തടിയിൽ തീർത്ത കാറിന് പൊന്നും വില! സിട്രൺ 2CV വിറ്റു പോയത് 1.86 കോടി രൂപയ്ക്ക്
വാഹന ലോകത്തെ പല വമ്പൻ ലേലങ്ങളും അതിൽ വിറ്റു പോവുന്ന കൗതുകമുണർത്തുന്ന പല വാഹനങ്ങളും നാം കണ്ടിട്ടുണ്ട്. പലപ്പോഴും വിന്റേജ് മോഡലുകളാവും ഇത്തരം ലോലങ്ങളിലെ താരങ്ങൾ. ഇവിടേയും അത്തരത്തിൽ ഒരു വിന്റേജ് കാറിന്റെ ലേലത്തിന്റെ വിശേഷങ്ങളാണ് നിങ്ങളോടു പങ്കുവെയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിന് വിന്റേജ് മോഡൽ എന്നതിനുപരി മറ്റൊരു പ്രധാന സവിശേഷത കൂടിയുണ്ട്.
ബോഡി പാനലുകളും ഷാസിയും പൂർണ്ണമായി തടിയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. 1948 കാലയളവിൽ സിട്രൺ എന്ന ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ പുറത്തിറക്കിയ 2CV എന്ന മോഡലിന്റെ മരത്തിൽ കൊത്തിയെടുത്ത മോഡലാണിത്. ഫ്രാന്‍സില്‍ നടന്ന ലേലത്തില്‍ തടി കൊണ്ടു നിര്‍മിച്ച സിട്രൺ 2CV മോഡൽ വിറ്റു പോയത് കണ്ണഞ്ചിപ്പിക്കും പൊന്നും വിലയ്ക്കാണ്.

ഈ അത്യപൂർവ്വ കാറിന് 2.10 ലക്ഷം പൗണ്ട്, അതായത് ഏകദേശം 1.86 കോടി രൂപയാണ് ലഭിച്ചത്. മുകളിൽ സൂചിപ്പിച്ചതുപോലെ ബോഡി പൂര്‍ണമായും തടികൊണ്ടു നിര്‍മിച്ച ഒരേയൊരു സിട്രൺ 2CV മോഡലാണിത്. ഈ കാർ മരംകൊണ്ടു നിര്‍മിച്ചതാണെങ്കിലും ഒരു നോർമൽ കാർ പോലെ തന്നെ ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ശ്രദ്ധേയം, അതോടൊപ്പം ഫ്രാന്‍സില്‍ ഇത് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
പാരിസില്‍ നിന്നുള്ള വിന്റേജ് വാഹന പ്രേമിയും മ്യൂസിയം ഉടമയുമായ ഷോണ്‍ പോള്‍ ഫവാന്‍ഡാണ് ലേലത്തില്‍ ഈ തടയിൽ തീർത്ത കാര്‍ സ്വന്തമാക്കിയത്. 'ഒരു കാര്‍ എന്നതിനേക്കാള്‍ കലാസൃഷ്ടി എന്ന നിലയിലാണ് ഇതിന് മൂല്യമുള്ളത്' എന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ A.F.P -യോട് പ്രതികരിച്ചത്.

