യാത്രക്കാര്‍ പേടിച്ചത് സംഭവിച്ചു! മിഡില്‍ ബെര്‍ത്ത് വീണ് സ്ത്രീക്ക് പരിക്ക്, ഇത് ചെയ്‌താൽ രക്ഷപ്പെട്ടേനെ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഒരു ഗതാഗത മാര്‍ഗമാണ് ട്രെയിന്‍. ക്ഷീണമില്ലാതെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്നതിനാല്‍ ലക്ഷക്കണക്കിനാളുകളാണ് ഓരോ ദിവസവും ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിക്കുന്നത്. പല തരത്തിലുള്ള ട്രെയിനുകള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നുണ്ട്. രാത്രി യാത്രകളില്‍ മിക്കപ്പോഴും നമ്മള്‍ സ്ലീപ്പര്‍ കോച്ചുകളുള്ള ട്രെയിനുകളെയാണ് തെരഞ്ഞെടുക്കുക. സാധാരണ സ്ലീപ്പര്‍ കംപാര്‍ട്ടുമെന്റുകളില്‍ ഒരുവശത്തായി മൂന്ന് ബെര്‍ത്തുകളാണ് ഉണ്ടാവുക. ഇതില്‍ ഏറ്റവും തഴെയുള്ള ലോവര്‍ ബെര്‍ത്തില്‍ യാത്ര ചെയ്തവര്‍ തൊട്ട് മുകളിലുള്ള മിഡില്‍ബെര്‍ത്ത് താഴെ വീണാലോ എന്ന് ഒരുതവണയെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം. ഇത് ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ടവരും ഉണ്ടാകും.
ഇപ്പോള്‍ പലരും ഭയന്ന പോലെ തന്നെ സംഭവിച്ചു. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാലക്കാട്ടേക്ക് പുറപ്പെട്ട എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീക്ക് ഉറങ്ങിക്കിടക്കുമ്പോള്‍ മിഡില്‍ ബെര്‍ത്ത് ദേഹത്തേക്ക് വീണു ഗുരുതരമായി പരിക്കേറ്റു. മെയ് 12-ന് നടന്ന ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായി മാറിയിട്ടുണ്ട്. ട്രെയിന്‍ യാത്രയിലെ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.

39-കാരിയായ സൂര്യ മുരുകനാണ് ട്രെയിനില്‍ വെച്ച് തലക്ക് പരിക്കേറ്റത്. ട്രെയിന്‍ നമ്പര്‍ 22651 ചെന്നൈ-പാലക്കാട് എക്‌സ്പ്രസ് തിങ്കളാഴ്ച പുലര്‍ച്ചെ ജോലാര്‍പേട്ട് സ്‌റ്റേഷന്‍ പിന്നിട്ടപ്പോള്‍ ആയിരുന്നു സംഭവം. റെയില്‍വേ അധികൃതര്‍ പറയുന്നത് പ്രകാരം സൂര്യ മുരുകന്‍ ലോവര്‍ ബെര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെ 1.15 ആയതോടെ ആളില്ലാതിരുന്ന മിഡില്‍ബെര്‍ത്ത് അവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
സഹയാത്രികര്‍ മറ്റൊരു കോച്ചില്‍ യത്ര ചെയ്തിരുന്ന സൂര്യയുടെ ഭര്‍ത്താവിനെയും ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറെയും (ടിടിഇ) വിവരമറിയിച്ചു. സൂര്യയുടെ തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നതിനാല്‍ വൈദ്യസഹായത്തിനായി അപേക്ഷിച്ചെങ്കിലും ട്രെയിനില്‍ ഫസ്റ്റ് എയിഡ് കിറ്റ് പോലുമില്ലായിരുന്നുവെന്ന ഗുരുതര ആരോപണവും യാത്രക്കാരിയുടെ ഭര്‍ത്താവ് റെയില്‍വേക്കെതിരെ ഉന്നയിച്ചിട്ടുണ്ട്.

