'റോഡില്‍ നിക്കാതെ കേറിപ്പോടാ'; ഫോറസ്റ്റ് വാച്ചര്‍ വിരട്ടി; സ്‌പോട്ടില്‍ റിവേഴ്‌സ് ഗിയറിട്ട് കാട്ടാന
വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാരുടെ ഏറ്റവും വലിയ പേടിയാണ് കാട്ടാനകള്‍. ചിലപ്പോള്‍ നാട്ടിലിറങ്ങിയും ആനകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ റോഡിലിറങ്ങിയ കാട്ടാന ജനങ്ങളെ വിരട്ടിയോടിക്കുന്നതിന് പകരം വിരട്ടലിന് കീഴടങ്ങി 'റിവേഴ്‌സ് ഗിയര്‍' ഇടുന്ന കാഴ്ച വിരളമാണ്.

എന്നാല്‍ അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംസ്ഥാന പാതയിലിറങ്ങിയ കാട്ടാനയെ ശകാരിച്ച് വിരട്ടിയോടിച്ച വനം വകുപ്പ് വാച്ചര്‍ ശക്തിവേലാണ് വൈറലായത്. ഇടുക്കി ജില്ലയിലെ ദേവികുളത്താണ് സംഭവം. 'മാതൃഭൂമി ന്യൂസ്' സംഭവം വാര്‍ത്തയാക്കി അവരുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

സംസ്ഥാന പാതയിലേക്ക് ഇറങ്ങാനെത്തിയ കാട്ടാനയെ 'ഡാ റോഡില്‍ നിക്കാതെ കേറിപ്പോടാ' എന്നാണ്ആന വാച്ചറായ ശകതിവേല്‍ ശകാരിച്ചത്. ഗാര്‍ഡിന്റെ ശകാരത്തിന് ശേഷം കാട്ടാന സംസ്ഥാന പാതയില്‍ നിന്ന് പിന്മാറുന്നത് നമുക്ക് കാണാം. സ്‌കൂട്ടറിലെത്തിയ ശക്തിവേല്‍ വണ്ടി ആനക്ക് സമീപം നിര്‍ത്തിയാണ് വിരട്ടി ആനയെ കാട്ടിലേക്ക് കയറ്റിയത്. ആദ്യം അത്യന്തം അപകടകാരിയായി കാണപ്പെട്ട കാട്ടാന ശകാരത്തിന് പിന്നാലെ അനുസരണയുള്ള കുട്ടിയെ പോലെ തിരികെ കാട്ടിലേക്ക് കയറിപ്പോകുന്നത് വീഡിയോയില്‍ കാണാം.
പ്രദേശത്തെ ഭൂമിശാസ്ത്രവും വന്യജീവികളും സസ്യജാലങ്ങളും തനിക്ക് നന്നായി അറിയാമെന്ന് ശക്തിവേല്‍ മാധ്യമപ്രവര്‍ത്തകനോട് വിശദീകരിക്കുന്നു. മേഖലയിലെ എല്ലാ കാട്ടാനകളെയും തനിക്ക് അറിയാമെന്ന് ശക്തിവേല്‍ പറയുന്നു. താന്‍ ശകാരിച്ച ആനയുമായുള്ള ഇടപെടല്‍ അത്യന്തം അപകടകരമാണെന്ന തിരിച്ചറിവ് തനിക്കുണ്ടായിരുന്നുവെന്നും എങ്ങാനും ആന ആക്രമിക്കാന്‍ വന്നാല്‍ ഓടാന്‍ താന്‍ തയാറായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഫോറസ്റ്റ് വാച്ചറും ആനയും തമ്മിലുള്ള രംഗങ്ങള്‍ ആരോ ക്യാമറിയില്‍ പകര്‍ത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ (ഡിഎഫ്ഒ) കൈയ്യിലും എത്തി. പിന്നാലെ ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ഡിഎഫ്ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അത്യന്തം അപകടം പിടിച്ച ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് അനുഭവസമ്പത്തുണ്ട്. എന്നാല്‍ വഴിയില്‍ ആനയെ കണ്ടാല്‍ വീഡിയോയില്‍ കണ്ട രീതിയില്‍ വാഹന യാത്രികള്‍ ആനയെ വിരട്ടാന്‍ ശ്രമിച്ചാല്‍ കളി മാറും. അതിനാലാണ് വാച്ചര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

നമ്മുടെ നാട്ടില്‍ പല സുപ്രധാന റോഡുകളും നിബിഡ വനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പലപ്പോഴും ആ പ്രദേശങ്ങളില്‍ വസിക്കുന്ന വന്യജീവികള്‍ വെള്ളവും ഭക്ഷണവും മറ്റും തേടി പോകുമ്പോള്‍ ഈ റോഡുകള്‍ താണ്ടി സഞ്ചരിക്കും. എന്നാല്‍ വാഹനയാത്രക്കാരുടെ അശ്രദ്ധ കാരണം നിരവധി വന്യജീവികളുടെ ജീവന്‍ റോഡുകളില്‍ പൊലിയാറുണ്ട്.

വനത്തിലൂടെ വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍, പെട്ടെന്നുള്ള ചലനങ്ങള്‍ എന്നിവ മൃഗങ്ങളെ പരിഭ്രാന്തരാക്കാം. അതിനാല്‍ റോഡില്‍ വന്യമൃഗങ്ങളെ കണ്ടാല്‍ വാഹനം സൈഡില്‍ പാര്‍ക്ക് ചെയ്യുക. മൃഗങ്ങളുടെ സ്ഥലത്ത് കയറിയാണ് നാം റോഡ് നിര്‍മിച്ചതെന്ന് ഓര്‍ത്ത് ക്ഷമയോടെ അവര്‍ കടന്ന് പോകുന്നത് വരെ കാത്തിരിക്കുക.

അതുപോലെ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു പ്രാവശ്യം മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുത്താല്‍ അവര്‍ പിന്നീട് അതേ സ്ഥലത്ത് ഭക്ഷണത്തിനായി മടങ്ങി വരും. മറ്റ് വാഹനയാത്രികരില്‍ നിന്ന് ഭക്ഷണം കിട്ടിയില്ലെങ്കില്‍ അവരെ ആക്രമിക്കുകയും ചെയ്യും.


Click it and Unblock the Notifications








