വണ്ടിക്കാരാ...ജാവോന്ന് പറയണം! യാത്രക്കാരെ കാറിൽ നിന്ന് തുരത്തിയോടിച്ച് കാട്ടുകൊമ്പൻ
കാട് വെട്ടി നാടാക്കിയാൽ കാട്ടിലെ മൃഗങ്ങൾ നാട്ടിൽ കൈയ്യേറ്റം നടത്തും. ഇന്ത്യയിൽ ജനസംഖ്യാ വർധനവും, പുതിയ റോഡുകളുടെ നിർമ്മാണവും മൂലം വനപ്രദേശങ്ങൾ ചുരുങ്ങുന്നതിനാൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള കണ്ടുമുട്ടലുകളും ഏറ്റുമുട്ടലുകളും സാധാരണമായി മാറിയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ അരിക്കൊമ്പൻ ഉണ്ടാക്കിയ കോലാഹലങ്ങൾ ഞങ്ങൾ വിശദ്ധീകരിക്കേണ്ടതില്ലല്ലോ.
എന്നാൽ, ഇപ്പോൾ അരിക്കൊമ്പൻ അല്ലാതെ മറ്റൊരു കൊമ്പന്റെ ലീലാവിലാസങ്ങളാണ് ഞങ്ങൾ ഈ ലേഖനത്തിൽ പങ്കുവെയ്ക്കുന്നത്. ഉത്തരാഖണ്ഡിലെ കോട്‌വാറിലാണ് സംഭവം നടക്കുന്നത്. വഴി തടഞ്ഞ കാട്ടാനയെ കണ്ട് പേടിച്ച് ഒരു കുടുംബം പരിഭ്രാന്തരായി തങ്ങളുടെ ടാറ്റ പഞ്ചിൽ നിന്ന് പുറത്തേക്ക് ഓടുന്നത് വീഡിയോയിൽ കാണാം.

ആന വഴിതടഞ്ഞതിനാൽ കുടുങ്ങിയ മറ്റൊരു സഹയാത്രികനാണ് ഈ സംഭവത്തിന്റെ വീഡിയോ പകർത്തിയത്. ഒരേ കുടുംബത്തിൽ നിന്നുള്ള കുറച്ച് ആളുകൾ കാറിൽ നിന്ന് ഇറങ്ങി ഓടുന്നത് വീഡിയോയിൽ കാണാം. അവർ വാഹനത്തിൽ നിന്ന് വളരെ ദൂരെ വീഡിയോ റെക്കോർഡ് ചെയ്യുന്ന ആളുടെ അടുത്തേക്ക് ഓടി അടുക്കുമ്പോൾ, ആന ടാറ്റ പഞ്ചിനോട് ഇഞ്ചുകൾക്ക് അകലെയാണ് എന്ന് കാണാം.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ആനയുടെ ശ്രദ്ധ അല്പം തെറ്റിയപ്പോൾ, കുറച്ച് ആളുകൾ കൂടെ ഇതേ കാറിൽ നിന്ന് പുറത്തിറങ്ങുന്നത് കാണാം, അവരിൽ ഒരാളുടെ കൈയിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. കുട്ടിയേയും എടുത്ത ആൾ ഒന്ന് കാലിടറി റോഡിൽ വീണെങ്കിലും പെട്ടെന്ന് തന്നെ എഴുന്നേറ്റ് വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ആന വാഹനത്തിന്റെ തെട്ട് അടുത്ത് വന്നില്ല, പക്ഷേ നമുക്ക് കാണാനാകുന്നതുപോലെ, കാർ ആനയുടെ അടുത്താണ് പാർക്ക് ചെയ്തിരിക്കുന്നത്. പഞ്ച് ഡ്രൈവർ കൃത്യസമയത്ത് കൊമ്പനെ കണ്ടില്ലായിരിക്കാം അല്ലെങ്കിൽ തനിക്ക് ആനയെ കടന്നുപോകാൻ കഴിയുമെന്ന് കരുതിയാവാം മുന്നോട്ട് നീങ്ങിയത്. എന്നിരുന്നാലും ആർക്കും യാതൊരു അപകടവും പരിക്കും ഏൽക്കാതെ രക്ഷപെട്ടു. പിന്നീട് ഭയന്നു വിറച്ച വാഹനയാത്രക്കാരെ തനിച്ചാക്കി ആന മറ്റൊരു വഴിക്ക് പോകുന്നതായി കാണാം.
ഇവിടെ എത്തിയ കൊമ്പൻ ഭീതി സൃഷ്ടിച്ചു എങ്കിലും ആരേയും ഉപദ്രവിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ പലയിടത്തും കാട്ടാനകൾ വാഹനങ്ങളെ അക്രമിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ മൂന്ന് സുഹൃത്തുക്കളെ അടുത്തിടെ കാട്ടാന ആക്രമിച്ചിരുന്നു. അവരിൽ ഒരാൾ ആന ഇറങ്ങുന്ന വഴിയിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിരുന്നു.