തൊട്ടടുത്ത സ്‌റ്റേഷനായ മോറപ്പൂരില്‍ ഇറങ്ങാന്‍ ടിടിഇ ആവശ്യപ്പെട്ടെങ്കിലും രാത്രി സമയത്ത് എന്ത് ചെയ്യുമെന്നറിയാത്തതിനാല്‍ ദമ്പതികള്‍ അടുത്ത പ്രധാന സ്റ്റേഷനായ സേലം ജംഗ്ഷനിലാണ് ഇറങ്ങിയത്. അതുവരെ ഒരു കഷ്ണം തുണിവെച്ചാണ് സൂര്യ മുറിവ് പൊത്തിപ്പിടിച്ചത്. സേലത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂര്യക്ക് ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്തു. അപകടം പക്ഷേ ട്രെയിന്‍ സര്‍വീസ് തടസപ്പെടുത്തിയില്ല.
ഡിണ്ടിഗല്‍ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മിഡില്‍ ബെര്‍ത്തിന്റെ ലോക്കിംഗ് മെക്കാനിസം സാധാരണ നിലയിലായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. 2005-ല്‍ നിര്‍മിച്ച ഈ കോച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 16-ന് നവീകരിച്ചതായും റെയില്‍വേ അധികൃതര്‍ പറഞ്ഞു. യാത്രക്കാരന്‍ ഹുക്ക് ശരിയായി ഇടാത്തത് കൊണ്ടായിരിക്കാം ബെര്‍ത്ത് വീണതെന്നതാണ് റെയില്‍വേയുടെ പക്ഷം.

ഇന്ത്യന്‍ റെയില്‍വേ കോച്ചുകളുടെ മിഡില്‍ ബെര്‍ത്തുകള്‍ക്കായി ഒരു ചെയിന്‍ ലോക്ക് സംവിധാനമാണ് ഉപയോഗിക്കുന്നത്. മിഡില്‍ ബെര്‍ത്തിലെ ആങ്കറുകളുമായി ബന്ധിപ്പിക്കുന്നതിനായി മുകളിലെ ബെര്‍ത്തില്‍ നിന്ന് രണ്ട് ചങ്ങലകള്‍ തൂങ്ങിക്കിടക്കുന്നു. കോച്ച് തരത്തെയും ട്രെയിനിനെയും ആശ്രയിച്ച് ലോക്കിംഗ് സംവിധാനം വ്യത്യാസപ്പെടുന്നു. 'S' ആകൃതിയിലുള്ള കൊളുത്തുകളും ബട്ടണ്‍ ലോക്കുകളും ഉള്‍പ്പെടെ, അപകടങ്ങള്‍ തടയുന്നതിനും എന്നാല്‍ ഫലപ്രദവുമായ രീതിയിയിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ചെന്നൈ-പാലക്കാട് ട്രെയിനില്‍ നടന്ന ഈ സംഭവം മിഡില്‍ ബെര്‍ത്ത് ഉപയോഗിക്കുന്നതിന് മുമ്പ് അവ സുരക്ഷിതമായി ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഓരോ യാത്രക്കാരനെയും ഓര്‍മ്മിപ്പിക്കുന്നു. സുരക്ഷ ഉറപ്പാക്കാനായി യാത്രക്കാര്‍ ലോക്ക് രണ്ടുതവണയെങ്കിലും പരിശോധിക്കണമെന്നാണ് റെയില്‍വേ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. മിഡില്‍ ബെര്‍ത്ത് ഉപയോഗിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളോ അപകടങ്ങളോ നേരിടുകയാണെങ്കില്‍ ടിടിഇയെയും കണ്‍ട്രോള്‍ റൂമിനെയും വിവരം അറിയിക്കാന്‍ ശ്രദ്ധിക്കുക.
മിഡില്‍ ബെര്‍ത്തില്‍ യാത്ര ചെയ്യാന്‍ പൊതുവേ ആളുകള്‍ക്ക് മടിയാണ്. എന്നിരുന്നാലും സുരക്ഷിതമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എങ്കിലും സുരക്ഷിതമായും സമാധാനത്തോടെയും യാത്ര പൂര്‍ത്തിയാക്കാനായി മിഡില്‍ ബെര്‍ത്തില്‍ കയറി കിടക്കുന്നതിന് മുമ്പ് അത് കൃത്യമായി ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇത് അപകട സാധ്യത ഗണ്യമായി കുറയ്ക്കുകയും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.


Click it and Unblock the Notifications








