ലക്ഷങ്ങൾ സമ്പാദിച്ചാലും പെര്‍ഫ്യൂം അടിക്കാന്‍ പോലും പറ്റില്ല! പൈലറ്റ് പറയുന്നത് കേട്ട് ഞെട്ടി സാധാരണക്കാരന്‍
പെര്‍ഫ്യൂം ഉപയോഗിക്കുന്ന ശീലം നമുക്കെല്ലാവര്‍ക്കുമുണ്ട്. പെര്‍ഫ്യൂമുകള്‍ ശരീര ദുര്‍ഗന്ധം കുറയ്ക്കാനും ഉന്മേഷത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു. പെര്‍ഫ്യൂം പൂശുന്നത് കൊണ്ട് സുഗന്ധം പരത്തുക എന്നത് മാത്രമല്ല അത് ഇന്നത്തെ കാലത്ത് അവ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റും ആത്മവിശ്വാസം ഉയര്‍ത്തുന്ന സംഗതിയും കൂടിയാണ്. പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല പുതുതലമുറ അവരുടെ മൂഡ് മാറ്റാനും പോസിറ്റീവായിരിക്കാനും വരെ പെര്‍ഫ്യൂം ഉപയോഗിക്കുന്നു. നല്ലൊരു പെര്‍ഫ്യൂം നന്നായി ഉറങ്ങാന്‍ വരെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ജോലി സമയത്ത് പൈലറ്റുമാര്‍ക്ക് പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ?. വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. അതിന്റെ കാരണങ്ങളും പറഞ്ഞു തരാം.
ഒരു പൈലറ്റിന്റെ അനുഭവസമ്പത്തും ജോലി ചെയ്യുന്ന എയര്‍ലൈന്‍, റൂട്ട് എന്നിവ അനുസരിച്ച് പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാന്‍ പറ്റും. എന്നാല്‍ എത്ര സമ്പാദിച്ചാലും പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുമ്പ് പെര്‍ഫ്യൂം ഉപയോഗിക്കാറില്ല. ഇതിനു പിന്നിലെ കാരണം രസകരമാണ്. വ്യോമയാന മേഖല അതിന്റെ സാങ്കേതികതയും സുരക്ഷയും കൊണ്ട് ഏറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട രംഗമാണ്. പൈലറ്റുകള്‍ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്.

അതിനാല്‍ ചില കാര്യങ്ങളില്‍ അവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുമ്പ് പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാതിരിക്കാന്‍ തക്കതായ ചില കാരണങ്ങള്‍ ഉണ്ട്. പൈലറ്റും പൈലറ്റ് പരിശീലകനുമായ ക്യാപ്റ്റന്‍ തോമര്‍ അവധേഷ് അടുത്തിടെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്. പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകള്‍ ഇഷ്ടമാണ്. ലേഓവറുകള്‍ക്കിടയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് അവര്‍ പെര്‍ഫ്യൂമുകള്‍ വാങ്ങുന്നു.
എന്നാല്‍ ഓരോ ബോര്‍ഡിംഗിനും മുമ്പ് മദ്യം കഴിച്ചിട്ടുണ്ടോ എന്ന് നിര്‍ണയിക്കാന്‍ പൈലറ്റുമാര്‍ ബ്രത്തലൈസര്‍ ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. മിക്ക പെര്‍ഫ്യൂമുകളിലും ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ബ്രത്തലൈസര്‍ പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് വിമാനം പറത്തുന്നതിന് മുമ്പ് പൈലറ്റുമാര്‍ പെര്‍ഫ്യൂം പൂശാത്തത്. പൈലറ്റുമാര്‍ക്കിടയില്‍ നടത്തുന്ന പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സെന്‍സിറ്റീവ് ആണ്. അവ 0.0001 ശതമാനം ആല്‍ക്കഹോള്‍ പോലും കണ്ടെത്തും.

