ഡ് കാര്‍ ഉടമകള്‍ ആണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.

സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും വരുമാനമുള്ള കായിക താരങ്ങളില്‍ ഒരാളായ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയടക്കമുണ്ട് പട്ടികയില്‍. യൂസ്ഡ് കാറുകള്‍ സ്വന്തമായുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളും അതിനുള്ള കാരണവുമാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.

വിരാട് കോഹ്‌ലി
രാജ്യന്തര ക്രിക്കറ്റിലെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ വിരാട് കോഹ്‌ലിക്ക് ഹൈ എന്‍ഡ് ആഢംബര യൂസ്ഡ് കാറുകളോട് പ്രത്യേക പ്രിയമുണ്ട്. യൂസ്ഡ് ആഢംബര കാറുകളുടെ യഥാര്‍ത്ഥ മൂല്യം മനസ്സിലാക്കിയ വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍. രണ്ട് സെക്കന്‍ഡ് ഹാന്‍ഡ് ബെന്റലികളാണ് വിരാടിന്റെ ഗരാജില്‍ ഉള്ളത്. മുംബൈയില്‍ ആകുമ്പോള്‍ കോഹ്‌ലി കോണ്ടിനെന്റല്‍ ജിടിയാണ് ഉപയോഗിക്കാറ്. ഇത് കൂടാതെ ഒരു ഫ്‌ലയിംഗ് സ്പര്‍ ആണ് ലിസ്റ്റിലുള്ള ശേഷിക്കുന്ന മോഡല്‍. വിരാടും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയും ബെന്റ്ലിയില്‍ ചുറ്റിക്കറങ്ങുന്നത് പല തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു.

യുവരാജ് സിംഗ്
യൂസ്ഡ് കാര്‍ സ്വന്തമാക്കിയ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗാണ്. ഒരു ലംബോര്‍ഗിനി മുര്‍സിയവഗോയാണ് യുവരാജ് ആദ്യം സ്വന്തമാക്കിയത്. പിന്നാലെ ഒരു യൂസ്ഡ് ബിഎംഡബ്ല്യു X6 M വാങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് തുടക്കകാലത്ത് ഉപയോഗിച്ച് E60 ബിഎംഡബ്ല്യു M5 വളരെ പ്രശസ്തമായിരുന്നു. അതും ഒരു യൂസ്ഡ് കാര്‍ ആണെന്നറിയുമ്പോള്‍ താരം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയെ എത്രമാത്രം വിശ്വസിക്കുന്നുവെന്ന കാര്യം മനസ്സിലാകും.

ശില്‍പ ഷെട്ടി
ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കും നിരവധി ആഢംബര വാഹനങ്ങള്‍ സ്വന്തമായുണ്ട്. ശില്‍പ ഷെട്ടിയുടെ ഗരാജിലുള്ള മികച്ച കാറുകളിലൊന്നാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ലോംഗ് വീല്‍ബേസ് പതിപ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഗ് ബോയ്സ് ടോയ്സില്‍ നിന്നാണ് ശില്‍പ ഷെട്ടി ഈ കാറിന്റെ ഡെലിവറിയെടുത്തത്. ശില്‍പ ഷെട്ടി നിരവധി തവണ ഈ എസ്‌യുവിയില്‍ കാണപ്പെട്ടിരുന്നു.

ദിനേശ് കാര്‍ത്തിക്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക് ഒരു വണ്ടി പ്രാന്തനാണ്. ഡികെയും ബിഗ് ബോയ്സ് ടോയ്സില്‍ നിന്നാണ് തന്റെ കാര്‍ സ്വന്തമാക്കിയത്. പോര്‍ഷ 911 ടര്‍ബോ S മോഡലാണ് തമിഴ്‌നാട് താരം വാങ്ങിയത്. എന്നാല്‍ പോര്‍ഷ സൂപ്പര്‍ കാര്‍ സ്വന്തമാക്കാനായി ക്രിക്കറ്റര്‍ എത്ര തുക ചിലവിട്ടു എന്ന കാര്യം വ്യക്തമല്ല. അത് ഏതായാലും ഒരു പുതിയ പോര്‍ഷ കാറിന്റെ അത്ര വരില്ലെന്ന് ഉറപ്പാണെല്ലോ.

പൃഥ്വിരാജ് സുകുമാര്‍
മലയാള സിനിമയിലെ യുവ നടന്‍മാരില്‍ പ്രമുഖനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ഒരു കാര്‍ പ്രേമിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ആകര്‍ഷകമായ നിരവധി കാറുകള്‍ പൃഥ്വിയുടെ കൈവശമുണ്ട്. നിര്‍മാതാവും വിതരണക്കാരനുമെല്ലാം ആണെങ്കിലും പുതിയ കാര്‍ മാത്രമേ ഉപയോഗിക്കൂ എന്ന ശാഠ്യമൊന്നും പൃഥ്വിരാജിനില്ല. അടുത്തിടെ കൊച്ചിയിയിലെ യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പില്‍ നിന്ന് പൃഥ്വി ഒരു ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കിയിരുന്നു.

ബാദ്ഷ
യൂസ്ഡ് കാറുകളില്‍ വിശ്വാസമര്‍പ്പിച്ച മറ്റൊരു സെലിബ്രിറ്റിയാണ് ഇന്ത്യന്‍ റാപ്പ് സംഗീതജ്ഞന്‍ ബാദ്ഷ. ഈ വര്‍ഷം തുടക്കത്തില്‍ ബാദ്ഷ ഒരു റോള്‍സ് റോയ്സ് റെയ്ത്ത് സ്വന്തമാക്കിയിരുന്നു. ഗായകന്‍ കാര്‍ ഓടിച്ച് പോകുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഗായകന്‍ കാര്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന കാര്യം വ്യക്തമല്ല. ഇതിന് മുമ്പ് ലംബോര്‍ഗിനി ഉറുസിന്റെ സെക്കന്‍ഡ് ഹാന്‍ഡ് മോഡലും ബാദ്ഷ സ്വന്തമാക്കിയിരുന്നു.