ഇതിനു മുമ്പ് 2016 -ല്‍ ഒരു സിട്രൺ 2CV മോഡൽ 1,72,800 യൂറോക്ക് ലേലത്തിൽ വിറ്റുപോയിരുന്നു. വളരെ അപൂര്‍വമായ 1961 മോഡല്‍ 2CV സഹാറ എന്ന മോഡലിനാണ് അന്ന് ഇത്രയും തുക ലഭിച്ചത്. പുതിയ ലേലത്തിലെ വില്‍പന ഈ റെക്കോഡിനേയും മറികടന്നിരിക്കുകയാണ്.
മരത്തില്‍ 2CV -യുടെ ബോഡിയും മറ്റ് പാർട്സുകളും കൊത്തിയെടുത്തത് മൈക്കല്‍ റോബില്ലാര്‍ഡ് എന്ന വ്യക്തിയാണ്. കാറിന്റെ വശങ്ങൾ തീർക്കാനായി വാള്‍നട്ട് മരത്തിന്റേയും ഷാസിയുടെ നിർമ്മാണത്തിനായി പിയറിര്‍, ആപ്പിള്‍ എന്നീ മരങ്ങളുടെ തടിയുമാണ് ഉപയോഗിച്ചത് എന്ന് റോബില്ലാര്‍ഡ് വ്യക്തമാക്കി. ബോണറ്റ് നിർമ്മിക്കുന്നതിനായി ചെറി മരത്തിന്റെ ഒറ്റത്തടിയാണ് തെരഞ്ഞെടുത്തത്.
കൈകൊണ്ട് ഉളിയും സാൻഡ് പേപ്പറും പോലുള്ള പണിയായുധങ്ങള്‍ മാത്രം ഉപയോഗിച്ചാണ് മൈക്കല്‍ റോബില്ലാര്‍ഡ് തടയിൽ ഈ മനോഹരമായ കാറിന് മെനഞ്ഞെടുത്തത്. 2011 -ല്‍ നിര്‍മാണം ആരംഭിച്ച ഈ കാര്‍ പ്രൊജക്ട് പൂര്‍ത്തിയാവാന്‍ അഞ്ചു വര്‍ഷം വേണ്ടി വന്നു എന്ന് അദ്ദേഹം പറയുന്നു. ഇത്രയും വർഷത്തിനിടെ 5,000 മണിക്കൂര്‍ ചെലവഴിച്ചാണ് കാര്‍ ഈ രൂപത്തിലേക്ക് മാറ്റിയെടുത്തത് എന്ന് റോബില്ലാര്‍ഡ് വ്യക്തമാക്കി.
വളരെ പാടുപെട്ടു ഇത്രയധികം നാളത്തെ ശ്രമഫലം കൊണ്ട് നിര്‍മിച്ചതിനാൽ തന്നെ മരത്തിൽ തന്റെ കൈകൊണ്ട് ഒരുങ്ങിയ സിട്രൺ 2CV -യോട് വല്ലാത്തൊരു ആത്മബന്ധം അദ്ദേഹത്തിനുണ്ട്. ഈ കാറിനെ തന്റെ മകൾ എന്നാണ് റോബില്ലാര്‍ഡ് വിശേഷിപ്പിക്കുന്നത്. മൂന്ന് ആണ്‍ മക്കളുള്ള തന്റെ എന്റെ ഇളയ മകളാണിത് എന്നായിരുന്നു മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.
ഹിറ്റ്ലറിന്റെ ആശയത്തിൽ പിറന്ന ഫോക്‌സ്‌വാഗണ്‍ ബീറ്റിലിനോട് മത്സരിക്കാന്‍ 1948 -ലാണ് സിട്രൺ 2CV എന്ന മോഡൽ പുറത്തിറക്കിയത്. എന്നാൽ തടിയിൽ നിർമ്മിച്ച ഈ 2CV -ൽ വാഗ്ദാനം ചെയ്യുന്നത് സിട്രൺ പിന്നീട് പുറത്തിറക്കിയ 3CV മോഡലിന്റെ എന്‍നാണ്. ഇതിന് സമാനമായ മറ്റൊരു പ്രൊജക്ട് കൂടി തന്റെ മനസിലുണ്ടെന്ന് റോബില്ലാര്‍ഡ് വെളിപ്പെടുത്തുന്നു.
മറ്റൊരു ഐക്കണിക് ഫ്രഞ്ച് ക്ലാസിക്കായ സിട്രൺ DS -ന്റെ 70 -ാം വാര്‍ഷികം 2025 -ല്‍ നിർമ്മാതാക്കൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അപ്പോഴേക്കും തടിയിൽ സിട്രൺ DS സൃഷ്ടിക്കാനാണ് മൈക്കലിന്റെ പ്ലാൻ. തന്റെ 14 -ാം വയസു മുതല്‍ മരപ്പണികള്‍ ചെയ്യുന്ന വ്യക്തിയാണ് മൈക്കൽ റോബില്ലാര്‍ഡ്. 1990 -കള്‍ മുതല്‍ തന്നെ ലോകപ്രസിദ്ധമായ വാഹനങ്ങളുടെ ചെറു രൂപങ്ങള്‍/ സ്കെയിൽ മോഡലുകൾ തടിയില്‍ തീര്‍ത്ത് റോബില്ലാര്‍ഡ് പ്രശസ്തി നേടിയിരുന്നു.


Click it and Unblock the Notifications