അതിനാല്‍ പൈലറ്റുമാര്‍ പെര്‍ഫ്യൂം ഉപയോഗിച്ചാല്‍ അതിലെ ആല്‍ക്കഹോള്‍ കണ്ടെത്തുകയും പരിശോധനാ ഫലത്തില്‍ അവര്‍ മദ്യം കഴിച്ചിട്ടുണ്ടെന്ന് കാണിക്കുകയും ചെയ്യും. ഇത് വിമാനം വൈകാന്‍ കാരണമായേക്കാം. മാത്രമല്ല പൈലറ്റുമാര്‍ കടുത്ത നടപടികള്‍ക്കും വിധേയരായേക്കാം. ചുരുക്കിപ്പറഞ്ഞാല്‍ പെര്‍ഫ്യൂം പൂശി ജോലിക്കെത്തിയാല്‍ മദ്യം ഉപയോഗിക്കാതെ തന്നെ 'പണി' കിട്ടിയേക്കാം. അതുകൊണ്ടാണ് പൈലറ്റുമാര്‍ ജോലി സമയത്തിന് മുമ്പ് പെര്‍ഫ്യൂം ഉപയോഗിക്കാത്തത്. ക്യാപ്റ്റന്‍ തോമര്‍ അവധേഷ് യൂട്യൂബ് വീഡിയോയില്‍ ഇത് വിശദമായി പറയുന്നുണ്ട്.
2023 ഒക്ടോബറില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെ എല്ലാ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരോടും ആല്‍ക്കഹോള്‍ അടങ്ങിയ പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ബ്രെത്തലൈസര്‍ പരിശോധന ഫലങ്ങളിലെ ന്യൂനതകള്‍ കാരണമാണ് ഇത്. മാത്രമല്ല ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ കഴിക്കുന്ന ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ ബോര്‍ഡിംഗിന് മുമ്പ് അവരുടെ എയര്‍ലൈന്‍ ഡോക്ടര്‍മാരുമായി കൂടിയാലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇവയല്ലാതെ പൈലറ്റുമാര്‍ പെര്‍ഫ്യൂം ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. ചില പെര്‍ഫ്യൂമുകളുടെ കുത്തുന്ന ഗന്ധം വിമാനത്തിന്റെ അടച്ചിട്ട ക്യബിനില്‍ ദീര്‍ഘനേരം നിലനില്‍ക്കും. ഇതുകൊണ്ട് പൈലറ്റിന്റെ ശ്രദ്ധ തെറ്റാനും ക്ഷീണം അനുഭവപ്പെടാനും സാധ്യതയുണ്ട്. ദീര്‍ഘനേരം ഏകാഗ്രത നിലനിര്‍ത്തേണ്ട ജോലിയായതിനാല്‍ പൈലറ്റുമാര്‍ ശ്രദ്ധതെറ്റിക്കാന്‍ ഇടയുള്ള പെര്‍ഫ്യൂമുകള്‍ ബോധപൂര്‍വം ഒഴിവാക്കുന്നു.
ചിലര്‍ക്കു പെര്‍ഫ്യൂമുകളുടെ ശക്തമായ സുഗന്ധം മൂലം തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ അനുഭവപ്പെട്ടേക്കാം. ഒരേ ക്യാബിനില്‍ സഹപൈലറ്റുമാര്‍, എയര്‍ഹോസ്റ്റസുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരടക്കം നിരവധി പേര്‍ ഉണ്ടാകുന്നതിനാല്‍ ആരുടെയും ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ പൈലറ്റുമാരുടെ പെര്‍ഫ്യൂം ഉപയോഗം നിരുത്സാഹപ്പെടുത്തപ്പെടുന്നു.
മാത്രമല്ല ഇത് അടിയന്തര സാഹചര്യങ്ങളില്‍ ചിലപ്പോള്‍ പ്രശ്നമാകാം. പൈലറ്റുകള്‍ക്ക് ചിലപ്പോള്‍ ഗ്യാസ്, ഇന്ധന ചോര്‍ച്ച, അഗ്നിബാധ മുതലായ അപകടങ്ങളെ കുറിച്ചുള്ള സൂചനകള്‍ മണത്തിലൂടെ തിരിച്ചറിയേണ്ടി വരാം. പെര്‍ഫ്യൂം ഉപയോഗം ചിലപ്പോള്‍ ഇതുപോലുള്ള അപകടസൂചനകളുടെ ഗന്ധം മറയ്ക്കാന്‍ ഇടയാക്കും. അടിയന്തിര ഘട്ടങ്ങളില്‍ നിര്‍ണായക പ്രതികരണങ്ങള്‍ വൈകാന്‍ കാരണമായേക്കാമെന്നതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇത് ഒഴിവാക്കുന്നു.
വിമാനം പറത്താന്‍ വെറും കഴിവ് മാത്രം പോരാ. അതിനായി നിരവധി നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. പറക്കുന്നതിന് മുമ്പ് പെര്‍ഫ്യൂം ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് അതില്‍ ഒന്ന്. ഇത് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അതിശയം തോന്നിയിട്ടുണ്ടാകും. എന്നിരുന്നാലും സുരക്ഷ, ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത്.


Click it and Unblock the Notifications








