നിസാൻ ജിടി-ആറിന് 'ഗോഡ്‌സില' എന്ന പേര് ലഭിക്കാൻ കാരണം
വാലറ്റത്ത് 'ജിടിആര്‍' കുറിച്ച അവതാരങ്ങള്‍ക്ക് കാര്‍ ലോകത്ത് ഒരു പഞ്ഞവുമില്ല. എന്നാല്‍ അന്നും ഇന്നും ഒരു ഗോഡ്‌സിലയെ മാത്രമെ കാര്‍ വിപണി കണ്ടിട്ടുള്ളു, അറിഞ്ഞിട്ടുള്ളു; നിസാന്‍ ജിടി-ആര്‍ മാത്രം.

ജാപ്പനീസ് സൂപ്പര്‍കാര്‍ നിസാന്‍ ജിടി-ആറിനെ അറിയാത്ത കാര്‍പ്രേമികള്‍ ലോകത്തുണ്ടാകില്ല. തിങ്ങിനിറഞ്ഞ ലംബോര്‍ഗിനികള്‍ക്കും ഫെരാരികള്‍ക്കും ഇടയില്‍ ഉദിച്ച വിസ്മയാവതാരമാണ് നിസാന്‍ ജിടി-ആര്‍.

സ്‌കൈലൈന്‍ ജിടി-ആര്‍ എന്നും ഇവന് പേരുണ്ട്. എന്നാല്‍ 'ഗോഡ്‌സില' എന്ന വിളിപ്പേരിലാണ് നിസാന്‍ ജിടി-ആര്‍ ലോകം മുഴുവന്‍ അറിയപ്പെടുന്നത്. ഗോഡ്‌സില, പേര് തന്നെ മിക്കവരിലും കൗതുകമുണര്‍ത്തും.

യഥാര്‍ത്ഥത്തില്‍ ജാപ്പനീസ് കഥകളിലെ ഭീകരസത്വമാണ് ഗോഡ്‌സില. ആണവ വികിരണത്തെ തുടര്‍ന്ന് രൂപം കൊണ്ട ഭീകരരൂപി. ജാപ്പനീസ്, ഹോളിവുഡ് ചിത്രങ്ങളിലൂടെ ഗോഡ്‌സില ലോക ജനതയ്ക്ക് പരിചിതനാണ്.

എന്നാല്‍ ഗോഡ്‌സില എന്ന പേര് നിസാന്‍ ജിടി-ആറിന് എങ്ങനെ ലഭിച്ചു? ഇതിന് ഉത്തരം കണ്ടെത്തണമെങ്കില്‍ 25 വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കണം. കരുതുന്ന പോലെ ജാപ്പനീസുകാരല്ല, ഓസ്‌ട്രേലിയക്കാരാണ് ജിടി-ആറിന് ഗോഡ്‌സില എന്ന് പേര് സമ്മാനിച്ചത്.

എണ്‍പതുകളില്‍ ഓസ്‌ട്രേലിയയാണ് നിസാന്‍ ജിടി-ആറിനെ ഇറക്കുമതി ചെയ്ത ആദ്യ രാജ്യം. അക്കാലത്ത് 2.6 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ സ്‌ട്രെയിറ്റ് സിക്‌സ് എഞ്ചിനിലാണ് നിസാന്‍ ജിടി-ആറിന്റെ R32 തലമുറ ഓസ്‌ട്രേലിയയില്‍ എത്തിയത്.

276 bhp കരുത്തും 361 Nm torque ഉത്പാദിപ്പിച്ചിരുന്ന എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങിയിരുന്നതും. വരവിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ടൂറിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത R32 ജിടി-ആര്‍ എതിരാളികളെ നിഷ്പ്രഭമാക്കി കുതിച്ചു.

ജിടി-ആറിന് മുമ്പില്‍ പേരു കേട്ട ഫോര്‍ഡ് സിയെറ കോസ്‌വര്‍ത്ത് തലകുനിച്ചതോടെയാണ് ജാപ്പനീസ് കാറിലേക്ക് ലോകം ഒന്നടങ്കം ശ്രദ്ധ പതിപ്പിച്ചത്.

ശേഷം നടന്ന ജാപ്പനീസ് ടൂറിംഗ് കാര്‍ ചാമ്പ്യന്‍ഷിപ്പിലും നിസാന്‍ ജിടി-ആര്‍ വിജയത്തേരോട്ടം തുടര്‍ന്നു. പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും ജിടി-ആര്‍ കിരീടം ചൂടാന്‍ തുടങ്ങിയതോടെ മറ്റ് കാറുകളുടെ പേടി സ്വപ്‌നമായി ഈ ജാപ്പനീസ് താരം മാറി.

വമ്പന്മാരെ പിന്നാലാക്കി കുതിച്ച ജിടി-ആറിനെ 'ഒബകിമോണോ' എന്നായിരുന്നു നിസാന്‍ വിശേഷിപ്പിച്ചത്. രൂപം മാറുന്ന ഭീകരസത്വമെന്നാണ് ഇതിന് അര്‍ത്ഥം.

1989 ല്‍ R32 വിന്റെ കരുത്ത് തിരിച്ചറിഞ്ഞ പ്രശസ്ത ഓസ്‌ട്രേലയിന്‍ കാര്‍ മാസിക വീല്‍, ജൂലായ് പതിപ്പിന്റെ മുഖചിത്രമായി നിസാന്‍ ജിടി-ആറിനെ നല്‍കാന്‍ തീരുമാനിച്ചു.

എന്നാല്‍ ഒബകിമോണോ എന്ന പേരിനോട് വീലിന് താത്പര്യം തോന്നിയില്ല, പകരം നിസാന്‍ ജിടി-ആറിനെ സാങ്കല്‍പിക ജാപ്പനീസ് ഭീകരസത്വം ഗോഡ്‌സിലയായി വീല്‍ വിശേഷിപ്പിച്ചു. അന്നു തൊട്ടാണ് നിസാന്‍ ജിടി-ആര്‍ ഗോഡ്‌സില എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ജെഡിഎം സൂപ്പര്‍കാറുകളില്‍ ഒന്നാണ് നിസാന്‍ ജിടി-ആര്‍. നിലവിലുള്ള R35 ജിടി-ആര്‍ വേഗതയുടെ കാര്യത്തില്‍ ഏറെ മുന്നിലല്ലെങ്കിലും എതിരാളികള്‍ക്ക് കടുത്ത മത്സരം കാഴ്ചവെയ്ക്കാന്‍ ഇന്നും ഈ ജാപ്പനീസ് കാറിന് സാധ്യമാണ്.


Click it and Unblock the Notifications








