ശരിക്കും ഡിഫെന്‍ഡര്‍ 60 ലക്ഷത്തില്‍ താഴെ വിലയില്‍ കിട്ടുമോ? ഉള്ളതാണോ അതോ തള്ളാണോ എന്നറിയാം
'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' അഥവാ എല്ലാ കരാറുകളുടെയും മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതിയ സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ചൊവ്വാഴ്ച (27 ജനുവരി 2027) ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പുവെച്ചു. 200 കോടിയാളുകളെ ബാധിക്കുന്ന ഈ കരാര്‍ ആണ് ഇപ്പോള്‍ വാഹന ലോകത്തും ചര്‍ച്ചാവിഷയം. ഈ കരാര്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്പില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകളുടെ വില പകുതിയോളമായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകള്‍ക്ക് ഇന്ത്യയില്‍ 100 ശതമാനത്തിന് മുകളിലാണ് ഇറക്കുമതി തീരുവ ഈടാക്കുന്നത്. ഇതിന് പുറമെ 40 ശതമാനം ചരക്കുസേവന നികുതിയും (ജിഎസ്ടി) നല്‍കേണ്ടതുണ്ട്. ഇത് വാഹനത്തിന്റെ വിപണി വില യഥാര്‍ത്ഥ വിലയുടെ ഇരട്ടിയോളമായി വര്‍ദ്ധിപ്പിക്കുന്നു. പുതിയ കരാര്‍ പ്രകാരം ഈ ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറയ്ക്കാനാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 110 ശതമാനത്തില്‍ നിന്ന് 40 ശതമാനത്തിലേക്കും, പിന്നീട് വെറും 10 ശതമാനത്തിലേക്കും ഇറക്കുമതി തീരുവ കുറയ്ക്കാനാണ് പദ്ധതി. ഇത് നടപ്പിലാകുന്നതോടെ ഇന്ത്യയില്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് അഥവാ സിബിയു (CBU) റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വിലയില്‍ വന്‍ ഇടിവുണ്ടാകും. പ്രതിവര്‍ഷം 2,50,000 കാറുകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ കരാര്‍ നടപ്പിലാകാന്‍ കുറച്ച് സമയം എടുക്കും.
അതിനാല്‍ ചിലപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും പുതിയ വിലകള്‍ വിപണിയില്‍ അനുഭവപ്പെടുക.ജനപ്രിയ ആഡംബര എസ്യുവി ആയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിനെ ഉദാഹരണമാക്കി എടുത്താല്‍ ഈ മാറ്റം വ്യക്തമാകും. സ്ലൊവാക്യയില്‍ നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഡിഫെന്‍ഡര്‍ 110-ന് നിലവില്‍ 1.03 കോടി രൂപയാണ് എക്‌സ്-ഷോറൂം വില. എന്നാല്‍ നികുതി ഘടന മാറുന്നതോടെ ഈ വിലയില്‍ ലക്ഷങ്ങളുടെ കുറവുണ്ടാകും.

ഡിഫെന്‍ഡറിന്റെ അടിസ്ഥാന വിലയും ഷിപ്പിംഗ് ചാര്‍ജും ഏകദേശം 35 ലക്ഷം രൂപയാണ്. 110 ശതമാനം ഇറക്കുമതി തീരുവയും 40 ശതമാനം ജിഎസ്ടിയുമെല്ലാം അടക്കമാണ് 5 ഡോര്‍ പതിപ്പായ ഡിഫെന്‍ഡര്‍ 110 ഇപ്പോള്‍ 1.03 കോടി രൂപയ്ക്ക് വില്‍ക്കുന്നത്. ഇറക്കുമതി തീരുവ 40 ശതമാനമായാല്‍ ഇതിന്റെ വില 68.6 ലക്ഷമായി കുറയും. കരാറിലെ അവസാന ഘട്ടത്തില്‍ 10 ശതമാനം നികുതിയിലേക്ക് എത്തുമ്പോള്‍ ഡിഫെന്‍ഡറിന്റെ വില വെറും 53.9 ലക്ഷം രൂപയായി മാറും.
ഇതോടെ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ടോപ്പ് വേരിയന്റ് വാങ്ങുന്ന വിലയ്ക്ക് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കാന്‍ സാധിക്കും. ബിഎംഡബ്ല്യു, ഔഡി, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ ലക്ഷ്വറി ബ്രാന്‍ഡുകളുടെ വിദേശ നിര്‍മ്മിത മോഡലുകള്‍ക്കും ഈ വിലക്കുറവ് ബാധകമാകും. യൂറോപ്യന്‍സിന് മാത്രമല്ല കരാര്‍ വഴി ഇന്ത്യന്‍ കമ്പനികള്‍ക്കും നേട്ടമുണ്ട്. സ്വതന്ത്ര വ്യാപാര കരാര്‍ വഴി ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് 450 മില്യണ്‍ ജനങ്ങളുള്ള യൂറോപ്യന്‍ വിപണിയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാം.

ഓട്ടോമൊബൈല്‍ രംഗത്തിന് പുറമെ ക്ഷീര ഉല്‍പ്പന്ന, കാര്‍ഷിക മേഖലകളിലും ഈ കരാര്‍ വലിയ സ്വാധീനം ചെലുത്തും. ആഡംബര കാറുകളുടെ വില കുത്തനെ ഇടിയുന്നതിന് കാരണമാകുന്നതിനാല്‍ പുതിയ കരാര്‍ വാഹനപ്രേമികള്‍ക്കിടയിലാണ് വലിയ ഓളം സൃഷ്ടിച്ചിരിക്കുന്നത്. കരാര്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി എടുക്കാമെങ്കിലും ഗുണനിലവാരമുള്ള ലോകോത്തര ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും.
ഇന്ത്യയുടെ വ്യാപാര മേഖലയെ പുനര്‍നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് ഈ സ്വപ്ന കരാര്‍. വിദേശ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കാനും ആഭ്യന്തര വ്യവസായങ്ങള്‍ ആഗോള നിലവാരത്തിലേക്ക് ഉയരാനും ഇത് കാരണമാകും. വിലക്കുറവിനെ തുടര്‍ന്ന് ആഡംബര കാര്‍ വിപണിയില്‍ വരും വര്‍ഷങ്ങളില്‍ മത്സരം കടുത്തേക്കാം. ഇറക്കുമതി തീരുവ കുറയുന്നതോടെ ബ്രാന്‍ഡുകള്‍ കൂടുതല്‍ ഗ്ലോബല്‍ മോഡലുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സാധ്യതയുണ്ട്.
ഈ ചരിത്രപരമായ കരാറിന്റെ ഗുണങ്ങള്‍ ഒറ്റരാത്രികൊണ്ട് ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് ആരും കിനാവ് കാണേണ്ട. ഘട്ടം ഘട്ടമായി ദീര്‍ഘകാലം കൊണ്ടാണ് ഇത് നടപ്പിലാകുക. അതുകൊണ്ട് തന്നെ നിലവില്‍ 60 ലക്ഷം രൂപയില്‍ താഴെ വിലയ്ക്ക് ഡിഫെന്‍ഡര്‍ വില്‍പ്പനക്കെത്തുന്നത് കടലാസില്‍ മാത്രമാണുള്ളത്. അത് യാഥാര്‍ത്ഥ്യമാകാന്‍ കുറച്ച് സമയമെടുക്കും. അതിനായി ഡിഫെന്‍ഡര്‍ പ്രേമികള്‍ ക്ഷമയോടെ കാത്തിരിക്കുക.


Click it and Unblock the Notifications