മറ്റൊരാൾ ആനുയുടെ ഫോട്ടോയെടുക്കാനും തുടങ്ങി. ഇവരുടെ പ്രവർത്തകളിൽ ആന പ്രകോപിതനായി അവർക്കു നേരെ പായുകയായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കൾ രക്ഷപ്പെടാനുള്ള ശ്രമത്തിൽ അവരുടെ കാറിനടുത്തേക്ക് ഓടി. അവരിലൊരാൾ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു എങ്കിലും, ആനയെ കണ്ടയുടൻ ജീവനും കൊണ്ട് അവനും കാറിന് അടുത്തേക്ക് ഓടി.
വാഹനത്തിൽ എത്തിയപ്പോൾ ഡ്രൈവർ പരിഭ്രാന്തനാവുകയും വാഹനം വേഗത്തിൽ എടുക്കുകയും ചെയ്തു, അതിനാൽ ഒരൾ റോഡിൽ വീഴുകയും ചെയ്തു. ഭാഗ്യവശാൽ പരിക്കേൽക്കാതെ വാഹനത്തിനുള്ളിൽ കയറാൻ അയാൾക്കും സാധിച്ചു. ആനയുടെ ആക്രമണത്തെത്തുടർന്ന് മറ്റ് കാർ യാത്രക്കാർ ഇവരെ സഹായിക്കാൻ നിർത്തിയിരുന്നു. അതിനുശേഷം അധികൃതർ പിന്നീട് ഈ യുവാക്കളെ കണ്ടെത്തി ആന പാസ് ചെയ്യുന്ന വഴിയിൽ വാഹന നിർത്തിയതിന് പിഴ ചുമത്തി.
വന്യമൃഗങ്ങളെ അവരുടെ പാട്ടിന് വിടുന്നതാണ് നല്ലത്, കാരണം അവ പ്രവചനാതീതമായേക്കാം, തങ്ങൾക്ക് എതിരെ ഒരു ഭീഷണി തോന്നിയാൽ അവ ആക്രമിക്കാം. ആനകൾ സാധാരണയായി സമാധാനപരമായ ജീവികളാണ്, പ്രകോപനമില്ലാതെ അവ ആക്രമിക്കില്ല. എന്നിരുന്നാലും, തങ്ങൾ അപകടത്തിലാണെന്ന് തോന്നിയാൽ, അവർ ആഞ്ഞടിച്ചേക്കാം. അതുകൊണ്ടാണ് വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടത് അനിവാര്യമാണ് എന്ന് പറയുന്നത്. വനങ്ങളിലോ ദേശീയ ഉദ്യാനങ്ങളിലോ റോഡുകൾ മുറിച്ചുകടക്കുന്ന ആനക്കൂട്ടങ്ങളെ കണ്ടുമുട്ടുമ്പോൾ, അവ ശല്യപ്പെടുത്താതെ കടന്നുപോകുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത്.
മൃഗം വാഹനത്തെ ആക്രമിക്കുകയാണെങ്കിൽ, ശാന്തമായിരിക്കുകയും കൂടുതൽ പ്രകോപനം ഒഴിവാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മൃഗത്തെ ഭീഷണിപ്പെടുത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയും താമസക്കാരെ കൂടുതൽ അപകടത്തിലാക്കുകയും ചെയ്യും.


Click it and Unblock the Notifications








