പതിവ് തെറ്റിക്കാതെ ടാറ്റ! ഇതിഹാസം രചിച്ചവര്‍ക്ക് സമ്മാനിക്കുന്നത് ഐതിഹാസിക എസ്‌യുവി
ഒന്നിലേറെ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഒടുവില്‍ സ്വന്തം മണ്ണില്‍ വെച്ച് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ടീം. പ്രാഥമിക റൗണ്ടില്‍ 3 മത്സരങ്ങള്‍ പരാജയപ്പെട്ട് സ്വന്തം ആരാധകരില്‍ നിന്ന് വരെ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന് ഹര്‍മന്‍പ്രീത് കൗറും സംഘവും വിമര്‍ശനങ്ങള്‍ അഭിനന്ദനങ്ങളാക്കി മാറ്റിയിരിക്കുകയാണ്. നവംബര്‍ രണ്ടിന് ഞായറാഴ്ച
നവി മുംബൈയില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെയാണ് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി ലോകകപ്പ് സ്വന്തമാക്കിയത്. കാലങ്ങളോളം രാജ്യത്തെ കായികപ്രേമികള്‍ക്ക് ഓര്‍മിക്കാന്‍ തക്കവണ്ണമുള്ള ചില മത്സരങ്ങള്‍ സമ്മാനിച്ച ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇപ്പോള്‍ ഏഴാം സ്വര്‍ഗത്തിലാണ്.
പുരുഷ-വനിത ടീമുകള്‍ക്ക് തുല്യ വേതനം നടപ്പാക്കിയ പോലെ തന്നെ വിശ്വ കിരീടം ജയിച്ച വനിത ടീമിന് മുന്നിലും സമ്മാനങ്ങളുടെ പെരുമഴയാണ്. ഇപ്പോള്‍ ഐസിസി വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ (Tata Motors Passenger Vehicles) വകയും സമ്മാനങ്ങളുണ്ട്. സാധാരണയായി ഒളിമ്പിക്‌സ്, ഐസിസി ടൂര്‍ണമെന്റുകള്‍ പോലുള്ള വലിയ കായിക മത്സരങ്ങളില്‍ വിജയിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കും ടീമുകള്‍ക്കും വാഹന ബ്രാന്‍ഡുകള്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ട്.

ഇതിന്റെ ഭാഗമായാണ് ടാറ്റാ മോട്ടോര്‍സിന്റെ പ്രഖ്യാപനം. ടാറ്റയെ കൂടാതെ മഹീന്ദ്രയും ഇങ്ങനെ ചെയ്യാറുണ്ട്. എന്നാല്‍ വനിതാ ക്രിക്കറ്റ് ടീമിന് ഉപഹാരം നല്‍കുന്ന കാര്യത്തില്‍ ടാറ്റ മഹീന്ദ്രയെ ഓവര്‍ടേക്ക് ചെയ്തു. ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഓരോ അംഗത്തിനും പുതിയ ടാറ്റാ സിയറ സമ്മാനമായി നല്‍കുമെന്നാണ് ടാറ്റാ മോട്ടോര്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റാ സിയറയുടെ ടോപ്പ് വേരിയന്റാണ് സമ്മാനമായി ലഭിക്കുക.
ഈ സമ്മാന പ്രഖ്യാപനത്തിലൂടെ തന്നെ തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവിയായ സിയറയിലേക്ക് ഇന്ത്യക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ടാറ്റക്ക് സാധിച്ചിട്ടുണ്ട്. 1991 മുതല്‍ 2003 വരെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന ഐതിഹാസിക എസ്‌യുവികളില്‍ ഒന്നാണ് ടാറ്റ സിയറ. 3-ഡോര്‍ ഡിസൈനിനും വലിയ റിയര്‍ ഗ്ലാസ് പാനലുകള്‍ക്കും പേരുകേട്ട ഒറിജിനല്‍ സിയറ ടാറ്റ ടെല്‍കോളിന്‍ പിക്കപ്പ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരുന്നു നിര്‍മിച്ചത്.
വിപണിയില്‍ നിന്ന് പിന്‍വലിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിയറ പുത്തന്‍ അവതാരത്തില്‍ കൊണ്ടുവരാന്‍ പോകുന്ന കാര്യം കഴിഞ്ഞ ഒന്ന് രണ്ട് ഓട്ടോ എക്‌സ്‌പോകളിലൂടെ ടാറ്റ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ 22 വര്‍ഷത്തിനുശേഷം നവംബര്‍ 25-ന് ടാറ്റാ സിയറ വീണ്ടും വിപണിയില്‍ അവതരിക്കാന്‍ പോകുകയാണ്. പുതിയ സിയറ ഐസി എഞ്ചിന്‍, ഇലക്ട്രിക് എന്നീ രണ്ട് പതിപ്പുകളില്‍ ലഭ്യമാകും. എന്നാല്‍, ഐസി എഞ്ചിന്‍ പതിപ്പാണ് ആദ്യം വിപണിയിലെത്തുക. ഇലക്ട്രിക് പതിപ്പ് പിന്നീട് പുറത്തിറങ്ങും.
ലോഞ്ചിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കാറിലെ ഫീച്ചറുകള്‍ വെളിപ്പെടുത്തുന്ന ടീസറുകള്‍ കൃത്യമായ ഇടവേളകളില്‍ പുറത്തുവിടുകയാണ് ടാറ്റ ഇപ്പോള്‍. ഏറ്റവും അവസാനമായി പുറത്തുവന്ന ടീസറുകളില്‍ നിന്ന് സിയറക്ക് പനോരമിക് സണ്‍റൂഫ്, 3 സ്‌ക്രീന്‍ സജ്ജീകരണം എന്നിവ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ലെതറെറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററി തുടങ്ങിയ സവിശേഷതകളും എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യും.
ലെവല്‍-2 ADAS അടക്കം സമഗ്രമായ സേഫ്റ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ സിയറയുടെ പ്രധാനപ്പെട്ട സവിശേഷതകള്‍ വെളിപ്പെടുത്തുന്ന കൂടുതല്‍ ടീസറുകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ടാറ്റാ സിയറയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിന് ഈ കാര്‍ സമ്മാനമായി നല്‍കാനുള്ള ടാറ്റാ മോട്ടോര്‍സിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. ഇത് എസ്‌യുവിയുടെ മാര്‍ക്കറ്റിംഗിനും ഗുണംചെയ്യും.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, മാരുതി സുസുക്കി വിക്‌ടോറിസ്, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡര്‍ തുടങ്ങിയ കാറുകളുമായിട്ടായിരിക്കും ടാറ്റാ സിയറയുടെ ഐസി എഞ്ചിന്‍ പതിപ്പ് മത്സരിക്കുക. ക്രെറ്റ ഇലക്ട്രിക്, എംജി ZS ഇവി, മഹീന്ദ്ര BE 6 തുടങ്ങിയ ഇലക്ട്രിക് കാറുകളായിരിക്കും സിയറ ഇവിയുടെ എതിരാളികള്‍.


Click it and Unblock the Notifications








