ഹിറ്റ്മാനല്ല "ഫൈന്‍മാന്‍"; ലോകപ്പിനിടെ അമിതവേഗതയില്‍ കാറോടിച്ചതിന് രോഹിത് ശര്‍മക്ക് പിഴ
ഏകദിന ലോകകപ്പിന്റെ 2023 എഡിഷന് രാജ്യം ആതിഥേയത്വം വഹിച്ച് കൊണ്ടിരിക്കുകയാണ്. കളിച്ച മൂന്ന് മത്സരവും വിജയിച്ച് ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിന് മിന്നും തുടക്കമാണിട്ടത്. നിലവില്‍ ന്യൂസിലന്‍ഡിന് പിന്നില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ടീം ഇന്ത്യ.
വ്യാഴാഴ്ച പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (MCA) സ്‌റ്റേഡിയത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെ ഇന്ത്യ നേരിടാനൊരുങ്ങവെ ഒന്നിലേറെ തവണ വേഗപരിധി ലംഘിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പിഴയിട്ട വാര്‍ത്ത വലിയ ചര്‍ച്ചയാകുന്നു. ഇക്കഴിഞ്ഞ ദിവസം മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അമിതവേഗതയില്‍ വാഹനമോടിച്ചതിനാണ് ക്രിക്കറ്റര്‍ക്ക് മൂന്ന് തവണ ഓണ്‍ലൈന്‍ ചലാന്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്.

ഐസിസി ലോകകപ്പില്‍ ഇന്ന് (2023 ഒക്‌ടോബര്‍ 19) നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് മുന്നോടിയായി സഹതാരങ്ങള്‍ക്കൊപ്പം ചേരാനായി മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്നു രോഹിത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എക്‌സ്പ്രസ് വേയിലൂടെ തന്റെ ലംബോര്‍ഗിനി ഉറൂസ് കാറില്‍ മിന്നല്‍ വേഗത്തിലാണ് രോഹിത് വാഹനമോടിച്ചതെന്ന് ട്രാഫിക് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി പൂനെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദിന ക്രിക്കറ്റിലെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറായ '264' ആണ് ഈ ലംബോര്‍ഗിനി ഉറൂസിന്റെ നമ്പര്‍പ്ലേറ്റില്‍ കാണുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ പറക്കുകയായിരുന്നു രോഹിത് എന്നാണ് പറയപ്പെടുന്നത്. ഒരു സമയത്ത് 36-കാരന്‍ ഓടിച്ച കാര്‍ 215 കിലോമീറ്റര്‍ വേഗത പോലും തൊട്ടുവെന്നും ആരോപണമുണ്ട്. രോഹിത്തിന്റെ ഹൈവേയിലെ 'അഭ്യാസം' നടത്തിയ കൃത്യമായ ദിവസം അറിയില്ല. എങ്കിലും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകാനാണ് സാധ്യത.

ടീം അംഗങ്ങള്‍ക്കൊപ്പം രോഹിത് പൂനെയില്‍ എത്തിയതായാണ് പറയപ്പെടുന്നത്. തിങ്കളാഴ്ച താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ കുടുംബത്തോടൊപ്പം ചെലവിടാനായി മുംബൈയിലേക്ക് പോയതാണ് സ്റ്റാര്‍ ബാറ്റര്‍. ചൊവ്വാഴ്ച വൈകീട്ടായിരുന്നു പരിശീലനത്തിന് മടങ്ങിയെത്തേണ്ടിയിരുന്നത്. മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നഗരങ്ങളായ മുംബൈയെയും പൂനെയെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ്‌വേ ആറ് വരിയിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏകദേശം 94 കിലോമീറ്റര്‍ ദൂരമുള്ള ഈ പാത കഴിഞ്ഞ വര്‍ഷമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
പുതിയ പാത രണ്ട് നഗരങ്ങള്‍ക്കിടയിലെ യാത്രാസമയം ഗണ്യമായി കുറച്ചെങ്കിലും അപകടങ്ങളുടെ എണ്ണം കുത്തനെ കൂട്ടി. ഉയര്‍ന്ന വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണം നിരവധി ജീവിതങ്ങളാണ് നിരത്തില്‍ പൊലിഞ്ഞത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയുടെ ഭാരം പേറി നടക്കുന്ന രോഹിത് ശര്‍മ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി നടത്തരുതായിരുന്നുവെന്നാണ് അഭിപ്രായം ഉയരുന്നത്.
ക്യാപ്റ്റന്‍ മാത്രമല്ല ടീം ബാറ്റിംഗ് യൂണിറ്റിന്റെ നെടുംതൂണ് കൂടിയാണ് ഓപ്പണറായ രോഹിത്. അതിനാല്‍ തന്നെ ടൂര്‍ണമെന്റ് നടക്കുന്നതിനിടെ ടീം ബസില്‍ മാത്രമായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് കാര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഉദാഹരണം നമുക്ക് മുന്നിലുണ്ട്. അതിനാല്‍ തന്നെ ലോകകപ്പ് പോലെരു സുപ്രധാന ടൂര്‍ണമെന്റ് നടക്കുന്നതിനിടെ ക്യാപ്റ്റന്‍ കൂടിയായ താരം അല്‍പ്പം കൂടി ജാഗ്രത പാലിക്കണമെന്നാണ് വിമര്‍ശനം ഉയരുന്നത്.
ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്നായി 72 ശരാശരിയില്‍ 217 റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. 141.83 ആണ് സ്‌ട്രൈക്ക്‌റേറ്റില്‍ ബാറ്റ്‌വീശുന്ന രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാണ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ രോഹിത് പൂജ്യത്തിന് പുറത്തായിരുന്നു. എന്നാല്‍ തൊട്ടടുത്ത മത്സരങ്ങളില്‍ ഫോമിലേക്കുയാര്‍ന്ന ഹിറ്റ്മാന്‍ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറിയും (131) ചിരവൈരികളായ പാകിസ്ഥാനെതിരെ 86 റണ്‍സും നേടിയിരുന്നു.
ലോകകപ്പിലെ മിന്നും പ്രകടനം രോഹിത്തിന് ഐസിസി റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ അഞ്ച് പടി കയറി രോഹിത് ആറാമതെത്തി. ടൂര്‍ണമെന്റില്‍ ഇതുവരെ അപരാജിതരായി കുതിക്കുന്ന ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെയും തകര്‍ക്കാനൊരുങ്ങിയാണ് പൂനെയില്‍ എത്തിയത്. ബംഗ്ലാദേശിനെതിരെ അവസാനം കളിച്ച രണ്ട് ഏകദിന ലോകകപ്പ് മത്സരങ്ങളിലും രോഹിത്ത് സെഞ്ച്വറി നേടിയിരുന്നു.
2015-ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും 2019-ല്‍ ലീഗ് സ്‌റ്റേജ് മത്സരത്തിലുമായിരുന്നു സെഞ്ച്വറി നേട്ടം. ബംഗ്ലാദേശിനെതിരെ അവസാനം കളിച്ച നാല് ഏകദിനങ്ങളില്‍ മൂന്നിലും ടീം തോറ്റിരുന്നുവെന്ന കാര്യം ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഡിസംബറില്‍ നടന്ന പരമ്പരയിലും അടുത്തിടെ സമാപിച്ച ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിലുമായിരുന്നു തോല്‍വി. എന്നാല്‍ മികച്ച ഫോമിലുള്ള ഇന്ത്യ ഇന്ന് കടുവകളെ പൂട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications








