യാത്രാവിമാനം അല്ല കേട്ടോ ഇത്, ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിൻ്റെ ഉപയോഗം എന്താണെന്ന് കണ്ടോ
ലോകത്തിലെ ഏറ്റവും വലിയ വിമാനം സൃഷ്ടിക്കുകയാണ് കൊളറാഡോയില്‍ നിന്നുള്ള ഊര്‍ജ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റാഡിയ. ഊര്‍ജസ്രോതസ്സുകളില്‍ ഏറ്റവും പ്രധാന മാർഗമാണ് കാറ്റാടി യന്ത്രങ്ങൾ. എന്നാൽ കാറ്റാടി യന്ത്രങ്ങളുടെ ബ്ലേഡുകൾ കൊണ്ടുപോകാൻ അൽപ്പം ബുദ്ധിമുട്ടാണ്. റോഡുമാർഗം കൊണ്ടുപോകുന്നത് കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന നമ്മളിൽ പലരും കണ്ടിട്ടുണ്ട്. എന്നാൽ ബ്ലേഡ് കൊണ്ടുപോകാൻ ഒരു വിമാനം നിർമിച്ചാലോ. ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമിക്കുന്നത് ഇതിന് വേണ്ടിയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.
റാഡിയ എന്ന കമ്പനി നിർമിച്ചിരിക്കുന്നത് വിൻഡ് റണ്ണർ എന്ന വിമാനമാണ്. 356 അടി നീളവും 79 അടി ഉയരവുമുളള വിന്‍ഡ്‌റണ്ണറിന് ഇന്നത്തെ ഏറ്റവും നീളമുള്ള യാത്രാവിമാനമായ ബോയിങ് 747-8 നേക്കാള്‍ 106 അടി കൂടുതൽ നീളമുണ്ടാവും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ കൂറ്റന്‍ വിമാനത്തിന് 80 ടണ്‍ ഭാരമുളള സാധനങ്ങളും വഹിക്കാനാവും.അതായത് മറ്റ് ബോയിങ് 747നെ അപേക്ഷിച്ച് 12 ഇരട്ടി കൂടുതലാണ് ഇത്.

കാറ്റാടി പാടത്തിന് അടുത്ത് ഒരു റൺവേ തയ്യാറാക്കിയാൽ എളുപ്പമാർഗത്തിൽ തന്നെ ബ്ലേഡുകൾ എത്തിക്കാൻ സാധിക്കുമെന്നാണ് കമ്പനി പദ്ധതിയിടുന്നത്. ഫാക്ടറിയിൽ നിന്ന് വിമാനത്തിലേക്കും അവിടെ നിന്ന് നേരിട്ട് ക്രെയിൻ വഴി കാറ്റാടി യന്ത്രത്തിൻ്റെ അടുത്തേക്കും എത്തിക്കാൻ ഇതു വഴി സാധിക്കും. കൃത്യമായ ഒരു ടാർമാക്ക് ഉളള റൺവേ പോലും കമ്പനി പ്രതീക്ഷിക്കുന്നില്ല. യുദ്ധകാലാടിസ്ഥാനത്തിൽ യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യുന്നത് പോലെ ആയിരിക്കാം കമ്പനി ഉദ്ദേശിക്കുന്നത്.
റാഡിയ 104 മില്യൺ യുഎസ് ഡോളർ ഈ ഒരു പദ്ധതിക്ക് വേണ്ടി സമാഹരിച്ചിരിക്കുകയാണ്, കൂടാതെ കൂടുതൽ വിശാലമായ സ്ഥലങ്ങളിൽ കാറ്റാടിപ്പാടങ്ങൾ പ്രവർത്തനക്ഷമമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഏകദേശം നാല് വർഷത്തിനുള്ളിൽ വിൻഡ്‌റണ്ണർ നിർമ്മിക്കുകയും പരീക്ഷിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ലോകത്തിലെ വലിയ വിമാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ അവയിൽ പ്രധാനിയാണ് എയര്‍ബസ് A380. ഇക്കണോമി, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസ് കോണ്‍ഫിഗറേഷനുകളാണ് A380 ഫ്‌ലൈറ്റുകളിലുള്ളത്. ഈ വിമാനത്തിന് ബോയിംഗ് 777 വിമാനത്തേക്കാള്‍ 45% കൂടുതല്‍ സീറ്റിംഗ് ശേഷിയുണ്ട്. കൂടുതല്‍ ലെഗ് റൂമും സൗകര്യം നല്‍കുന്നതിനാല്‍ യാത്രക്കാര്‍ ഈ വിമാനം ഇഷ്ടപ്പെടുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിന് 72.7 മീറ്റര്‍ നീളവും രണ്ട് നിലകളുമുണ്ട്. ഈ വിമാനത്തിന്റെ ഭാരം 510 മുതല്‍ 575 ടണ്‍ വരെയാണ്. 24.1 മീറ്ററാണ് ഈ വിമാനത്തിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനങ്ങളില്‍ ഒന്നും കൂടിയാണിത്. വിമാനത്തിലെ സാങ്കേതിക വിദ്യയെ കുറിച്ച് പറയുമ്പോള്‍ പൈലറ്റിന് പേപ്പര്‍ ഡോക്യുമെന്റിന് പകരം ഇലക്ട്രോണിക് ലൈബ്രറിയാണ് നല്‍കിയിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുന്നു.
എഞ്ചിന്‍ അലയന്‍സ് GP7200, റോള്‍സ് റോയ്സ് ട്രെന്റ് 900 എന്നിങ്ങനെ ഈ വിമാനത്തില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം, ആധുനിക വിംഗ്‌സും ലാന്‍ഡിംഗ് ഗിയര്‍ ഡിസൈനും നല്‍കിയിട്ടുണ്ട്. ഇത് മറ്റ് വലിയ വിമാനങ്ങളെ അപേക്ഷിച്ച് ശബ്ദം കുറക്കുന്നു. ഇക്കാരണത്താല്‍ ലോകമെമ്പാടുമുള്ള നിരവധി വിമാനത്താവളങ്ങളുടെ ശബ്ദ നിയന്ത്രണത്തിന്റെ പ്രാദേശിക നിയമങ്ങള്‍ പാലിക്കാന്‍ ഇതിന് കഴിയും.
ഒരു സാധാരണ എയര്‍ബസ് A380 ന് ഒരേസമയം 500 യാത്രക്കാരെ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സാധിക്കും. ഈ വിമാനം നിലവിലുള്ള എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിന് അനുസൃതമാണ്. അതിനാല്‍ യാത്രക്കാരുടെ പ്രവര്‍ത്തനവും സേവനവും എളുപ്പമാകും. ബോര്‍ഡിംഗും ഡീബോര്‍ഡിംഗും കുറച്ച് സമയം കൊണ്ട് പൂര്‍ത്തിയാകുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ ആധുനിക സാങ്കേതികവിദ്യ ക്യാബിനില്‍ ഉപയോഗിച്ചിട്ടുണ്ട്.


Click it and Unblock the Notifications