അഷ്‌നീര്‍ ഗ്രോവര്‍
ഭാരത്പേയുടെ മുന്‍ സ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവറും പട്ടികയിലുണ്ട്. മെര്‍സിഡീസ് ബെന്‍സ് GLS യൂസ്ഡ് കാര്‍ ആണ് അദ്ദേഹത്തിന്റെ കൈയ്യിലുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഉപയോഗിച്ച കാറാണെന്ന് പറഞ്ഞ് ഒരാള്‍ തനിക്ക് കാര്‍ വില്‍ക്കുകയായിരുന്നുവെന്ന് അഷ്‌നീര്‍ ഗ്രോവര്‍ തുറന്ന് പറഞ്ഞിരുന്നു. അഷ്‌നീര്‍ ഗ്രോവറിന്റെ ഗരാജില്‍ നിരവധി ആഢംബര കാറുകളും ബൈക്കുകളുമുണ്ട്. അതില്‍ മറ്റേതെങ്കിലും മോഡല്‍ സെക്കന്‍ഡ് ഹാന്‍ഡ് ആണോ എന്ന കാര്യം ഉറപ്പില്ല.

രാഖി സാവന്ത്
അഭിനേത്രിയും ഡാന്‍സറും മോഡലുമായ രാഖി സാവന്തും യൂസ്ഡ് കാര്‍ ഉടമയായ സെലിബ്രിറ്റിയാണ്. യൂസ്ഡ് ബിഎംഡബ്ല്യു X1 ആണ് രാഖി സാവന്തിന്റെ കാര്‍. ഈ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ രാഖി സവന്തിന് ആരോ സമ്മാനമായി നല്‍കിയതാണെന്നാണ് സൂചന. ഇനി നമുക്ക് സെലിബ്രിറ്റികള്‍ എന്തുകൊണ്ടാണ് യൂസ്ഡ് കാര്‍ തെരഞ്ഞെടുക്കാനുള്ള കാരണമെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം പണം ലാഭിക്കാം എന്നതാണ്. സെലിബ്രികളും സാധാരണക്കാരെ പോലെ തന്നെ പണം ലാഭിക്കാന്‍ അവസരം കിട്ടിയാല്‍ അത് വേണ്ടെന്ന് വെക്കില്ലല്ലോ. കാറുകളുടെ വില വളരെ വേഗത്തില്‍ കുറയുന്നുവെന്ന കാര്യം നമുക്കറിയം. അത് ആഡംബര ബ്രാന്‍ഡുകളാണെങ്കില്‍ പ്രത്യേകിച്ചും. ഒരു ബെന്റ്‌ലിയോ ലംബോര്‍ഗിനിയോ ഉദാഹരണമായി എടുത്താല്‍ പുതിയ മോഡലിനേക്കാള്‍ ഒരു കോടി രൂപയെങ്കിലും വിലക്കുറവില്‍ സെക്കന്‍ഡ് ഹാന്‍ഡ് മോഡല്‍ സ്വന്തമാക്കാനാകും.

കാറിന്റെ മൂല്യം കുറയുന്നതാണ് മറ്റൊരു പ്രധാന സംഗതി. കാര്‍ ഷോറൂമില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ തന്നെ അതിന്റെ മൂല്യം ഇടിയുകയായി. പുതിയ കാറിനെ അപേക്ഷിച്ച് യൂസ്ഡ് കാറിന്റെ മൂല്യത്തകര്‍ച്ചയുടെ നിരക്ക് വളരെ കുറവാണ്. നിങ്ങള്‍ വാങ്ങുന്ന യൂസ്ഡ് കാര്‍ നിങ്ങള്‍ ഉപയോഗിച്ച ശേഷം മൂന്നാമതൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ നിങ്ങള്‍ വലിയ തുക നഷ്ടപ്പെടില്ല എന്നതാണ് കാര്യം. പല സെലിബ്രിറ്റികളും ഇടക്കിടെ തങ്ങളുടെ കാര്‍ ശേഖരം അപ്‌ഡേറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്.

അതിനാല്‍ തന്നെ പുതിയ കാര്‍ വാങ്ങി വില്‍ക്കുന്നതിനേക്കാള്‍ നല്ലത് യൂസ്ഡ് കാര്‍ തെരഞ്ഞെടുക്കുന്നതാണ്. ഇപ്പോള്‍ യൂസ്ഡ് കാര്‍ വിപണി വൈവിധ്യമാര്‍ന്ന മോഡല്‍ നിരകള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു പുതിയ കാറിനുള്ള പണം മുടക്കാതെ തന്നെ ഗരാജ് പുതുമയുള്ളതും അപ്ഡേറ്റഡുമാക്കാന്‍ ഇതുവഴി സാധിക്കും. ഇന്ന് ആഡംബര കാര്‍ ഡീലര്‍മാര്‍ വാറന്റി നീട്ടി നല്‍കുന്നതും ഒരു പ്ലസ് ആണ്. 8 വര്‍ഷം വരെ നീട്ടാവുന്ന വിപുലീകൃത വാറന്റി പായ്ക്കുകളുടെ ഒരു ശ്രേണി ഇവര്‍ വാഗ്ദാനം ചെയ്യുന്നു. വിപുലീകൃത വാറന്റി ലഭിക്കുന്നത് കാര്‍ ഉടമകള്‍ക്ക് ആശ്വാസമേകുന്നു.


Click it and Unblock the Notifications








