കൊടും ചൂടില്‍ കാറിന്റെ ബോണറ്റില്‍ ചപ്പാത്തി ചുട്ട് യുവതി; വീഡിയോ വൈറല്‍
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. വടക്ക്, പടിഞ്ഞാറ്, മധ്യ ഭാഗങ്ങളില്‍ തുടരുന്ന കടുത്ത ഉഷ്ണതരംഗം താപനിലയുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണെന്ന് വേണം പറയാന്‍.

കൊടുംചൂട് വരും ദിവസങ്ങളിലൊന്നും ശമിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചസമയത്ത് പുറത്തിറങ്ങുന്നതില്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നു. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥനങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന താപനിലയുള്ളത്.

ഒഡിഷയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ചൂടിന്റെ കാഠിന്യം കൂടുന്ന സാഹചര്യത്തില്‍ ഇത് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 40 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ കാറിന്റെ ബോണറ്റില്‍ വച്ച് ചപ്പാത്തി ചുടുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍, ഒഡീഷയില്‍ നിന്നുള്ള സോനെപൂര്‍ മേഖലയിലെ ഒരു സ്ത്രീ കാറിന്റെ ബോണറ്റില്‍ ചപ്പാത്തി ഉണ്ടാക്കുന്നത് കാണാം. സോനേപൂര്‍ സ്വദേശിയായ നിലമാധബ് പാണ്ഡയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്, തന്റെ നാട്ടില്‍ വളരെ ചൂടാണ് കാറിന്റെ ബോണറ്റില്‍ ചപ്പാത്തി ഉണ്ടാക്കാന്‍ കഴിയുന്നതെന്ന് അവര്‍ ട്വീറ്റില്‍ പറഞ്ഞുവെയ്ക്കുകയും ചെയ്യുന്നു.

യുവതി ഒരു സ്റ്റാന്‍ഡില്‍ ചപ്പാത്തി ചുരുട്ടുന്നതും നേരിട്ട് സൂര്യപ്രകാശത്തില്‍ തുറന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന റെനോ ക്വിഡിന്റെ ബോണറ്റില്‍ ചപ്പാത്തി പാകം ചെയ്യുന്നതും വീഡിയോയില്‍ കാണാം. കടുത്ത ചൂട് കാരണം, ക്വിഡിന്റെ ബോണറ്റ് ചപ്പാത്തിക്ക് അനുയോജ്യമായ പാചക താപനില അനുവദിക്കുന്ന തരത്തില്‍ ചൂടാണെന്നും പിന്നീട് വ്യക്തമാകുകയും ചെയ്യും.

വിഷയത്തില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഇട്ടിരിക്കുന്നതും കാണാം. യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരമൊരു സംഭവം കണ്ട് ചിലര്‍ അത്ഭുതപ്പെടുമ്പോള്‍, സൗരോര്‍ജ്ജമാണ് ഇന്ത്യയുടെ ഭാവിയെന്ന് ചിലര്‍ കമന്റുകളായി പറയുകയും ചെയ്യുന്നു.
ഏപ്രിലില്‍ കടുത്ത ചൂടാണെങ്കില്‍, വേനല്‍ക്കാലത്തിന്റെ അടുത്ത രണ്ട് മാസങ്ങളില്‍ സാഹചര്യങ്ങള്‍ എത്രത്തോളം ബുദ്ധിമുട്ടായിരിക്കുമെന്ന് പോലും ചിലര്‍ ആശങ്കാകുലരാണ്.

സിനിമകളിലും കാര്‍ട്ടൂണുകളിലും ഇത്തരം സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ യഥാര്‍ത്ഥ ലോകത്ത് ഇത്തരമൊരു സംഭവം വിരളമാണ്. കാറിന്റെ ബോണറ്റില്‍ ചപ്പാത്തി പാകം ചെയ്യുന്ന ഈ സംഭവം രസകരമായി തോന്നിയേക്കാമെങ്കിലും, രാജ്യത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമായ സാഹചര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

കടുത്ത ചൂടിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പല പ്രദേശങ്ങളിലും താപനിലയില്‍ 3-5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍, രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും വടക്കുപടിഞ്ഞാറന്‍-പടിഞ്ഞാറ് വരണ്ട വായുവും ഉയര്‍ന്ന സൗരോര്‍ജ്ജവും രൂക്ഷമായ ഉഷ്ണതരംഗത്തിന് കാരണമായിട്ടുണ്ട്, ഇത് ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു.

വാഹനമോടിക്കുന്നവര്‍, പ്രത്യേകിച്ച് മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ റൈഡര്‍മാര്‍, അവരുടെ വീടുകളില്‍ നിന്നോ ജോലിസ്ഥലങ്ങളില്‍ നിന്നോ പുറത്തിറങ്ങാന്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) പറയുന്നതനുസരിച്ച്, ഉഷ്ണതരംഗം ഒരാഴ്ച കൂടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications