ടെസ്റ്റ് ഡ്രൈവിന് പോയ ഭാര്യ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല! ലൈഫ്ടൈം സര്‍പ്രൈസ് എന്നാല്‍ ഇതാണ്
സമ്മാനങ്ങള്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. പലരും പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്നത് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കിയിട്ടാണ്. ഇന്നത്തെ കാലത്ത് പ്രിയപ്പെട്ടവര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കുന്നത് സാധാരണ കാര്യമാണ്. എന്നാല്‍ വെറും ടെസ്റ്റ് ഡ്രൈവ് എന്നും പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ആഡംബര കാര്‍ സര്‍പ്രൈസായി സമ്മാനിച്ചാല്‍ ഞെട്ടില്ലേ. അങ്ങനെയൊരു അപ്രതീക്ഷിത സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നത്. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 (Land Rover Defender 110) ആണ് ഭര്‍ത്താവ് തന്റെ ഭാര്യക്ക് സമ്മാനിച്ചത്.
റാഷി ഷാ ശര്‍മ എന്നയാളാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ സര്‍പ്രൈസ് ഗിഫ്റ്റ് കിട്ടിയ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. ദമ്പതികള്‍ അവരുടെ കുഞ്ഞിനെയും കൊണ്ട് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഡീലര്‍ഷിപ്പിലെത്തുന്നതാണ് വീഡിയോയുടെ തുടക്കം. ഒരു റേഞ്ച് റോവറിന്റെ ടെസ്റ്റ് ഡ്രൈവിനായാണ് തങ്ങള്‍ പോയതെന്ന് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് കവര്‍ കൊണ്ട് മൂടിയ ഒരു ഡിഫെന്‍ഡറായിരുന്നു.

തങ്ങള്‍ റേഞ്ച് റോവര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ വന്നതല്ലേ എന്ന ധാരണയില്‍ വീഡിയോയില്‍ കാണുന്ന യുവതി ഈ ആഡംബര എസ്യുവി സ്വന്തമാക്കാന്‍ പോകുന്നയാള്‍ ഇന്ന് എത്ര സന്തോഷത്തിലായിരിക്കുമെന്ന് ചിന്തിച്ചു. എന്നാല്‍ താന്‍ ആയിരിക്കും ഹാപ്പിയാകാന്‍ പോകുന്ന ആ വ്യക്തിയെന്ന് കരുതിയതേയില്ലെന്നാണ് യുവതി വീഡിയോയുടെ കൂടെ നല്‍കിയ കുറിപ്പില്‍ പറയുന്നു.
ഡീലര്‍ഷിപ്പിലെ ജീവനക്കാരുമായി സംസാരിച്ച ശേഷം ഭര്‍ത്താവ് ഡിഫെന്‍ഡറിന് മുകളില്‍ മൂടിയിരുന്ന കറുത്ത തുണി മാറ്റുന്നതും തുടര്‍ന്ന് ചിരിച്ചുകൊണ്ട് ഇത് തന്റെ പിറന്നാള്‍ സമ്മാനമാണെന്ന് പറയുന്നതും വീഡിയോയില്‍ കാണാം.അമ്പരന്ന് വായ് പൊത്തി നിന്ന യുവതി പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ തനിക്കുള്ളതാണെന്ന് മനസിലാക്കാന്‍ അല്‍പ്പസമയം എടുത്തു.

ശേഷം ഭര്‍ത്താവ് പ്രിയതമയുടെ അടുത്തെത്തി ചേര്‍ത്തുപിടിച്ചു. ഈ സന്തോഷ നിമിഷം ആഘോഷിക്കാന്‍ കുഞ്ഞിനൊപ്പം ചേര്‍ന്ന് അവര്‍ കേക്ക് മുറിക്കുകയും ചെയ്തു. ഈ ഹൃദയസ്പര്‍ശിയായ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളുമായെത്തി. ഈ സമ്മാനം ലഭിച്ച ഭാര്യയെ അവര്‍ അഭിനന്ദിച്ചു. ഇത് ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസുകളില്‍ ഒന്നാണെന്നും താങ്കളുടെ ഭര്‍ത്താവ് വളരെ നല്ല മനുഷ്യനാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ആഡംബര എസ്യുവികളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍. ഇതിന്റെ വില 1.05 കോടി രൂപയില്‍ ആരംഭിച്ച് ഏറ്റവും പുതിയ ഒക്ടാ പതിപ്പിന് 2.59 കോടി രൂപ വരെയാണ്. വിവിധ ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുകളിലും ബോഡി സ്‌റ്റൈലുകളിലും ഇത് ലഭ്യമാണ്. 90 (3 ഡോര്‍), 110 (5 ഡോര്‍ ഷോര്‍ട്ട് വീല്‍ബേസ്), 130 (ലോംഗ് വീല്‍ബേസ് 7 സീറ്റര്‍) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. ആദ്യത്തെ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 296 bhp പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തെ 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ 394 bhp പവറും 550 Nm ടോര്‍ക്കും നല്‍കുന്നു.
രണ്ട് മോഡലുകളിലും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉണ്ട്. ഈ രണ്ട് എഞ്ചിനുകള്‍ക്ക് പുറമെ, കമ്പനി V8 എഞ്ചിനും നല്‍കുന്നുണ്ട്. 5.0 ലിറ്റര്‍ V8 എഞ്ചിന്‍ 296 bhp പവറും 650 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.ഇതില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും പെര്‍മെനെന്റ് 4WD സിസ്റ്റവും ഉണ്ട്.

കോണ്‍ഫിഗറബിള്‍ ടെറൈന്‍ റെസ്‌പോണ്‍സ്, ടെറൈന്‍ റെസ്‌പോണ്‍സ് 2 സിസ്റ്റങ്ങള്‍ എന്നിവ ഉപയോഗിച്ച് മരുഭൂമിയായാലും മഞ്ഞ് മൂടിയ മലനിരകള്‍ ആയാലും പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശങ്ങള്‍ ആയാലും അവയ്ക്കെല്ലാം അനുയോജ്യമായ രീതിയില്‍ ക്രമീകരണങ്ങള്‍ മാറ്റാന്‍ കഴിയും. 291 mm ഗ്രൗണ്ട് ക്ലിയറന്‍സും 900 mm വാട്ടര്‍വാഡിംഗ് ഡെപ്തും ഉള്ള ഡിഫെന്‍ഡറിന് ഏത് തടസങ്ങളെയും എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും.
ഇതിന്റെ ക്യാബിനില്‍ 14 തരത്തില്‍ ക്രമീകരിക്കാവുന്ന ഹീറ്റഡ്/കൂള്‍ഡ് ഇലക്ട്രിക് സീറ്റുകള്‍, മൃദുവായ ഹെഡ്‌ലൈനര്‍, കൂടുതല്‍ സ്റ്റോറേജ് സൗകര്യങ്ങള്‍, രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവയുണ്ട്. ആഡംബര സവിശേഷതകള്‍ക്കൊപ്പം ഓഫ്‌റോഡ് ശേഷിയുമുള്ള ഈ എസ്‌യുവി ഇന്ന് ഇന്ത്യയില്‍ തരംഗമാണ്. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ജെഎല്‍ആര്‍ അടക്കമുള്ള ബ്രിട്ടീഷ് ബ്രാന്‍ഡുകളുടെ കാറുകള്‍ക്ക് വില കുറയുന്നതോടെ കൂടുതല്‍ ഡിഫെന്‍ഡറുകള്‍ നമുക്ക് നിരത്തില്‍ കാണാന്‍ സാധിക്കും.


Click it and Unblock the Notifications








